ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 4) ബഡാബാഗ്


ജൈസാൽമേർ പട്ടണം ഒരു കാലത്തു ഭരിച്ചിരുന്ന രാജാക്കന്മാരുടെ ശവകുടീരം ആണ് ബഡാബാഗ്. വാക്കിന്റെ ശരിക്കുമുള്ള അർത്ഥം വലിയ പൂന്തോട്ടം എന്നാണ്.

16-ആം നൂറ്റാണ്ടിൽ അന്നത്തെ രാജാവായിരുന്ന റാവൽ ജയ് സിംഗ് പട്ടണത്തിൽ നിന്നു ഏകദേശം 6km മാറി ഒരു ഡാമും ചേർന്നു തന്നെ ഒരു പൂന്തോട്ടവും നിർമിച്ചു. പിന്നീട് രാജവിന്‍റെ മരണാനന്തരം മകൻ ലുണകരൻ അദ്ദേഹത്തിന്‍റെ സ്മരണക്കായി അവിടെ ഒരു സ്മാരകം പണി കഴിപ്പിച്ചു. പിന്നീട് വന്ന രാജാക്കന്മാരും പതിവ് തുടർന്നു.

സ്മരകങ്ങളെല്ലാം തന്നെ 'ഛത്രി' രൂപത്തിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ഛത്രി എന്ന വാക്കിന്‍റെ അർത്ഥം തന്നെ കുട എന്നാണ്. ഒരു ഉയർത്തിക്കെട്ടിയ തറയിൽ നിന്നു ഉയർന്നു വരുന്ന 4 കാലുകളിൽ ഒരു കുട താങ്ങി വച്ചിരിക്കുന്നു. സ്മാരകങ്ങൾ ഏറ്റവും എളുപ്പത്തിൽ ഇങ്ങനെ വിവരിക്കാം.



(യഥാർത്ഥത്തിൽ ഛത്രികൾ ഇന്ത്യൻ വാസ്തുകലയിലേക്കു രാജസ്ഥാന്‍റെ സംഭാവന ആണ്. കല തങ്ങളുടെ പ്രൗഢിയും അഭിമാനവും കാണിക്കാൻ അന്ന് രാജാക്കന്മാർ തങ്ങളുടെ കോട്ടകളിലും കൊട്ടാരങ്ങളിലും സ്മാരകങ്ങളിലും പണി കഴിപ്പിച്ചിരുന്നു. പിന്നീടത് മറ്റു പല രാജവംശത്തിൽ പെട്ടവരും ഏറ്റെടുത്തു. അവയിൽ ഏറ്റവും പ്രധാനികൾ മുഗളന്മാർ ആയിരുന്നു. ഇന്നും നിലനിൽക്കുന്ന അവരുടെ പ്രധാന സംഭാവനകൾ ആയ താജ് മഹൾ, ഹുമയൂണിന്‍റെ ശവകുടീരം, ആഗ്രയിലെയും ദില്ലിയിലെയും കോട്ടകൾ മുതലായവയിൽ ഇവ നിറഞ്ഞു നിൽക്കുന്നത് കാണാം)

ഇന്ന് ജൈസാൽമേർ പട്ടണത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബഡാബാഗ്. അസംഖ്യം കാറ്റാടികൾക്കു കീഴെ മരുഭൂമിയിൽ ഏകദേശം അതേ നിറത്തിൽ ഇവ നിൽക്കുന്ന കാഴ്ച വളരെ മനോഹരമാണ്.



തികച്ചും യാദൃശ്ചികമാവാം, ഞങ്ങൾക്ക് കിട്ടിയ ഗൈഡ് പണ്ട് സ്മാരകങ്ങൾ പണി കഴിപ്പിച്ച ഒരു കുടുംബത്തിലെ പിന്തലമുറയിൽ പെട്ടയാളായിരുന്നു. അതിനാൽ വളരെ വിലയേറിയ പല വിവരങ്ങളും ഞങ്ങൾക്ക് ഗ്രഹിക്കാൻ സാധിച്ചു.

ഒരു രാജാവിന്‍റെ മരണശേഷം എവിടെയാണോ അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിക്കുന്നത്, അവിടെ തന്നെയാണ് സ്മരകവും പണി കഴിപ്പിക്കുന്നത്. പക്ഷെ ആചാരം അനുസരിച്ചു, രാജാവിന്‍റെ മകൻ സ്ഥലം വേർതിരിച്ചു വക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെ ഒരു സ്മാരകം ആക്കി മാറ്റുന്നത് അദ്ദേഹത്തിന്‍റെയും മകൻ ആണ്, ന്‍റെ വിവാഹത്തോട് അനുബന്ധിച്ച്. ചുരുക്കം പറഞ്ഞാൽ, ഒരു രാജാവിന്‍റെ സ്മാരകം അതിന്റെ പൂർണരൂപത്തിൽ എത്തിക്കുന്നത് രാജാവിന്റെ പേരക്കുട്ടി ആയിരിക്കും. ഛത്രിയും അതിൽ രാജാവിന്റെ മാർബിൾ പ്രതിമയും സ്ഥാപിക്കാൻ അന്ന് രാജാവിന് തന്റെ പ്രജകൾക്കു 7 തവണ ഭക്ഷണം കൊടുക്കണം എന്ന ആചാരവും ഉണ്ടായിരുന്നു. അന്ന് രാജാവിന്റെ കയ്യിൽ ഇഷ്ടം പോലെ പണവും, ജനങ്ങൾ കുറവും ആയിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചായി. അതിനാൽ മാർബിൾ പ്രതിമയ്ക്ക് പകരം ഫോട്ടോയിലേക്ക് കാര്യങ്ങൾ ചുരുങ്ങി. രാജാവിന്റെ തലക്കു മുകളിൽ ഒരു കുടം തൂക്കി അതിൽ വെള്ളം നിറച്ചു വെക്കുന്ന പതിവ് ഇന്നും തുടർന്ന് പോകുന്നു. വേനലിൽ വെള്ളം വറ്റിയാലും ആളുകൾ വിശ്വസിച്ചു പോരുന്നത് രാജാവ് കുടിച്ചു തീർത്തു എന്നാണ്.



രാജാക്കന്മാർ ഹിന്ദുക്കൾ ആയിരുന്നെങ്കിലും പണി കഴിപ്പിച്ച ആളുകളിൽ ഹിന്ദുക്കളും മുസ്ലിമുകളും ഉണ്ടായിരുന്നു. അവർ അവരവരുടെ രീതികളിൽ ആണ് ഇവ നിർമ്മിച്ചത്.

ബഡാബാഗ് മൊത്തം എടുത്തു നോക്കുകയാണെങ്കിൽ അവ 2 കൂട്ടമായിട്ടാണ് നിൽക്കുന്നത് എന്നു ബോധ്യമാവും. എല്ലാം കുട രൂപത്തിൽ തന്നെ ആണെങ്കിലും ഒരു കൂട്ടത്തിന്റെ മുകൾ ഭാഗം അമ്പലം പോലെ ആണെങ്കിൽ, മറ്റേതിന്റെ മുസ്ലിം പള്ളികളുടെ ഡോം പോലെയാണ്. ഹിന്ദുക്കൾ ജൈസാൽമേറിലെ പരമ്പരാഗത രീതിയായ interlocking system ഉപയോഗിച്ചു പണി കഴിപ്പിച്ചപ്പോൾ മുസ്ലിമുകളും ചുണ്ണാമ്പ് ഉപയോഗിച്ചു. അതിനാൽ 2001 ജനുവരി 26നു ഗുജറാത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ ഡോം മാതൃകയിലുള്ള പല സ്മരകങ്ങൾക്കും കേടുപാടുകൾ സംഭവിച്ചപ്പോൾ അമ്പലം പോലുള്ളവ ഒരു കേടും പറ്റാതെ നില കൊണ്ടു.



ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു സ്മാരകം

  കുടകൾക്കു കീഴെ രാജാവിന്റെ പ്രതിമ ഉണ്ടെന്നു പറഞ്ഞുവല്ലോ.. അതിലുമുണ്ട് ചില പ്രത്യേകതകൾ. എല്ലാ രാജാക്കന്മാരും കുതിരപ്പുറത്ത് ഇരിക്കുന്ന പോലെയാണ് കൊത്തിവച്ചിരിക്കുന്നത്. കുതിരകളുടെ മുന്നിലെ 2 കാലുകളും ഉയർന്നാണെങ്കിൽ രാജാവ് കൊല്ലപ്പെട്ടത് യുദ്ധത്തിലാണ്, 1 കാൽ മാത്രമാണെങ്കിൽ സ്വാഭാവിക മരണവും.

സ്വാഭാവിക മരണം വരിച്ച രാജാവ്

യുദ്ധത്തില്‍ കൊല്ലപ്പെട്ട രാജാവ്

1829 ശ്രീ.രാജാറാം മോഹൻ റായ് സതി നിർത്തലാക്കുന്നതു വരെ ഇവിടെയും സതി അനുഷ്ഠിച്ചിരുന്നു. രാജാവിന്റെ പ്രതിമക്കൊപ്പം റാണിമാരുടെയും പ്രതിമ ഉണ്ടെങ്കിൽ അവർ സതി ചെയ്തവർ ആണെന്നാണ് അതിന്നർത്ഥം. ഇതിൽ പട്ടറാണിമാരെ മാത്രമായി ഒരു കല്ലിൽ കൊത്തിയിരുന്നു. അവർക്കായിരുന്നു രാജാവ് മരിച്ചാൽ ശരീരം മടിയിൽ കിടത്താനുള്ള അവകാശം. മറ്റു റാണിമാരെ വേറെ കല്ലിലായിരുന്നു കൊത്തിയിരുന്നത്. പട്ടറാണിമാരുടെ പ്രതിമയിൽ അവരുടെ വസ്ത്രങ്ങളിൽ കൊത്തുപണികൾ ഉണ്ടെങ്കിൽ മറ്റു റാണിമാരുടെ ഒഴുക്കൻ മട്ടിലാണ്.
ശ്രദ്ധിച്ചു നോക്കിയാല്‍ പട്ടറാണിമാരുടെ വേഷത്തില്‍ കൊത്തുപണികള്‍ കാണാം..

റാണിമാരെ ചിതയിലേക്കു എറിയുന്നതിനു മുമ്പ് അവരെ കറുപ്പ് കുടിപ്പിച്ചു മയക്കിയിരുന്നു. അവരുടെ അപ്പോഴത്തെ വികാരങ്ങൾ നമുക്ക് ഊഹിച്ചാൽ തന്നെ മനസ്സു വിങ്ങും. പട്ടറാണിമാർക്കു, തങ്ങൾക്കാണ് രാജാവിനെ മടിയിൽ കിടത്താനുള്ള ഭാഗ്യം കിട്ടിയത് എന്നോ, തങ്ങളുടെ പ്രതിമയിൽ കൊത്തുപണികൾ ഉണ്ടാവുമെന്നോ ആയിരിക്കില്ല ചിന്ത. മറിച്ച്, തങ്ങളുടെ ആയുസ്സ് ഏതാനും മണിക്കൂറുകൾ മാത്രമേ ഉണ്ടാവൂ എന്നു തന്നെയാവും. അവർ മയക്കുമരുന്നു കുടിക്കുന്ന അല്ലെങ്കിൽ നിർബന്ധിച്ചു കുടിപ്പിക്കുന്ന രംഗം ആലോചിക്കുമ്പോൾ തന്നെ ഭീകരമാണ്. എന്നാൽ ഗർഭിണികൾ, ചെറിയ കുട്ടികൾ ഉള്ള റാണിമാർ എന്നിവർ സതിയിൽ നിന്നു രക്ഷപ്പെട്ടു പോന്നിരുന്നു. സതി നിർത്തലാക്കിയത്തിനു ശേഷം റാണിമാർക്ക് അവർ മരിച്ചു കഴിഞ്ഞാൽ ഛത്രി ഉണ്ടാക്കുന്ന പതിവു നിലവിൽ വന്നു.

അങ്ങനെ ഡാം ഉണ്ടാക്കിയ രാജാവിന്റെ സ്മാരകത്തിൽ നിന്നു വളരാൻ തുടങ്ങിയ കൂട്ടത്തിൽ ഇപ്പോൾ ആകെ 107 ഛത്രികൾ ആണുള്ളത്.

ഇപ്പോഴുള്ള രാജാവിന്‍റെ അനിയന്‍ തന്‍റെ ചെറുപ്രായത്തില്‍ വാഹനാപകടത്തില്‍ മരിച്ചുപോയതിനാല്‍ ഇനി കാലാകാലം അദ്ദേഹത്തിന്‍റെ സ്മാരകം മുഴുമിപ്പിക്കാതെ വേര്‍തിരിച്ചു മാത്രം കിടക്കുമെന്നും ഗൈഡ് കൂട്ടിച്ചേര്‍ത്തു. ( ഇതൊരു ദുശ്ശകുനം ആയി കണക്കാക്കി  ഈ പതിവ് രാജാക്കന്മാര്‍ നിര്‍ത്തലാക്കി എന്നാണ് internet-ല്‍ വായിക്കാന്‍ കഴിഞ്ഞത്. പക്ഷെ അങ്ങനൊരു പരാമര്‍ശം എന്‍റെ ഗൈഡ് നടത്തിയില്ല)

ബോളിവുഡിലെ അസംഖ്യം സിനിമകളില്‍ ഈ പശ്ചാത്തലം ഗാനരംഗങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ 'ഇന്ദ്രപ്രസ്ഥം', മഞ്ജു വാര്യരുടെ 'ദയ', സത്യന്‍ അന്തിക്കാടിന്‍റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ തുടങ്ങിയവയിലൂടെ ഈ സ്ഥലം നമ്മള്‍ കേരളീയര്‍ക്കും പരിചിതമാണ്.

അവിടെ നിന്നിറങ്ങിയ ഞങ്ങള്‍ “കൈലാഷ്” എന്നു പേരുള്ള ഒരു പട്ടാളക്കാരനെ കണ്ടത് ഇന്നും ഓര്‍ക്കുന്നു. വളരെ രസികനായ അദ്ദേഹം എന്നും ഇന്ത്യ-പാക് അതിര്‍ത്തി വരെ പോകുന്ന ആളാണ്‌. “ലോങ്കെവാല പോസ്റ്റിലേക്ക് സ്ത്രീകള്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല” എന്ന് ഞാന്‍ കേട്ടെന്നു പറഞ്ഞപ്പോള്‍ “ആ പറഞ്ഞവനെ എന്‍റെ മുന്നിലേക്ക്‌ കൊണ്ടു വാ, ഞാന്‍ പഠിപ്പിച്ചു കൊടുക്കാം” എന്നദ്ദേഹം തമാശ രൂപത്തില്‍ പറയുകയുണ്ടായി. ഞങ്ങളെ അവിടേക്ക് പോകുവാന്‍ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത അദ്ദേഹം അദ്ദേഹത്തിനു പരിചയമുള്ള ബിനീഷ് എന്ന ഒരു മലയാളി ജവാനുമായി ഫോണിലും എന്നെ കൊണ്ടു സംസാരിപ്പിച്ചു. സത്യം പറഞ്ഞാല്‍, ലോങ്കെവാലയിലേക്ക് സധൈര്യം പോകുവാന്‍ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍റെ വാക്കുകളും സഹായവും ആണെന്നു ഞാന്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നു.

വളരെ നല്ല രീതിയില്‍ ഇന്നത്തെ കാഴ്ചകള്‍ കണ്ടെന്ന സന്തോഷത്തോടെ ഞങ്ങള്‍ റൂമിലേക്ക്‌ മടങ്ങി. കോട്ടയ്ക്കു പുറത്തുള്ള ഒരു ഹോട്ടലില്‍ നിന്നു പാവ് ഭാജി അത്താഴമായി കഴിച്ചു ഞങ്ങള്‍ പിറ്റേ ദിവസത്തെ മരുഭൂമി യാത്ര സ്വപ്നം കണ്ടുറങ്ങി..


                                                                                                         (തുടരും...)



<<< ഭാഗം 1   ഭാഗം 3                                                                                                 ഭാഗം 5 >>>

Comments

  1. ചരിത്രവും ചിത്രവും ഋഷിയുടെ യാത്രാ വിവരണത്തിന് തെളിമയും ജീവനും നല്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം