ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 6) സാലം സിങ്ങിന്‍റെ ഹവേലി


കോട്ടയും, ബഡാബാഗും കഴിഞ്ഞാല്‍ ജൈസല്‍മേര്‍ പട്ടണത്തില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച കെട്ടിടം സാലം സിങ്ങിന്‍റെതാണ്.




സാലം സിംഗ് ജൈസല്‍മേര്‍ പട്ടണത്തിലെ പ്രധാനമന്ത്രി ആയിരുന്നു. അദ്ദേഹത്തിന്‍റെ ഈ ‘ഹവേലി’യാണ് കോട്ടയ്ക്കു പുറത്തു പണി കഴിപ്പിച്ച ആദ്യത്തെ വീട്. വീട്ടിലെ ഒരു ഭാഗം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്ത്, ബാക്കി ഭാഗത്തു അദ്ദേഹത്തിന്‍റെ പിന്തലമുറയില്‍ പെട്ടവര്‍ ഇന്നും താമസിക്കുന്നു. ഗൈഡ് വേണമെന്ന് പറഞ്ഞപ്പോള്‍ ആ വീട്ടിലെ ഒരു അംഗം തന്നെയാണ് വന്നത്. അദ്ദേഹം സാലം സിങ്ങിന്‍റെ 7ആം തലമുറയില്‍ പെട്ടയാളാണ്.

ഗൈഡ് പറയുന്നത് ഞാന്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തെല്ലൊരു ആശ്ചര്യത്തോടെ അതെന്തിനാണെന്നു അദ്ദേഹം ചോദിച്ചു. ബ്ലോഗ്‌ എഴുതാനാണെന്നു എന്‍റെ ഉദ്ദേശമെന്നു മനസ്സിലാക്കിയ അദ്ദേഹം സന്തോഷത്തോടെ പിന്നീട് പറഞ്ഞു തന്ന കാര്യങ്ങള്‍, നെറ്റില്‍ പോലും ഇല്ലാത്തവയായിരുന്നു.

‘ഹവേലി’-യിലെ ‘ഹവാ’ എന്ന വാക്കിന്‍റെ അര്‍ത്ഥം കാറ്റ് എന്നാണ്. മരുഭൂമിയില്‍ നൂറ്റാണ്ടുകള്‍ മുമ്പ് പണി ചെയ്ത വീടുകളില്‍ അന്ന് കാറ്റും, വെളിച്ചവും വേണ്ടുവോളം ചെല്ലാന്‍ പാകത്തില്‍ തുറസ്സായ രീതിയില്‍ പണി കഴിപ്പിച്ച വീടുകളെയാണ് ഹവേലികള്‍ എന്ന് വിളിച്ചിരുന്നത്‌. അന്ന് പണി കഴിപ്പിച്ച മറ്റു പല വീടുകളെയും പോലെ ഇതും വെള്ളം ഒട്ടും ചേര്‍ക്കാതെ കല്ലുകളെ male-female സമ്പ്രദായത്തില്‍ കൂട്ടിച്ചേര്‍ത്തു ഇരുമ്പു കൊണ്ട് stapler ഇട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ ഈ വീടിന്‍റെയും കല്ലുകളെല്ലാം ഇളക്കി മാറ്റി ഒരു കേടും കൂടാതെ വേറൊരിടത്ത് കൂട്ടിച്ചേര്‍ക്കുവാന്‍ സാധിക്കും.



പക്ഷെ, കോട്ടയ്ക്കു പുറത്തു പണി കഴിപ്പിച്ച വീടായതിനാല്‍ ചില സുരക്ഷാ ക്രമീകരണങ്ങള്‍ വീട്ടില്‍ ചെയ്തു വച്ചിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് ഓരോ നിലകളുടെയും ഇടയില്‍ 1-2 അടി ഒഴിച്ച് ഇട്ടിരുന്നത്. ഏറ്റവും താഴത്തെ നിലയും തറക്കല്ലും തമ്മിലും ഈ വിടവ് ഉണ്ട്. എന്നിട്ട് അവയ്ക്കിടയില്‍ പെരുമ്പറകള്‍, പാത്രങ്ങള്‍ ഒക്കെ വെക്കും. ഒരു ചെറിയ കാലനക്കം പോലും അതോടെ വലിയ ശബ്ദമായി മാറും. നിലത്തു കിടന്നുറങ്ങുമ്പോള്‍ ആ ശബ്ദം വളരെ വ്യക്തമായി കേള്‍ക്കുകയും ചെയ്യാം. മറ്റൊരു ക്രമീകരണമാണ് ഓരോ പടിക്കും ഓരോ ഉയരം എന്നത്. ശത്രുക്കള്‍ കോണി കയറുമ്പോള്‍ കാല്‍ വെക്കുന്നത് തെറ്റി വീഴാനാണ് അങ്ങനെ ചെയ്തിട്ടുള്ളത്. സാധാരണ ശത്രുക്കള്‍ വരുന്നത് ആളുകള്‍ കിടന്നുറങ്ങുന്ന സമയത്ത് ആണല്ലോ. അതിനാലാണത്രേ ഇങ്ങനൊരു സംവിധാനം അന്ന് അവര്‍ ഏര്‍പ്പെടുത്തിയത്.

ഓരോ നിലകള്‍ തമ്മിലുള്ള ആ വിടവ് സാധനങ്ങള്‍ എടുത്തു വെക്കാനുള്ള കലവറ ആയും ഉപയോഗിച്ചിരുന്നു. മേല്‍ക്കൂരയുടെ കനവും, വീടിനുള്ളിലെ താപനിലയും അതു വഴി നിയന്ത്രിക്കുവാനും സാധിച്ചിരുന്നു. മാത്രമല്ല, ഭൂമികുലുക്കം പോലെ എന്തെങ്കിലും പ്രകൃതി ക്ഷോഭം വന്നാല്‍ ഒന്നിച്ചു തകര്‍ന്നു വീഴില്ലെന്നുള്ള പ്രത്യേകതയും ഇത്തരം നിര്‍മ്മാണത്തിന് ഉണ്ടായിരുന്നെന്ന് ഇദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.

ഈ ഹവേലിക്ക് പണ്ട് 2 നിലകള്‍ കൂടി ഉണ്ടായിരുന്നതാണ്. അങ്ങനെ ഈ ഹവേലിക്ക് കോട്ടയുടെ അതേ ഉയരവും ഉണ്ടായിരുന്നു. മാത്രമല്ല, സാലം സിങ്ങിനു ഹവേലിയില്‍ നിന്ന് കോട്ടയിലേക്ക് ഒരു പാലം പണിയാനും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, ഒരു കെട്ടിടത്തിനും തന്‍റെ കോട്ടയുടെ അതേ ഉയരം പാടില്ലെന്ന് പറഞ്ഞു രാജാവ് തന്നെ ഇതിന്‍റെ 2 നിലകള്‍ തകര്‍ക്കാന്‍ ആജ്ഞാപിച്ചു. അതോടെ ഇന്ന് നമ്മള്‍ കാണുന്ന സ്ഥിതിയിലേക്ക് ഹവേലി ചുരുങ്ങി.




ഈ ഹവേലിയുടെ ഏറ്റവും ആകര്‍ഷകമായ ഭാഗം ഏറ്റവും മുകള്‍ നിലയിലെ balcony ആണ്. പുരയുടെ നാലു പുറവും ഉള്ള ബാല്‍ക്കണിക്ക് ആകെ 38 കമാനങ്ങള്‍ ആണ് ഉള്ളത്. അവയിലെല്ലാം വ്യത്യസ്ഥമായ കൊത്തുപണികള്‍ ആണ്. അങ്ങനെ ആകെ 38 തരം ഡിസൈനുകള്‍. അവയ്ക്കു താഴെ താമര രൂപത്തിലുള്ള പൂക്കളും, മയിലുകളും.
മയിലുകള്‍ അന്ന് രാജസ്ഥാന്‍ സംസ്ഥാനത്തിന്‍റെ വിദ്യയുടെയും, കലയുടെയും പ്രതീകങ്ങള്‍ ആയിരുന്നു. മയില്‍ പീലികള്‍ അവര്‍ അലങ്കരിക്കാനും എഴുതാനും ഉപയോഗിച്ചിരുന്നു. വായില്‍ മണിമാല തൂക്കിയ മയിലുകളുടെ രൂപങ്ങള്‍ ഭാഗ്യചിഹ്നമായി അവര്‍ കണക്കാക്കിയിരുന്നു. അങ്ങനെ ആകെ 142 മയിലുകലാണ് ബാല്‍ക്കണിയുടെ ഭംഗി കൂട്ടുവാന്‍ കൊത്തിവെച്ചിട്ടുള്ളത്. മയിലുകള്‍ക്ക് മുകളിലുള്ള പൂവുകള്‍ എപ്പോള്‍ വേണമെങ്കിലും ഊരിയെടുക്കുവാന്‍ പാകത്തിലാണ് (ഇന്ന് bulb holder-ല്‍ ബള്‍ബ്‌ ഇടുന്നതും ഊരി എടുക്കുന്നതും പോലെ)  നിര്‍മാണം. ഇന്ന് ഉത്സവത്തിന് LED ലൈറ്റുകള്‍ ഉപയോഗിക്കുന്ന അതേ സ്ഥാനത്താണ്‌ അന്ന് ഈ പൂക്കള്‍ ഉപയോഗിച്ചിരുന്നത്. ആവശ്യം ഉള്ളപ്പോള്‍ ഊരിക്കൊണ്ടുപോയി ആവശ്യം കഴിഞ്ഞാല്‍ തിരിച്ചു വയ്ക്കുന്നതായിരുന്നു  പതിവ്. ശ്രീ.സാലം സിംഗിന് പൂക്കള്‍ വളരെ ഇഷ്ടമായിരുന്നതും, മരുഭൂമിയായതിനാല്‍ പൂക്കളുടെ ക്ഷാമം ഉള്ളതുമാണ് അന്ന് അദ്ദേഹത്തെ ഇങ്ങനൊരു കൊത്തുപണിക്ക് പ്രേരിപ്പിച്ചത്. ഈ കാരണങ്ങള്‍ കൊണ്ട് ബാല്‍ക്കണിക്ക് “കമല്‍(താമര) മഹല്‍” എന്നാണ് പേര്.





ബഹുഭാര്യാത്വം നില നിന്നിരുന്ന ഒരു കാലമായിരുന്നു അത്. സാലം സിങ്ങിനു 7 ഭാര്യമാര്‍ ഉണ്ടായിരുന്നു. കുറെ ഭാര്യമാര്‍ ഉണ്ടാവുന്നത് വഴി പല നാട്ടുകാരുമായി ബന്ധം ഉണ്ടാവുകയും, തദ്വാരാ ശത്രുക്കള്‍ കുറയുമെന്നും അവര്‍ കണക്കു കൂട്ടി. മാത്രമല്ല, കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നത് വഴി തങ്ങളുടെ ശക്തി കൂടുമെന്നും അദ്ദേഹം മനസ്സില്‍ കണ്ടിരുന്നു.

ഇന്ന് ഈ ഗൈഡ് ഉള്‍പ്പടെയുള്ള, ശ്രീ.സാലം സിങ്ങിന്‍റെ പിന്‍തലമുറയില്‍ പെട്ടവര്‍ താമസിക്കുന്ന ഭാഗമാണ്‌ ആ കാലത്ത് സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്. സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തിട്ടുള്ള ഭാഗം പുരുഷന്മാര്‍ക്ക് ഭരണ കാര്യങ്ങള്‍ നോക്കുവാനും. ഈ 2 ഭാഗങ്ങള്‍ക്കുമിടയില്‍ ആശയവിനിമയത്തിന് ഒരു കിളിവാതില്‍ ഉണ്ടായിരുന്നു. പക്ഷെ സംസാരം ആംഗ്യഭാഷയിലൂടെ ആയിരുന്നെന്നു മാത്രം. സ്ത്രീകള്‍ ഉറക്കെ സംസാരിക്കുന്നത് ബഹുമാനക്കുറവായി കണ്ടിരുന്ന ഒരു കാലമായിരുന്നു അത് . ഉറക്കെ പറഞ്ഞാല്‍ മറ്റു പലരും കേള്‍ക്കും, അതു സ്വകാര്യത, സുരക്ഷ എന്നിവയെ ബാധിക്കും എന്നതിനാലും ആയിരുന്നു അങ്ങനൊരു രീതി അവര്‍ ശീലിച്ചത്. മറ്റൊരു പ്രധാന കാരണം, ഈ 7 ഭാര്യമാരും രാജസ്ഥാന്‍ സംസ്ഥാനത്തിന്‍റെ പലയിടത്തു നിന്നായതിനാല്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഒരേ പോലെ അറിയുന്ന ഭാഷയും ഇല്ല. അവസാനം പറഞ്ഞ കാരണം ആയിരുന്നു ഏറ്റവും രസകരം. ആംഗ്യഭാഷ ആയതിനാല്‍ താന്‍ ഏതു ഭാര്യയോടാണ് വര്‍ത്തമാനം പറയുന്നതെന്ന് മറ്റു ഭാര്യമാര്‍ അറിയില്ലെന്നും, അതിനാല്‍ ഒരു അസ്വാരസ്യത്തിനുള്ള സാദ്ധ്യത കുറവാണെന്നുമാണ് ശ്രീ.സാലം സിംഗ് കണ്ടെത്തിയത്. ഇതൊക്കെ ആണെങ്കിലും തന്‍റെ 7 ഭാര്യമാരെയും അദ്ദേഹം ഒരുമിച്ചു തന്നെയാണ് താമസിപ്പിച്ചിരുന്നത്.




ബാല്‍ക്കണിയില്‍ നിന്ന് അദ്ദേഹം ഞങ്ങളെ കൊണ്ടു പോയത് പണ്ടുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ കാണിച്ചു തരാനായിരുന്നു. ഒരേ വെള്ളം 4 തവണ ഉപയോഗിച്ചിരുന്നതു പോലെ ഒരേ വസ്തു അവര്‍ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. ഒരു ഉദാഹരണം പോലെ അവയില്‍ 2-3 എണ്ണം അദ്ദേഹം കാണിച്ചു തന്നു.



കുറെ കള്ളികളുള്ള ഈ പെട്ടി സ്ത്രീകള്‍ അടുക്കളയില്‍ പലവ്യഞ്ജനങ്ങള്‍ അല്ലെങ്കില്‍ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ ഇടാനും, പുരുഷന്മാര്‍ പല വിധത്തിലുള്ള ലഹരി പദാ൪ത്ഥങ്ങള്‍ സൂക്ഷിക്കുവാനും ഉപയോഗിച്ചിരുന്നു. കലാകാരന്മാര്‍ അവരുടെ നിറങ്ങള്‍ സൂക്ഷിക്കുവാനും ഇതേ പെട്ടിയാണ് ആശ്രയിച്ചിരുന്നത്.




തേള്‍ മരുഭൂമിയുടെ ഒരു പ്രതീകമായി അന്നവര്‍ കണ്ടിരുന്നു. അവയ്ക്കു വിഷവും ഉള്ളതിനാല്‍ മറ്റാര്‍ക്കും പ്രവേശനം ഇല്ലാത്ത മുറികളുടെയും അലമാരകളുടെയും പിടി തേള്‍ രൂപത്തിലുള്ളവ ആയിരുന്നു.

ഉള്ളില്‍ ചെറിയ പന്തോടു കൂടിയ, വല പോലെ നിര്‍മ്മിച്ച പല മൃഗങ്ങളുടെ രൂപങ്ങളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒരു കിലുക്കാംപെട്ടി പോലുള്ള അവയ്ക്കു ഉപയോഗങ്ങള്‍ പലതായിരുന്നു. പേപ്പര്‍ വെയിറ്റ് ആയും, കുട്ടികള്‍ക്ക് കളിപ്പട്ടമായും, സ്ത്രീകള്‍ കുളിക്കുമ്പോള്‍ ശരീരത്തില്‍ മണ്ണ് തേച്ചു പിടിപ്പിക്കാനും അവ ഉപയോഗിച്ചിരുന്നു. കിലുങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു ചെറിയ മറയ്ക്കുള്ളില്‍ ഒരു സ്ത്രീ കുളിക്കുന്നു എന്നുള്ള ഒരു സൂചനയും അതിലൂടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. മാത്രമല്ല, സില്‍ക്ക് റൂട്ട് വഴി കച്ചവടം നടത്തിയിരുന്ന വ്യാപാരികള്‍ കൊണ്ടു വന്നിരുന്ന മുന്തിയ ഇനം പെര്‍ഫ്യൂം തുണിയിലോ പഞ്ഞിയിലോ മുക്കി ആ രൂപങ്ങല്‍ക്കുള്ളിലാക്കി ജനലരികില്‍ വച്ചാല്‍ മുറിയില്‍ സുഗന്ധവും ലഭിക്കും. അങ്ങനെ ഒരേ വസ്തുവിന് അവര്‍ പല ഉപയോഗങ്ങള്‍ കണ്ടിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ പുറത്തേക്കിറങ്ങി.

സത്യം പറഞ്ഞാല്‍, ജൈസല്‍മേര്‍ ജനങ്ങളുടെ ഒരു കാലത്തെ ജീവിതരീതിയെ കുറിച്ച് വളരെ വ്യക്തമായ ഒരു ചിത്രം ഞങ്ങള്‍ക്ക് തന്നത് ഇദ്ദേഹമാണ്. അതു വരെ മനസ്സില്‍ ഉണ്ടായിരുന്ന ജൈസല്‍മേര്‍ പട്ടണം ആയിരുന്നില്ല പിന്നീട് അങ്ങോട്ട്‌ ഈ യാത്രയില്‍ ഉടനീളം. നമ്മുടെ ഇന്ത്യയില്‍ ഇങ്ങനെയും ചില ആചാരങ്ങളും ജീവിത രീതിയും നില നിന്നിരുന്നു എന്ന് മനസ്സിലാക്കി തന്ന അദ്ദേഹത്തോട് ഞങ്ങള്‍ നന്ദി പറഞ്ഞു അവിടെ നിന്ന് അടുത്ത സ്ഥലം ലക്‌ഷ്യം വച്ചിറങ്ങി..

<<< ഭാഗം 1     ഭാഗം 5                                                                                             ഭാഗം 7

Comments

  1. പഴയ കാലത്തെ ജീവിതവും രീതികളും മനസ്സിലാക്കാൻ സഹായിക്കുന്ന വിവരണം.
    നന്ദി, ഋഷിക്കും സാലം സിങ്ങിന്റെ ബന്ധുവിന്നും. :)

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം