To Shiruvani-A hidden treasure of Palakkad

നമ്മുടെ കേരളത്തില്‍ വിനോദസഞ്ചാരത്തിന് ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയ അനവധി സ്ഥലങ്ങളുണ്ട്. മൂന്നാര്‍, വാഗമണ്‍, ആലപ്പുഴ, കോവളം എന്നിങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍ കേരളത്തിലെ ഓരോ ജില്ലയിലും മറ്റാരും അറിയപ്പെടാതെ പോകുന്ന സ്ഥലങ്ങളും ഉണ്ട്. ആ സ്ഥലങ്ങള്‍ ആ ജില്ലയില്‍ മാത്രം ഉള്ളവരുടെ സ്വകാര്യ സ്വത്തായി നില കൊള്ളുന്നു. എന്‍റെ ഈ യാത്രയും അത്തരത്തിലുള്ള ഒരു സ്ഥലത്തേക്കായിരുന്നു. പാലക്കാട്‌ ജില്ലയില്‍ സഹ്യന്‍റെ മടിത്തട്ടില്‍ തമിഴ്നാട് സംസ്ഥാനത്തോട് ചേര്‍ന്നു, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിരുവാണി ഡാം.

ശിരുവാണി ഡാം എന്നത് ഒരു പക്ഷെ ആളുകള്‍ കേട്ടിരിക്കാം. പക്ഷെ അവിടുത്തെ വിനോദത്തിനുള്ള സാധ്യത ഒരു പക്ഷെ ജനങ്ങള്‍ക്ക്‌ അറിവുണ്ടായിരിക്കില്ല. ഇവിടുത്തെ വിനോദം എന്ന് പറയുന്നതു ഡാം സന്ദര്‍ശനവും കാട്ടിലേക്കുള്ള സവാരിയുമാണ്. ഫോണില്‍ കൂടെയോ ഇ-മെയില്‍ വഴിയോ DFO-ല്‍ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്) മുന്‍‌കൂര്‍ ആയി ബുക്ക്‌ ചെയ്താല്‍ മാത്രമേ വനത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ (Ph:04924 207042, siruvaniecotourism@gmail.com). ഒരു ദിവസം പരമാവധി 100 പേര്‍ക്കാണ് അനുമതി ലഭിക്കുക. രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയാണ് സന്ദര്‍ശന സമയം.

ഞാന്‍ ഇതിനു മുമ്പ് വനസവാരി നടത്തിയിട്ടുള്ള പറമ്പിക്കുളം, ബന്നാര്‍ഘട്ട, ബന്ദിപൂര്‍ എന്നീ വനങ്ങളെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്. മറ്റു വനങ്ങളില്‍ വനപാലകരുടെ അടച്ചുറപ്പുള്ള വണ്ടികളില്‍ ആണ് നമ്മുടെ യാത്രയെങ്കില്‍ ഇവിടെ നമ്മുടെ സ്വന്തം വണ്ടിയിലാണ്. അതുകൊണ്ട് തന്നെ അപകട സാധ്യതയും സാഹസികതയും വളരെ കൂടുതലാണ്. അന്ന് ചെയ്ത യാത്രകളിലൊക്കെ മാന്‍, കുരങ്ങന്‍ മുതലായ മൃഗങ്ങളെ മാത്രമേ കാണാന്‍ പറ്റിയിരുന്നുള്ളൂ. പക്ഷെ ഈ യാത്രയില്‍ ഞങ്ങളെ കാത്തിരുന്നത് കാട്ടില്‍ കണ്ടുകിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വന്യമൃഗങ്ങള്‍ തന്നെയായിരുന്നു.

പാലക്കാട്-കോഴിക്കോട് ഹൈവേയില്‍ മണ്ണാര്‍ക്കാട് എന്ന സ്ഥലത്തു നിന്ന് ഏകദേശം 10കി.മി പാലക്കാട് ഭാഗത്തേക്ക്‌ യാത്ര ചെയ്ത്, ചിറക്കല്‍പടി എന്ന സ്ഥലത്തു നിന്നും തിരിഞ്ഞു, പാലക്കയം വഴി 18 കി.മി ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാം എത്തും. പാലക്കാട്‌ ടൌണില്‍ നിന്ന് 46 കി.മി ദൂരമുണ്ട് ഡാമിലേക്ക്. ഹൈവേയില്‍ നിന്ന് തിരിഞ്ഞ് കഴിഞ്ഞാല്‍ തന്നെ കയറ്റവും ഹെയര്‍പിന്‍ വളവുകളും ആരംഭിക്കുന്നു. ഡാം എത്തുന്നതിനു 8 കി.മി മുന്‍പിലായി ഇഞ്ചിക്കുന്ന് എന്ന സ്ഥലത്ത് ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ചെക്ക്പോസ്റ്റ് വരെ ആള്‍താമസം ഉള്ള സ്ഥലത്തു കൂടിയാണ് യാത്ര. റോഡിനു ഇരുവശവും അവര്‍ക്ക് സ്വന്തമായി കൃഷിസ്ഥലവും ഉണ്ട്. മുഖ്യ കൃഷി റബ്ബര്‍ ആണ്. കൂടാതെ വാഴ, കപ്പ, ചേമ്പ്, ഇഞ്ചി മുതലായവയും ഉണ്ട്.


ഇഞ്ചിക്കുന്ന് ചെക്ക്പോസ്റ്റില്‍ നാം നമ്മുടെ പേരും മറ്റു വിവരങ്ങളും വനപാലകരുടെ രജിസ്റ്ററില്‍ എഴുതുകയും, ഏതെങ്കിലും ഒരു യാത്രികന്‍റെ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും ഹാജരാക്കുകയും വേണം. ഒരു വണ്ടിക്കു 500 രൂപയും, ഒരു ഗൈഡിന് (ഒരു വണ്ടിക്കു ഒരു ഗൈഡ് എന്നാണു നിയമം) 350 രൂപയും, സന്ദര്‍ശകര്‍ ആളൊന്നുക്ക് 30 രൂപയും അവിടെ പണമടക്കണം. അവിടുന്ന് നമ്മുടെ വണ്ടിയില്‍ ഒരു ഗൈഡും കയറും. ഞങ്ങളുടെ ഗൈഡിന്‍റെ പേര് സുരേഷ് എന്നായിരുന്നു. ഇവിടുന്നങ്ങോട്ട് ആള്‍താമസം തീരെയില്ല. 



കൊടും കാട് മാത്രം. ഏകദേശം 4 കി.മി പോയാല്‍ ശിങ്കപ്പാറ എന്ന സ്ഥലത്ത് അടുത്ത ചെക്ക്പോസ്റ്റ് എത്തി. പണ്ട് ഈ ചെക്ക്പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സമീപകാലത്താണ് താഴെയുള്ള ചെക്ക്പോസ്റ്റ് നിര്‍മ്മിച്ചത്. പണ്ട് 8 പേര്‍ക്ക് കയറാവുന്ന ഒരു വണ്ടിയില്‍ സന്ദര്‍ശകരെ കയറ്റി ഡാമും പരിസരവും കാണിച്ചു തിരികെ ഈ ചെക്ക്പോസ്റ്റില്‍ ഇറക്കി വിടുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ വനംവകുപ്പ് ആ രീതി ഉപേക്ഷിച്ചത്രേ. ഇപ്പോള്‍ ഈ ചെക്ക്പോസ്റ്റില്‍ പരിശോധനകളൊന്നും കണ്ടില്ല. 

അവിടുന്നങ്ങോട്ട് 4 കി.മി കൂടെ യാത്ര ചെയ്താല്‍ ശിരുവാണി ഡാം എത്തി.


ഈ ഡാമിന്‍റെ നിര്‍മാണത്തെ പറ്റി ഒരു ചരിത്രം ഉണ്ട്. 1915-ല്‍ തന്നെ ഈ ഡാം ഉണ്ടാക്കാനുള്ള പദ്ധതി ഉണ്ടായിരുന്നു. പക്ഷെ “ബോലുവാംപട്ടി, അലന്‍ദുരി” എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ തങ്ങള്‍ക്കു ഈ ഡാം അപകടമായേക്കും എന്ന് ഭയന്ന് ഇതിനെ എതിര്‍ത്തു. അവരെ പറഞ്ഞു മനസ്സിലാക്കി ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങിയത് 1927-ല്‍ ആണ്. പക്ഷെ ഭൂമിയുടെ കിടപ്പും വന്യമൃഗങ്ങളുടെ ശല്യവും ഡാം നിര്‍മ്മാണത്തിന് ഒരു കനത്ത വെല്ലുവിളി ആയിരുന്നു. തൊഴിലാളികളെ ഇരുട്ടുപാളം എന്ന സ്ഥലത്തു താമസിപ്പിച്ചാണ് ഡാം നിര്‍മ്മാണം നടത്തിയത്. ഡാമിന്‍റെ പണിക്ക്  അവര്‍ കുതിരപ്പുറത്തു പോവുമ്പോള്‍ തോക്കേന്തിയ സെക്യൂരിറ്റിക്കാരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. വെറും 23 അടി മാത്രം ഉയരമുള്ള ഡാം അന്ന് ഉണ്ടാക്കിയത് 2,17,725 രൂപക്കാണ്. പിന്നീട് 1973ല്‍ കേരള-തമിഴ്നാട് ഗവണ്മെന്റ് തമ്മിലുള്ള ധാരണ പ്രകാരം ആണ് ഡാം ഇപ്രകാരം പണി കഴിപ്പിച്ചത്. ഇന്നിതിന്‍റെ ഉയരം 57 മീറ്റര്‍ ആണ്. നീളം 224 മീറ്ററും. ചെറുതും വലുതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 1984 വരെയും തുടര്‍ന്നിരുന്നു.  

    
കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാമിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്നാട് ആണ്. കോയമ്പത്തൂര്‍ പട്ടണം കുടിവെള്ള ക്ഷാമം എന്തെന്നറിയാത്തതും ഈ ഡാം ഉള്ളതു കൊണ്ടാണ്. അതു കൊണ്ട് തന്നെ ഈ ഡാം അന്ന് പണി കഴിപ്പിച്ചത് തമിഴ്നാട് സര്‍ക്കാരിന്‍റെ ചിലവില്‍ ആണ്, കേരളത്തിന്‍റെ മേല്‍നോട്ടത്തില്‍. ഡാമില്‍ നിന്ന് വലിയ തുരങ്കങ്ങള്‍ വഴി ആണ് കോയമ്പത്തൂരിലേക്ക് വെള്ളം എത്തിക്കുന്നത്. സാധാരണ ഡാമുകളെ അപേക്ഷിച്ച് ഈ ഡാമിന് നീളം കുറവാണ്. ഷട്ടറുകളും ഇല്ല. വെള്ളം ഒരു പരിധിയില്‍ കൂടിയാല്‍ അപ്പുറത്തേക്ക് ഒഴുകി പോകുന്ന രീതിയിലാണ് നിര്‍മ്മാണം. ഈ വെള്ളം അട്ടപ്പാടിയില്‍ വച്ച് ഭവാനി പുഴയില്‍ ചേരും. ഇവിടെ നിന്ന് നോക്കിയാല്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന ഡാമിന്‍റെ ഭംഗി ആസ്വദിക്കുവാന്‍ കഴിയില്ല. അതിനു ഡാമിന് അപ്പുറത്തേക്ക് കടക്കണം. പക്ഷെ ഡാമിന് മുകളിലൂടെയുള്ള യാത്ര നിരോധിച്ചതിനാല്‍ അപ്പുറത്ത് എത്തണമെങ്കില്‍ കാറില്‍ തന്നെ പോകണം. ഏകദേശം 15 മിനിറ്റ് അവിടെ ചിലവഴിച്ചു ഞങ്ങള്‍ കാറില്‍ കയറി.

കാര്‍ മുന്നോട്ടെടുത്തു ഒട്ടും വൈകാതെ ഞങ്ങള്‍ ആ കാഴ്ച കണ്ടു. ഏകദേശം 20 അടി മുന്നില്‍ കൂടെ ഒരു പുലി ഞങ്ങളുടെ മുന്നിലേക്ക്‌ ചാടി. പക്ഷെ കാര്‍ കണ്ടതും അത് റോഡിലൂടെ മുന്നിലേക്ക്‌ ഏകദേശം 4-5 അടി ഓടി ഒരു വിടവില്‍ കൂടെ കാട്ടിലേക്ക് ഓടി മറഞ്ഞു. ഒരു ഫോട്ടോ എടുക്കാനുള്ള സാവകാശം പോലും കിട്ടിയില്ല. കാറിന്‍റെ ചില്ല് ഒരു സുരക്ഷയ്ക്ക് വേണ്ടി കയറ്റി കുറെ നേരം കാട്ടിലേക്ക് പുലിയെ നോക്കി നിന്നെങ്കിലും അതിനി ആ വഴി വരില്ല എന്നായിരുന്നു സുരേഷിന്‍റെ അഭിപ്രായം. അദ്ദേഹത്തിന് പോലും പുലി ആദ്യത്തെ അനുഭവം ആയിരുന്നു. ഞങ്ങള്‍ വന്ന സമയം രാവിലെ നേരത്തെ ആയതു കൊണ്ടാണ് പുലിയെ കാണാന്‍ കഴിഞ്ഞതെന്നും സുരേഷ് പറഞ്ഞു. ഇത്രയും ദുര്‍ലഭമായ ഒരു കാഴ്ച കണ്ടിട്ടു അത് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ കാര്‍ വീണ്ടും മുന്നോട്ടെടുത്തു.

നേരെ കണ്ട ഹെയര്‍പിന്‍ വളവു തിരിഞ്ഞു കഴിഞ്ഞപ്പോള്‍ അടുത്ത അത്ഭുതം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു: ഉദ്ദേശം 50 മീറ്റര്‍ ദൂരെ ഒരു കാട്ടുപോത്ത് ഞങ്ങളുടെ വഴി മുടക്കി നില്‍ക്കുന്നു. ഏകദേശം 6 അടിക്കു മുകളില്‍ ഉയരം ഉണ്ട് അതിന്. ഒട്ടും സംശയിക്കാതെ ഞാന്‍ കാര്‍ പിന്നോട്ടെടുത്തു വളവിന്‍റെ മുനമ്പില്‍ കൊണ്ട് ചെന്നു നിര്‍ത്തി, ഏതു ഭാഗത്തേക്കും എടുക്കാന്‍ പാകത്തില്‍. കാറിന്‍റെ നിറം ചുവപ്പ് ആയതും, ഇടയ്ക്കു ആ മൃഗം മുന്നോട്ട് ഓടാന്‍ പാകത്തില്‍ തല കുനിച്ചു നിന്നതും മനസ്സില്‍ വല്ലാതെ ഭീതി പടര്‍ത്തി. പക്ഷെ അത് അനങ്ങാതെ അവിടെ തന്നെ കുറെ നേരം നിന്നു. റോഡിനു ഒരു വശം കയറ്റവും മറ്റേ വശം ഇറക്കവും ആയതിനാല്‍ കാട്ടുപോത്തിന് റോഡിലൂടെ മാത്രമേ നടക്കാന്‍ കഴിയുമായിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞപ്പോള്‍ അതു കുറച്ചു മുന്നോട്ടു വന്ന് ഒരു ചെറിയ കുറ്റികാടിനുള്ളിലേക്ക് കയറി. കുറച്ചു നേരം കൂടെ അതിന്‍റെ അനക്കം നിരീക്ഷിച്ചു നിന്ന് ഞാന്‍ സുരേഷിന്‍റെ നിര്‍ദേശപ്രകാരം കാര്‍ അതിവേഗം മുന്നോട്ടെടുത്തു. പക്ഷെ എന്നിട്ടും അത് അനങ്ങിയതേ ഇല്ല.


അല്പം കൂടെ മുന്നോട്ടു പോയപ്പോള്‍ ഞങ്ങള്‍ ഡാമിന്‍റെ മറുവശത്ത് എത്തി. ഡാം നിശ്ചലമായി നില കൊള്ളുന്ന വളരെ സുന്ദരമായ ഒരു ദൃശ്യമായിരുന്നു ഞങ്ങളെ വരവേറ്റത്. വെള്ളം ഡാമില്‍ പരമാവധി നിറയുന്നതിന്‍റെ തൊട്ടു മുകളില്‍ വച്ചു തന്നെ കൊടും കാട് ആരംഭിക്കുന്നു. ഏറ്റവും പുറകിലുള്ള ഉയരും കൂടിയ മലനിരയുടെ മുകള്‍ഭാഗം കോടമഞ്ഞ്‌ കൊണ്ട് മൂടിയിരിക്കുകയാണ്. അനേകം വെള്ളച്ചാട്ടങ്ങള്‍ മലകളില്‍ കാണാമെങ്കിലും അവയില്‍ പലതും തീരെ വെള്ളമില്ലാത്ത അവസ്ഥയിലാണ്. ഡാമിലേക്കുള്ള വെള്ളം കൂടുതലും വരുന്നത് മുത്തിക്കുളം വെള്ളച്ചാട്ടത്തില്‍ നിന്നാണ്. വേനല്‍കാലത്ത്‌ പോലും അതില്‍ വെള്ളം ഉണ്ടാവുമത്രേ. മുത്തിക്കുളം വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് 2 ദിവസത്തെ പരിപാടിയാണ്. 8 കി.മി ഒരു വശത്തേക്ക് നടക്കണം. മണ്ണാര്‍ക്കാട് ഉള്ള DFO തന്നെയാണ് ഇതിനുള്ള അനുമതി തരേണ്ടത്‌. ശിരുവാണി ഡാം സന്ദര്‍ശിക്കുവാനുള്ള ഏറ്റവും നല്ല സമയം മഴക്കാലം ആണ്. വെള്ളച്ചാട്ടങ്ങളില്‍ വെള്ളത്തിന്‍റെ അളവും, കോടമഞ്ഞും അത് വഴി തണുപ്പും കൂടുതലായിരിക്കും.



കുറച്ചു സമയം അവിടെ ചിലവഴിച്ചു ഞങ്ങള്‍ വീണ്ടും കൊടും കാട്ടിലൂടെ യാത്ര തുടര്‍ന്നു. റോഡ്‌ ടാര്‍ ചെയ്തു കുറെയൊക്കെ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. വഴിയില്‍ മുഴുവന്‍ ആനപിണ്ഡം കിടക്കുന്നുണ്ടായിരുന്നു. വളവുകളില്‍ ആനകളെ സൂക്ഷിക്കണമെന്ന് ഗൈഡ് പറഞ്ഞത് മാനസിക പിരിമുറുക്കം വല്ലാതെ വര്‍ധിപ്പിച്ചു. പല സ്ഥലങ്ങളിലും ഏകദേശം ഒരാള്‍ക്ക് നീളമുള്ള പുല്ലുകള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നുണ്ട്. അവ വണ്ടി ഓടിക്കുന്നതിനും കാഴ്ചക്കും തടസ്സമായി പല സ്ഥലങ്ങളിലും നിന്നിരുന്നു. ഇവയെല്ലാം വനംവകുപ്പുകാര്‍ വെട്ടാത്തതെന്ത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു സുരേഷിന്‍റെ മറുപടി.



ഒരിക്കല്‍ കാട്ടിനകത്തേക്കുള്ള ട്രക്കിംഗ് വനം വകുപ്പ് തുടങ്ങിയതാണ്‌. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഒരു ക്യാമ്പും പണിതു. പക്ഷെ ആദ്യ താമസക്കാര്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ ക്യാമ്പിനു ചുറ്റും ആനക്കൂട്ടം. അതോടെ വനംവകുപ്പുകാര്‍ ട്രക്കിംഗ് എന്നന്നേക്കുമായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്.


കുറച്ചു കൂടി മുന്നോട്ടു പോയാല്‍ പണ്ട് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഒരു ബംഗ്ലാവ് ഉണ്ട്. “പട്യാര്‍ ബംഗ്ലാവ്” എന്നു പേര്. റോഡില്‍ നിന്ന് തിരിഞ്ഞു കുറച്ചു കാടിനുള്ളിലൂടെ ഉള്ളിലോട്ടു പോയാല്‍ ഡാം മുഴുവന്‍ കാണാന്‍ പറ്റുന്ന രീതിയിലാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷെ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ കുറച്ചു VVIP-കള്‍ ഉള്ളതിനാല്‍ ബംഗ്ലാവ് കാണാന്‍ പോലും സാധിച്ചില്ല. സാധാരണ യാത്രികര്‍ക്കും ബംഗ്ലാവ് വാടകയ്ക്ക് ലഭിക്കും. 2 റൂമുകളുള്ള ബംഗ്ലാവില്‍ 1 റൂമിന് 1500 രൂപയാണ് ചാര്‍ജ്. ഒരു റൂമില്‍ 4 പേര്‍ക്ക് താമസിക്കാം. പക്ഷെ അതിനു മുന്‍‌കൂര്‍ ആയി പാലക്കാട്‌ അടുത്തുള്ള ഒലവക്കോട് എന്ന സ്ഥലത്തു നിന്നോ തിരുവനന്തപുരത്ത് നിന്നോ നേരിട്ട് ചെന്നു അനുമതി വാങ്ങണം.
ഏകദേശം 4കി.മി കൂടി ചെന്നപ്പോള്‍ കേരള-തമിഴ്നാട് അതിര്‍ത്തി ആയി. കേരളമേട്‌ എന്നാണ് സ്ഥലത്തിന്‍റെ പേര്. അതിര്‍ത്തിക്കു ഇരുവശവും ഓരോ ചെക്ക്പോസ്റ്റ് ഉണ്ട്. കേരളത്തിലെ ചെക്ക്പോസ്റ്റില്‍ 3 പേര്‍ താമസിക്കുന്നുണ്ടെങ്കില്‍ തമിഴ്നാട് ചെക്ക്പോസ്റ്റ് ഉണ്ടാക്കി വരുന്നതെയുള്ളു. മലകളില്‍ നിന്ന് ഒഴുകി വരുന്ന വെള്ളം പൈപ്പുകളില്‍ കൂടി ടാങ്കിലേക്ക് ശേഖരിച്ചാണ് വെള്ളപ്രശ്നം പരിഹരിച്ചിരിക്കുന്നത്. വൈദ്യുതിക്ക് സോളാര്‍ തന്നെ ശരണം. ആനകളും മറ്റു ജീവികളും രാത്രികാലങ്ങളില്‍ ചെക്ക്പോസ്റ്റ്നു അടുത്ത് വരുന്നത് പതിവാണത്രേ. തമിഴ്നാട് ചെക്ക്പോസ്ടിനു മുകളില്‍ കയറി നോക്കിയാല്‍ കോയമ്പത്തൂര്‍ പട്ടണം ഒരുവിധം നന്നായി കാണാം. ഞങ്ങള്‍ വന്ന വഴി നേരെ പോയാല്‍ ഏകദേശം 30കി.മി ദൂരമേയുള്ളൂ കോയമ്പത്തൂര്‍ പട്ടണത്തില്‍ എത്തിച്ചേരാനും.



3 ദിവസം മുമ്പ് ഈ ചെക്ക്പോസ്ടിനു അടുത്തുള്ള മലയില്‍ സുരേഷും കുറച്ചു വനം വകുപ്പ് ഉദ്യോഗസ്ഥരും കയറിയപ്പോള്‍ അവരെ ഒരു ആനക്കൂട്ടം ഓടിച്ചുവത്രെ. അത് കൊണ്ട് ആ മലക്ക് മുകളിലേക്കുള്ള നടപ്പ് ഞങ്ങള്‍ വേണ്ടെന്നു വച്ചു.

മടക്കത്തില്‍ പട്യാര്‍ ബംഗ്ലാവിനോട് ചേര്‍ന്നു ഒഴുകുന്ന ഒരു ചെറിയ ചോലയുടെ മുകളില്‍ കൂടെയുള്ള പാലത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തി. ഞങ്ങളുടെ ഇന്നത്തെ യാത്രയിലെ മൂന്നാമത്തെ അത്ഭുതം ഞങ്ങളെ അവിടെ കാത്തു കിടക്കുന്നുണ്ടായിരുന്നു. ഏകദേശം 10 അടി ദൂരെയായി, ചോലക്ക് തൊട്ടടുത്ത്‌ നിന്ന് വളര്‍ന്ന ഒരു മരത്തിന്‍റെ ഏറ്റവും മുകളില്‍, നമ്മുടെ കണ്ണിന്‍റെ അതേ ഉയരത്തില്‍ ഒരു രാജവെമ്പാല വെയില്‍ കാഞ്ഞു കിടക്കുന്നു. പേടിച്ചു ആദ്യം അവിടെ നിന്ന് ഓടിയെങ്കിലും പിന്നീട് ധൈര്യം സംഭരിച്ചു 2-3 ഫോട്ടോകള്‍ എടുത്തു. പല ഭാഗങ്ങളും ഇലകളില്‍ മറഞ്ഞു കിടക്കുന്നതിനാല്‍ അതിന്‍റെ നീളം നിര്‍ണ്ണയിക്കുവാന്‍ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അത് തല പൊക്കി ഞങ്ങളെയൊക്കെ ഒന്ന് നോക്കി വീണ്ടും അവിടെ തന്നെ കിടന്നു. 8 ആനകളെ വരെ കൊല്ലാന്‍ പാകത്തിനുള്ള വിഷം ആണ് രാജവെമ്പാല ഒരു കടിയിലൂടെ തന്‍റെ ശത്രുവിന്‍റെ ദേഹത്തേക്ക് കയറ്റുന്നത്. മാത്രമല്ല 4 അടി വരെ ഉയരത്തില്‍ അതിനു ഫണം ഉയര്‍ത്തി നില്‍ക്കാനുള്ള കഴിവും ഉണ്ട്. ഏതൊരു ശത്രുവും പേടിച്ചു പോകാന്‍ അത് തന്നെ ധാരാളം. അതിനാല്‍ ഞങ്ങളും അവിടെ കൂടുതല്‍ നേരം നിന്നില്ല.


ചെക്ക്പോസ്റ്റ് എത്തുന്നതിനു തൊട്ടു മുമ്പായി വളരെ ദൂരെ ഒരു ആദിവാസി കോളനി കണ്ടു. “മുടുക” ഗോത്രത്തില്‍ പെട്ടവരാണത്രെ അവിടെ താമസം. ഒരു കുടുംബത്തിനു 3.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പതിച്ചു കൊടുത്തിട്ടുണ്ട്‌. അവിടെ അവര്‍ കൃഷി ചെയ്തു ജീവിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യമൊന്നും അവര്‍ക്കില്ലത്രെ. ഞങ്ങളുടെ ഗൈഡും ആ കോളനിയിലെ ഒരു അംഗമാണ്‌. +2 വരെ ഇദ്ദേഹം പഠിച്ചത് അട്ടപ്പാടിയില്‍ ആണ്. ഇപ്പോള്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്നു.
ഇഞ്ചിക്കുന്ന് ചെക്ക്പോസ്ടിനു അടുത്തായി ഒരു ചോല ഒഴുകുന്നുണ്ട്. അവിടെ പോയിരുന്നു ഉച്ചഭക്ഷണം ആകാമെന്ന് വിചാരിച്ചെങ്കിലും അട്ടയുടെ ശല്യം കാരണം ആ പദ്ധതി ഉപേക്ഷിച്ചു. 


ഞങ്ങള്‍ പുലിയെയും രാജവെമ്പാലയെയും കണ്ടത് അവര്‍ക്കും അത്ഭുതമായെങ്കിലും കാട്ടുപോത്തിനെ കണ്ടത് പറഞ്ഞപ്പോള്‍ “അവനെ ഇടക്കൊക്കെ കാണാം, ഒരു ഉപദ്രവവും ഉണ്ടാക്കാത്തവനാണ്” എന്നായിരുന്നു പ്രതികരണം.

സുരേഷ് ഇവിടെ വച്ച് ഞങ്ങളോട് വിട പറഞ്ഞു. 3 മണിക്കൂര്‍ നേരത്തെ യാത്രക്കിടയില്‍ കണ്ട പുതിയ കുറെ കാഴ്ചകളും, ഓര്‍മകളും, അനുഭവങ്ങളും, പാ0ങ്ങളുമായി വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ഞങ്ങള്‍ക്ക് പുറകില്‍ ചെക്ക്പോസ്റ്റ് താഴുകയായിരുന്നു.

Comments

  1. ഋഷീ, നന്നായിട്ടുണ്ട് യാത്രകൾ തുടരൂ....

    ReplyDelete
  2. In spite of being in Palakkad for so long, never knew that this place is so beautiful...very informative... Rishi...and lovely photos

    ReplyDelete
    Replies
    1. Even we were unaware of the hidden danger in this area. Last time when we went, we even had a stroll through the very same road

      Delete
  3. Vaayichu tto.. Rishi.. Thanks to Dipu Elamkulam for sharing the blog post link...

    Iniyum ezhuthuka..ishtaayi

    ReplyDelete
  4. rishi chetta, nalla vivaranam. nannayi ezhuthiyittund

    ReplyDelete
    Replies
    1. Thanks for your post.. I had written a manali blog too. Pls read and write the opinion there too

      Delete
  5. Rishi,its too good and informative...

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം