ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം-3) ജൈസല്‍മേര്‍ കോട്ട


ജൈസല്‍മേര്‍ അടക്കമുള്ള പ്രദേശത്തിന്‍റെ ആദ്യ പേര് “ദിയോരാജ്” എന്നായിരുന്നു. അവിടം  ഭരിച്ചിരുന്ന രാജവംശം “ഭട്ടി” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആ രാജവംശത്തിലെ ആറാമന്‍ ആയിരുന്നു “റാവല്‍ ദൂസാജ്”. അദ്ദേഹം ജൈസല്‍മേര്‍ പട്ടണത്തിനു 16km ദൂരേക്ക്‌ മാറി “ലുധര്‍വ്വ’ എന്ന സ്ഥലത്തു നിന്നായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹത്തിനു 2 മക്കള്‍ ഉണ്ടായി- ജൈസാല്‍, വിജയരാജ്. ഇതില്‍ ഇളയവനായ വിജയരാജിനെ ആയിരുന്നു റാവല്‍ തന്‍റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. ഭരണത്തില്‍ കയറിയ ഉടനെ തന്നെ വിജയരാജ് തന്‍റെ ജ്യേഷ്ഠന്‍ ജൈസാലിനെ ആ നാട്ടില്‍ നിന്ന് തുരത്തിയോടിച്ചു.

തന്‍റെ നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ജൈസാല്‍, ത്രികൂട പര്‍വതത്തിനു മുകളിലെത്തി. അവിടെ അദ്ദേഹം ഈസൂല്‍ എന്നു പേരുള്ള ഒരു ദിവ്യനെ കണ്ടു. അദ്ദേഹത്തില്‍ നിന്ന് താന്‍ അടങ്ങുന്ന തന്‍റെ കുടുംബം സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ തലമുറയില്‍ പെട്ടവരാണെന്നു അറിഞ്ഞു. മാത്രമല്ല, ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഭീമനുമൊത്ത് ഇവിടെ വന്നിട്ടുണ്ടെന്നും അന്നദ്ദേഹം ഭീമനോട് തന്‍റെ തലമുറയില്‍ പെട്ട ഒരു വ്യക്തി ഈ കുന്നിന്‍ മുകളില്‍ ഒരു കോട്ട പണിയുമെന്ന് പ്രവചിച്ചിട്ടുണ്ടെന്നും ജൈസാലിനെ ധരിപ്പിച്ചു. ഈ വിവരത്തില്‍ ഉത്തേജിതനായ ജൈസാല്‍ 1156-ല്‍ ആ കുന്നിന്‍ മുകളില്‍ മണ്ണു കൊണ്ടൊരു കോട്ട പണി കഴിപ്പിച്ചു.

ജൈസല്‍മേര്‍ കോട്ടയുടെയും, അതിനെ കേന്ദ്രീകരിച്ചു വളര്‍ന്ന പട്ടണത്തിന്‍റെയും കഥ ഇങ്ങനെ തുടങ്ങുന്നു..

സില്‍ക്ക് റൂട്ടിലെ വ്യാപാരികള്‍ക്കു ഒരു വിശ്രമകേന്ദ്രം എന്ന നിലയിലായിരുന്നു ഈ കോട്ടയുടെ ജനനം. പിന്നീട് തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം മറ്റേതു കോട്ടകളെയും പോലെ ഈ കോട്ടയും രൂപാന്തരപ്പെട്ടു. ആ പ്രദേശത്തെ ഒട്ടു മിക്ക കെട്ടിടങ്ങളേയും പോലെ sandstone കൊണ്ടാണ് കോട്ടയുടെയും നിര്‍മ്മാണം. സമാന നിറമുള്ള മരുഭൂമിയില്‍ ഈ കോട്ട ഒരു പരിധി വരെ, ഇത്ര വലുതാണെങ്കിലും, ശത്രുക്കളുടെ കണ്ണില്‍ പെട്ടിരുന്നില്ല എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കോട്ടയ്ക്കു യുദ്ധങ്ങളുടെ ഒരു നീണ്ട കഥ തന്നെ പറയാനുണ്ട്. 1276ൽ ഡൽഹി സുൽത്താൻ ഈ കോട്ട ഏകദേശം വർഷത്തെ യുദ്ധത്തിനൊടുവിൽ പിടിച്ചടക്കിപക്ഷെ കോട്ടക്കകത്തു അധികാരം സ്ഥാപിക്കാനൊന്നും അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ലഅതിനാൽ ഭരണം ഭട്ടികൾ തിരിച്ചു പിടിച്ചുഅടുത്ത ഊഴം അലാവുദീൻ ഖിൽജിയുടേത് ആയിരുന്നുപിന്നീട് മുഗൾ ഭരണകാലത്ത് ഹുമയൂൻ ചക്രവർത്തി വീണ്ടും ഈ കോട്ടയെ ആക്രമിച്ചുനിരന്തരമായ ആക്രമണങ്ങളിൽ മടുത്ത ജൈസാൽമേർ രാജാവ് ഹുമയൂണിന്‍റെ മകനായ അക്ബർ ചക്രവർത്തിയുമായി 1570ൽ ധാരണയിലെത്തിമുഗളന്മാരുടെ മേൽക്കോയ്മ അംഗീകരിച്ചു കൊണ്ടു കഴിഞ്ഞിരുന്ന കോട്ടയെ 1762ൽ ആണ് ബ്രിട്ടീഷ് സേന മോചിപ്പിക്കുന്നത്1818 ഡിസംബർ 18നു ഉണ്ടാക്കിയ കരാറു പ്രകാരം കോട്ട റാവലിന്‍റെ പക്കൽ തന്നെ നിന്നു, ഭാരതം സ്വതന്ത്രയാവുന്നത് വരെയും..


ഏകദേശം 250 അടി ഉയരമുള്ള പര്‍വതത്തിനു മുകളില്‍ പണി കഴിപ്പിച്ച ഈ കോട്ടയുടെ നീളം 1500 അടിയും, വീതി 750 അടിയുമാണ്. കോട്ടയുടെ സുരക്ഷാര്‍ത്ഥം ഉള്ളിന്‍റെ ഉള്ളിലേക്കായി 3 കോട്ടമതിലുകളാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ആകെ 99 കൊത്തളങ്ങള്‍ (കോട്ടമതിലില്‍ ‘C’ മാതൃകയില്‍ പണി കഴിപ്പിച്ച ഭാഗം)  ഉള്ളതില്‍ 92-ഉം 1633-47 കാലഘട്ടത്തില്‍ ഉണ്ടാക്കിയതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും മതിലുകളുടെ ഇടയില്‍ പെടുന്ന ശത്രുക്കളുടെ മുകളില്‍ തിളച്ച എണ്ണയും, വെള്ളവും, വലിയ ഉരുളന്‍ കല്ലുകളും പ്രയോഗിക്കുന്നത് ഈ കോട്ടയിലെ പടയാളികളുടെ പ്രധാന തന്ത്രമായിരുന്നു.





ഇന്നും ആള്‍താമസം ഉള്ളതിനാല്‍ ഈ കോട്ടയിലേക്ക്, കയറിച്ചെല്ലുവാന്‍ കാശ് കൊടുക്കേണ്ട. 4 കവാടങ്ങള്‍, യഥാക്രമം, അഖേയ് പോള്‍, സൂരജ് പോള്‍, ഗണേഷ് പോള്‍, ഹവാ പോള്‍ എന്നിവ കടന്നു നമ്മള്‍ ഒരു ചെറിയ മുറ്റത്തെത്തുന്നു. കോട്ടക്കകത്തെ കൊട്ടാരത്തിനു മുന്‍വശം കൂടിയാണ് ഇവിടം. ദസ്സറ ചൌക്ക് എന്നാണ് ഇതിന്‍റെ പേര്. ഇവിടെ നിന്ന് നാല് ദിക്കിലേക്കും ചെറിയ വഴികള്‍ ആണ്. ആളുകള്‍ താമസിക്കുന്ന വീടുകളിലേക്കും, ഹോട്ടലുകളിലേക്കും, കടകളിലേക്കും, ജൈന അമ്പലങ്ങളിലേക്കും ഇവ നമ്മെ നയിക്കുന്നു.






ഈ വഴികളിലൂടെയൊക്കെ വെറുതെ ചുറ്റി നടക്കാമെങ്കിലും കൊട്ടാരത്തിനകത്തേക്ക് കയറാന്‍ കാശു കൊടുക്കണം. നിറയെ കൊത്തുപണികള്‍ ഉള്ള കൊട്ടാരത്തിന്‍റെ മുന്‍വശത്തിന്‍റെ ഗാംഭീര്യം എടുത്തു പറയേണ്ട ഒന്നാണ്. ഒരു ഗൈഡിനെ വാടകയ്ക്ക് എടുത്തു ഞങ്ങള്‍ കൊട്ടാരത്തിനുള്ളില്‍ പ്രവേശിച്ചു.








കോട്ടയുടെ ചരിത്രത്തിനുപരി കൊട്ടാരത്തിനു കാര്യമായ ഒരു ചരിത്രമൊന്നും അവകാശപ്പെടാനില്ല. ഈ കൊട്ടാരം ഒരു മ്യുസിയം മാതൃകയിലാണ് സൂക്ഷിച്ചിട്ടുള്ളത്. നാം പ്രവേശിക്കുന്ന ആദ്യ റൂമില്‍ തന്നെ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന വിവിധ തരം തോക്കുകള്‍, പീരങ്കികള്‍, വാളുകള്‍, കുക്രികള്‍, വെടിമരുന്നു നിറയ്ക്കുന്ന സഞ്ചി, ഹെല്‍മെറ്റ്‌ മുതലായവയും യുദ്ധ സമയത്ത് കുതിരകളില്‍ വയ്ക്കുന്ന സാമഗ്രികളും ആയിരുന്നു. പിന്നീട് വരുന്ന റൂമുകളില്‍ രാജാക്കന്മാരെ അവരോധിക്കുന്ന സമയത്തുള്ള സ്വര്‍ണ്ണ കുടയോടു കൂടിയ വെള്ളി സിംഹാസനം, ജനങ്ങള്‍ക്ക്‌ സന്ദേശം കൊടുക്കുവാന്‍ ഉപയോഗിക്കുന്ന പെരുമ്പറകള്‍, രാജാക്കന്മാരുടെ കാല്‍പനിക ചിത്രങ്ങള്‍, ദൈവങ്ങളുടെ പ്രതിമകള്‍ ഒക്കെയാണ് പ്രദര്‍ശിപ്പിച്ചു വച്ചിട്ടുള്ളത്. പല ഭാഗങ്ങളും പല രാജാക്കന്മാര്‍ ഉണ്ടാക്കിയതിനാല്‍ ആ ഭാഗങ്ങളെല്ലാം അവരുടെ പേരിലാണ്. ഉദാഹരണത്തിന് ഗജ് വിലാസ് (രാജാ ഗജ് സിംഗ്), അഖെ വിലാസ് (അഖെ സിംഗ്). ഏറ്റവുമൊടുവില്‍ രൂപ്‌ മഹളിലെ നിരനിരയായി വച്ച ജൈസാല്‍മേറിന്‍റെ പല ചിത്രങ്ങള്‍ക്ക് മുന്നിലൂടെ നടന്നു നാം കൊട്ടാരത്തിനു പുറത്തിറങ്ങുന്നു.






ഈ രാജാക്കന്മാര്‍ എല്ലാവരും തന്നെ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ പിന്‍തലമുറക്കാര്‍ ആണെന്നാണ് വിശ്വസിച്ചു പോരുന്നത്. ഈ പട്ടണം 1156ല്‍ ഉണ്ടാക്കിയ റാണാ ജൈസാല്‍ 116-മത്തെയും ഇപ്പോഴത്തെ രാജാവ് 158-മത്തെയും ആണ്. രാജസ്ഥാനിലെ തന്നെ ജൈപൂര്‍, ഉദയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ സൂര്യവംശം ആണെങ്കില്‍ ഇവിടെ ചന്ദ്രവംശികളാണ്.

ഇപ്പോഴത്തെ രാജാ, ശ്രീ.ബിര്‍ജ് രാജ് സിംഗ്, ഡല്‍ഹിയിലാണ് താമസം. ഇപ്പോള്‍ അദ്ദേഹത്തിനു 48 വയസ്സുണ്ട്.

കൊട്ടാരത്തില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ കൊട്ടക്കുള്ളിലെ ഇടുങ്ങിയ വഴികളിലൂടെയെല്ലാം നടന്നു കാഴ്ചകള്‍ കണ്ടു. ഇന്നും താമസമുള്ള വീടുകളും, ആളുകളെ പ്രതീക്ഷിച്ചിരിക്കുന്ന കടകളും, ഹോട്ടലുകളും, ജൈന മന്ദിരങ്ങളും എല്ലാം അവയില്‍ ഉള്‍പ്പെടും. നാം ഇത് വരെ കാണാത്ത ഒരു കാഴ്ചയാണ് അനുഭവിച്ചിരുന്നത്‌ എന്നതു കൊണ്ട് എവിടെയോ എത്തിപ്പെട്ട ഒരു അവസ്ഥയിലായിരുന്നു ഞങ്ങള്‍. കടകളില്‍ മിക്കവയിലും രാജസ്ഥാന്‍റെയും ജൈസാല്‍മേറിന്‍റെയും സ്മരണികകളാണ് (souvenir) പ്രദര്‍ശിപ്പിച്ചു വച്ചിട്ടുള്ളത്. രാജസ്ഥാന്‍ ചിത്രപ്പണി ചെയ്ത ബാഗുകള്‍, ഡ്രെസ്സുകള്‍, ശുദ്ധമായ ഒട്ടകത്തിന്‍റെ തോല്‍ കൊണ്ടുണ്ടാക്കിയ ബാഗുകള്‍, തീരെ ഭാരം കുറഞ്ഞ കമ്പിളി പുതപ്പുകള്‍, രാജസ്ഥാന്‍ സംസ്കാരം കാണിക്കുന്ന ചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, മറ്റുമാണ് കമ്പോളം അടക്കി വാഴുന്നത്.

ഇന്നും ഈ കോട്ടക്കുള്ളില്‍ പട്ടണത്തിന്‍റെ ഏകദേശം കാല്‍ ഭാഗത്തോളം ജനങ്ങള്‍ താമസിക്കുന്നുണ്ട്. അതില്‍ 80% ബ്രാഹ്മണരും, 20% ക്ഷത്രിയരുമാണ്. ഇന്നും ശുദ്ധ ശാകാഹാരികള്‍ മാത്രമായ ബ്രാഹ്മണര്‍ കോട്ടയുടെ ഒരു വശത്തും, മത്സ്യ മാംസാദികള്‍ കഴിക്കുന്ന ക്ഷത്രിയര്‍ മറുവശത്തും ആണ് താമസം.

അസ്തമയ സൂര്യന്‍ കൊട്ടാരത്തിനും ഹവേലികള്‍ക്കും പകര്‍ന്നു നല്‍കുന്ന നിറച്ചാര്‍ത്ത് സ്വര്‍ണം ഉരുക്കിയൊഴിച്ച പോലെയാണ്. അതിനാല്‍ ഈ കോട്ടയ്ക്കു “സോനാര്‍ കില” അഥവാ “സുവര്‍ണ്ണ കോട്ട” എന്നും ഒരു പേരുണ്ട്. പ്രശസ്ത സംവിധായകന്‍ ശ്രീ.സത്യജിത് റെ ഈ കോട്ട ആസ്പദമാക്കി ഒരു കുറ്റാന്വേഷണ സിനിമയും ഇതേ പേരില്‍ എടുത്തിട്ടുണ്ട്.

വളരെയധികം ആശങ്ക പടര്‍ത്തുന്ന ഒരു വസ്തുത കൂടി പറഞ്ഞു കൊണ്ട് കോട്ടയുടെ വര്‍ണന ഞാനിവിടെ നിര്‍ത്തുന്നു. ഇന്ന് ഈ കോട്ട തകര്‍ച്ചയുടെ വക്കിലാണ്. മറ്റു സ്ഥലങ്ങളിലെ കോട്ടകളെ പോലെ ഈ കോട്ട ധൃഢമേറിയ പാറപ്പുറത്തല്ല നിര്‍മ്മിച്ചിട്ടുള്ളത്. കോട്ടക്കകത്തെ വര്‍ധിച്ചു വരുന്ന ജനസംഖ്യയും, തദ്വാരാ ജലത്തിന്‍റെ ഉപയോഗവും ഈ പാറകളിലൂടെ കിനിഞ്ഞിറങ്ങുന്നത് കോട്ടയെ വളരെ വലിയൊരു അപകടത്തിലേക്കാണ് നയിക്കുന്നത്. ഇപ്പോള്‍ തന്നെ കൊട്ടക്കുള്ളിലെ പല കെട്ടിടങ്ങളും വീണു കഴിഞ്ഞിട്ടുണ്ട്. American Express, World Mounment Fund മുതലായ വിദേശി വിഭാഗങ്ങളില്‍ നിന്ന് ഇതിനുള്ള ഫണ്ട്‌ കിട്ടിയിട്ടുണ്ടെങ്കിലും ഗവണ്മന്റ് കാര്യമായ ഒരു താല്പര്യമൊന്നും എടുത്തിട്ടില്ല..

ഇതിനുള്ള ഒരേയൊരു ഉപാധി, കോട്ടക്കുള്ളിലെ വെള്ളത്തിന്‍റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. പക്ഷെ അതെത്ര കണ്ടും പ്രയോഗികമാക്കാം എന്നതാണ് വിഷയം. എന്തായാലും കാലം ഈ കോട്ടയ്ക്കു കരുതി വച്ച നിയോഗം എന്തെന്നറിയാന്‍ നമുക്കും കാത്തിരിക്കാം...



<<< ഭാഗം 1     ഭാഗം 2                                                                                                     ഭാഗം 4 >>>

Comments

  1. ജൈസാൽ പണിയിച്ച കോട്ടയുടെ കഥ ഉഷാർ , ഋഷി ...

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം