Attack on Tiger Hills, Kargil (Part 2)


സാധാരണ ഗതിയിൽ ഒരു യുദ്ധത്തിൽ 3:1 എന്ന അനുപാതമാണ് ശത്രുക്കൾക്കു നേരെ ഉപയോഗിക്കുന്നത്. അതായതു 100 ശത്രുക്കളെ തുരത്താൻ 300 പേരെ അയയ്ക്കുക. എന്നാൽ കാർഗിൽ ഭാഗത്തെ ഭൂമിയുടെ പ്രത്യേകത കാരണം ഇന്ത്യൻ പട്ടാള മേധാവി ശ്രീ. വേദ പ്രകാശ് മാലിക് 6:1 എന്ന അനുപാതമാണ് ഉപയോഗിച്ചത്. മാത്രമല്ല, പല പ്രധാന കൊടുമുടികൾ കയ്യടക്കുവാൻ 10:1  വരെയും ഇന്ത്യ ഉപയോഗിച്ചിരുന്നു. അതിനാൽ സൈനികരുടെ വലിയൊരു നിരയെ  തന്നെ അദ്ദേഹം വിന്യസിച്ചു.

പാകിസ്ഥാൻ സൈന്യം ഏതൊക്കെ കൊടുമുടികൾക്കു മുകളിൽ ആണെന്നോ, അവരുടെ അംഗസംഖ്യ എത്ര വരുമെന്നോ അവരുടെ കയ്യിലുള്ള ആയുധങ്ങളുടെ ശേഷി എത്രയാണെന്നോ ഒന്നും ഇന്ത്യൻ സൈന്യത്തിന് ഒരു ഊഹവും ഇല്ലായിരുന്നു. പിന്നീട് ഇന്ത്യൻ വായുസേനയുടെ സഹായത്തോടെ നടത്തിയ വാന നിരീക്ഷണത്തിലാണ് കടന്നു കയറ്റത്തിന്റെ നല്ലൊരു ചിത്രം ഇന്ത്യയ്ക്ക് ലഭിച്ചത്.

 യുദ്ധത്തിന്റെ തുടക്ക നാളുകളിൽ ഇന്ത്യയുടെ അവസ്ഥ തികച്ചും പരിതാപകരമായിരുന്നു. ഉയർന്ന മലമടക്കുകളിൽ ശരീരം അന്തരീക്ഷത്തിനു പാകത്തിൽ സജ്ജമാക്കാൻ തന്നെ പല സൈനികർക്കും  സമയം കിട്ടിയില്ല. ഏകദേശം 30 കിലോയോളം ഭാരം ചുമലിൽ കയറ്റി, 50-60 ഡിഗ്രി കുത്തനെയുള്ള കയറ്റം കയറുമ്പോൾ, ശത്രുക്കൾ മലയ്ക്ക് മുകളിൽ കൂറ്റൻ കല്ലുകൾക്കിടയിൽ എവിടെയാണ് പോലും അറിയാത്ത അവസ്ഥയിലായിരുന്നു ഇന്ത്യൻ സേന.

മറുവശത്തു പാകിസ്ഥാന്, ഉയർന്ന ഭൂവിഭാഗത്തിൽ ഇരിക്കുന്നതിന്റെ എല്ലാ വിധ ഗുണങ്ങളും ഉണ്ടായിരുന്നു. വളരെ പതുക്കെ കയറ്റം കയറി വരുന്ന തങ്ങളുടെ ശത്രുക്കൾക്കു നേരെ സാവധാനത്തിൽ കൃത്യതയോടെ നിറയൊഴിക്കാൻ സാധിക്കുമായിരുന്നു അവർക്ക്.

പക്ഷെ, പതിയെ ഇന്ത്യൻ സേന താളം കണ്ടെത്തി. വായുസേനയുടെയും, ബോഫേഴ്സ് തോക്കുകളുടെയും സഹായത്തോടെ പലയിടത്തു നിന്നും പാകിസ്ഥാൻ പട്ടാളത്തെ തുരത്തിയോടിച്ചു അവിടെ ഇന്ത്യൻ വിജയക്കൊടി നാട്ടി.




പല മലകളും ഇന്ത്യയ്ക്ക് തിരിച്ചു ലഭിച്ചപ്പോൾ അത്യന്തം പ്രധാനമായ ഒരു കൊടുമുടി മാത്രം ഇന്ത്യയ്ക്ക് മുന്നിൽ വഴങ്ങാതെ നിന്നു- പോയിന്റ് 5062 അഥവാ ടൈഗർ ഹിൽസ്..


16 ആം വയസ്സിൽ ഇന്ററിനു പഠിക്കുമ്പോഴാണ് ശ്രീ.യോഗീന്ദർ സിംഗ് യാദവ് ആർമിയിൽ ചേരുന്നത്. 1999 മെയ് മാസം 5 ആം തിയ്യതി, തന്റെ 19 ആം വയസ്സിൽ അദ്ദേഹം വിവാഹിതനായി. വെറും 20 ദിവസത്തെ അവധിക്കു പോയ അദ്ദേഹത്തിന് അത്ര ദിവസം പോലും വീട്ടിൽ നിൽക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. യുദ്ധം പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ അവധി വെട്ടിക്കുറച്ചു ജോലിക്കു കയറാൻ ഉത്തരവ് വന്നു.  വിവാഹത്തിന് വീട്ടിലേക്കു പോകുമ്പോൾ അദ്ദേഹത്തിന്റെ റെജിമെൻറ് ആയ 18 ഗ്രെനേഡിയർ ജമ്മുവിൽ ആയിരുന്നു. തിരിച്ചു അവിടെയെത്തിയപ്പോഴേക്കും റെജിമെൻറ് ടൈഗർ ഹിൽസ് ഉൾപ്പെടുന്ന ദ്രാസ് ഭാഗത്തേക്ക് നീങ്ങി കഴിഞ്ഞിരുന്നു.

തന്റെ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാനുള്ള ഭാഗ്യം തനിക്കു ലഭിച്ചെന്ന ഉത്സാഹത്തിൽ അവിടെയെത്തിയ ശ്രീ.യാദവ് ആദ്യം കണ്ടത് റെജിമെന്റിൽ  ഒപ്പം ഉണ്ടായിരുന്ന തന്റെ ഉറ്റ ചങ്ങാതിയുടെ ചേതനയറ്റ ശരീരമാണ്. തോളോലിങ് പിടിച്ചെടുക്കാനുള്ള യുദ്ധത്തിൽ  തലയ്ക്കു വെടിയേറ്റാണ് അദ്ദേഹം വീരമരണം വരിച്ചത്. തന്റെ സുഹൃത്തിന്റെ മരണത്തിനു കാരണമായവരെ എന്ത് വില കൊടുത്തും തുരത്തണമെന്ന വാശി അപ്പോഴേക്കും എല്ലാവരുടെയും മനസ്സിൽ വന്നു.
ദ്രാസ്സിൽ എത്തിയ ശ്രീ.യാദവിന്‌ ആദ്യം കിട്ടിയ ജോലി തോലൊളിങ് പിടിച്ചടക്കാൻ പാതി വഴിയിൽ എത്തിയ മറ്റു ജവാന്മാർക്ക് ഭക്ഷണവും വെടിയുണ്ടകളും മറ്റും എത്തിച്ചു കൊടുക്കേണ്ട ജോലിയായിരുന്നു. രാവിലെ 5:30 നു തുടങ്ങിയ നടത്തം അവിടെയെത്തുന്നത് രാത്രി 2:30 നു. ഏകദേശം 21 മണിക്കൂർ നീണ്ട യാത്ര, അതും പാകിസ്ഥാൻ സൈന്യം നടത്തുന്ന വെടിവെപ്പിനിടയിൽ കൂടി. ഏകദേശം 22 ദിവസം ശ്രീ.യാദവ് ഇങ്ങനെ ജോലി എടുത്തു. അതോടെ ശാരീരിക ക്ഷമതയ്ക്കും, മാനസിക ബലത്തിനും പേര് കേട്ട ആളായി മാറി ശ്രീ.യാദവ്.

അങ്ങനെ ജൂൺ 12 നു 25 ധീരജവാന്മാരുടെ ചോര കൊണ്ട് ഇന്ത്യ തോലൊളിങ് മല പിടിച്ചെടുത്തു.



അതിനു ശേഷം ടൈഗർ ഹിൽസ് പിടിച്ചടക്കുവാനുള്ള ഉത്തരവ് 18 ഗ്രെനേഡിയർ-നു ലഭിച്ചു.

to be continued...


ഒന്നാം ഭാഗത്തേക്ക് പോകുവാൻ ഇവിടെ click ചെയ്യുക..

മൂന്നാം ഭാഗത്തേക്ക് പോകുവാൻ ഇവിടെ click ചെയ്യുക..





Comments

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം