ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ജൈസാല്‍മേര്‍ ജനങ്ങളുടെ ജീവിതരീതിയും ഗഡിസര്‍ തടാകവും..

മരുഭൂമി പോലുള്ള ഒരു പട്ടണം ആയതിനാല്‍ പണ്ടൊന്നും ഈ പ്രദേശത്ത് വെള്ളം ഉണ്ടായിരുന്നില്ല. ഇതിനൊരു പോംവഴി കണ്ടെത്തിയത് 14-ആം നൂറ്റാണ്ടില്‍ റാവല്‍ ഗഡിസിസര്‍ ആണ്. അദ്ദേഹം പട്ടണത്തിനു ഏകദേശം 2km പടിഞ്ഞാറ് മാറി മഴവെള്ള സംഭരിണിയായി ഒരു കൃത്രിമ തടാകം നിര്‍മ്മിച്ചു. ഗഡിസര്‍ എന്നാണ് ആ തടാകത്തിന്‍റെ പേര്. വെള്ളത്തിന്‍റെ ഏക ഉറവിടം ആയതിനാലും, ഒരു കാലത്ത് ജനം മുഴുവന്‍ ഈ തടാകത്തിനെ മാത്രമാണ് വെള്ളത്തിനു ആശ്രയിച്ചിരുന്നത് എന്നതിനാലും ഒരു ദൈവീക പരിവേഷമായിരുന്നു തടാകത്തിനു ഒരു കാലത്ത്. തടാകത്തിനു ചുറ്റും ഉള്ള കടവുകളും, അമ്പലങ്ങളും മറ്റും ഇതിനുള്ള ഒരു തെളിവാണ്. പല തരം ദേശാടന പക്ഷികളും ഈ തടാകത്തിന്‍റെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു.



ജൈസല്‍മേര്‍ നിവാസികളുടെ ഒരു ഉത്സവമാണ് ഗംഗൂര്‍. അന്ന് കോട്ടക്കുള്ളിലെ പാര്‍വതിയുടെ വിഗ്രഹം ഈ തടാകം വരെ കൊണ്ടു വന്നു തിരിച്ചു കൊണ്ടു പോകുന്നു. ആ ദിവസം ഉത്സവത്തില്‍ പങ്കെടുക്കാന്‍ ജൈസല്‍മേര്‍ റാവല്‍ അടക്കം ഇവിടേയ്ക്ക് ഇന്നും വന്നു ചേരുന്നു.

ഈ തടാകത്തിലേക്കുള്ള പ്രവേശനം തിലോന്‍ കവാടം (tilon-ki-pol) എന്ന ഒരു കവാടത്തിലൂടെ ആണ്. വളരെ രസകരമായ ഒരു കഥ ഈ കവാടത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നു.

റാവലിന് ഇങ്ങനൊരു കവാടം ഉണ്ടാക്കാന്‍ പദ്ധതി ഉണ്ടെന്നു മനസ്സിലാക്കി ഒരു സ്ത്രീ അദ്ദേഹത്തെ താന്‍ സാമ്പത്തികമായി സഹായിക്കാം എന്നു പറഞ്ഞു കൊണ്ട് സമീപിച്ചു. അവര്‍ തന്‍റെ ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു സ്ത്രീ ആയിരുന്നു. അതു കൊണ്ട് തന്നെ അവരില്‍ നിന്ന് കാശു വാങ്ങുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഈ രീതിയില്‍ ഉണ്ടാക്കിയ കാശു കൊണ്ട് പടുത്ത കമാനത്തിലൂടെ പുണ്യ തടാകത്തിലേക്ക് പോകുവാന്‍ അദ്ദേഹം മടിച്ചു. പക്ഷെ, റാവല്‍ സ്ഥലത്തില്ലാത്ത സമയം നോക്കി ഈ സ്ത്രീ അവിടെയൊരു കവാടം പണി കഴിപ്പിച്ചു. മാത്രമല്ല, റാവല്‍ അതു പൊളിച്ചു നീക്കാതിരിക്കാന്‍ അതിനു മുകളില്‍ ഒരു കൃഷ്ണ വിഗ്രഹവും സ്ഥാപിച്ചു. ഇന്നും ജനം തടാകം കാണുവാന്‍ വരുന്നത് ഈ കമാനത്തിനു താഴെ കൂടെ ആണ്.


ലേഖകന്‍ tilon-ki-pol നു മുന്നില്‍.





വളരെ കുറച്ചു മാത്രം ലഭിച്ചിരുന്നതിനാല്‍ ആ കാലത്ത്‌ ജനങ്ങൾ വെള്ളം ഉപയോഗിച്ചിരുന്നത് വളരെ സൂക്ഷിച്ചായിരുന്നു. മാസത്തിൽ ഒരിക്കൽ മാത്രമാണ് അന്ന് ആളുകൾ കുളിച്ചിരുന്നത്. സ്ത്രീകൾ തങ്ങളുടെ മാസമുറക്കു ശേഷം എന്നായിരുന്നു കണക്ക്. കുളിക്കുന്നതിനു ദിവസങ്ങള്‍ മുമ്പ് തന്നെ അവര്‍ ശരീരത്തില്‍ ഒരു തരം മണ്ണ് തേക്കും. ഒരു സ്ത്രീയെ ആ രൂപത്തില്‍ കണ്ടാല്‍ അവള്‍ “അശുദ്ധ” ആണെന്നാണ്. ആരും പിന്നെ ആ സ്ത്രീയെ സമീപിക്കില്ല.

ഒരേ വെള്ളം അവർ 4 തവണ ഉപയോഗിച്ചിരുന്നു. കുളിക്കുവാന്‍ ഉപയോഗിച്ച വെള്ളം അവര്‍ ശേഖരിച്ചു വയ്ക്കുന്നു. ഒരു ദിവസം കഴിഞ്ഞു വെള്ളവും മണ്ണും വേര്‍തിരിഞ്ഞാല്‍, അതേ വെള്ളം തുണി കഴുകാനും, അതു വീണ്ടും ശേഖരിച്ചു നിലം തുടക്കാനും,  ഏറ്റവും ഒടുവിൽ ചാണകം കൂട്ടി നിലം മെഴുകാനോ അല്ലെങ്കിൽ ശൗചാലയങ്ങളിലോ എന്നായിരുന്നു കണക്ക്.

മണ്ണ് കൃഷിക്ക് ഉപയോഗിക്കും, അല്ലെങ്കില്‍ ചാണകം, ഗോമൂത്രം, നെയ്യ്, വെണ്ണ തുടങ്ങിയവ ചേര്‍ത്തു വീടിന്‍റെ ഭിത്തിയിലോ, ചുവരിലോ, മച്ചിലോ തേക്കും. മണ്ണ് ചൂടിനേയും തണുപ്പിനെയും അധികം ഉള്ളിലേക്ക് കടത്തി വിടാതെ നോക്കുമ്പോള്‍, ചാണകവും ഗോമൂത്രവും മരത്തിന്‍റെ കേടു നശിപ്പിക്കുന്നു. നെയ്യും വെണ്ണയും വീടിനെ വെള്ളത്തില്‍ നിന്നും സംരക്ഷിക്കുന്നു.

കുളിക്കു ശേഷം അവർ ശരീരത്തിൽ perfume പൂശുന്നു. അന്നൊക്കെ അതിന്‍റെ മണം 20 ദിവസം വരെ നിൽക്കും എന്നാണ് പറയുന്നത്. അതു പോലെ നാട്ടിൽ അധികം ലഭിക്കാത്ത, പ്രത്യേകതയും ദുർലഭവുമായ മണങ്ങൾ അന്നത്തെ സമ്പന്നതയുടെ അളവുകോൽ ആയിരുന്നു.

വീടുപണികൾക്കും ഉണ്ടായിരുന്നു വളരെയധികം പ്രത്യേകത. കല്ലുകള്‍ കൊണ്ട് ചുമരും, മേല്‍ക്കൂര മരവും കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. വെള്ളമോ, ചുണ്ണാമ്പോ മറ്റോ തൊടാതെയുള്ള നിർമാണരീതി ആയിരുന്നു അന്നവരുടേത്. ഒരു കല്ലിൽ ദ്വാരവും, അടുത്ത കല്ലിൽ ഒരു പ്രോജെക്ഷനും ഉണ്ടാക്കി male-female സമ്പ്രദായത്തിൽ interlock ചെയ്തായിരുന്നു വീട് ഉണ്ടാക്കിയത്. അതിനു മുകളിൽ ലോഹം കൊണ്ടൊരു ക്ലിപ്പും ഇടും, ഏതാണ്ട് stapler ചെയ്യുന്ന പോലെ. ഇന്നു കുട്ടികള്‍ കളിക്കുന്ന 'lego building blocks'-നോട് ആണ് ഞങ്ങളുടെ ഗൈഡ് ഈ നിര്‍മ്മാണരീതിയെ ഉപമിച്ചത്. ഓരോ കല്ലും നമ്പരിട്ടു ഇളക്കി മാറ്റി, വേറെയെവിടെ കൊണ്ടു പോയി, അതു പോലെ കൂട്ടി വച്ചു വീടാക്കി മാറ്റാൻ ഇന്നും കഴിയും. ഇത്തരം കല്ലുകളിൽ കൊത്തുപണികൾ എളുപ്പം ചെയ്യാൻ കഴിയുമെന്നതു കൊണ്ടായിരിക്കണം, പല കെട്ടിടങ്ങളിലും വളരെ സങ്കീർണമായ പണികൾ ചെയ്തു വച്ചിട്ടുണ്ട്.







തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന ഈ പട്ടണത്തിലേക്ക് പഞ്ചാബിൽ നിന്നുള്ള 'ഇന്ദിരാഗാന്ധി കനാൽ' വന്നത് അവരുടെ ജീവിതത്തെ മാറ്റി മറിച്ചു. ഇപ്പോൾ ഇവിടെ 24 മണിക്കൂറും വെള്ളം ലഭ്യമാണ്.

                                                                                                 (തുടരും....)



<<< ഭാഗം 1                                                                                                                     ഭാഗം 3 >>>


Comments

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം