Attack on Tiger Hills, Kargil (Part 1)


ഹിമാലയത്തിന്റെ ഉയർന്ന മലമടക്കുകളിൽ, ശ്രീനഗർ പട്ടണത്തിനു 205 കി.മി. കിഴക്കോട്ടു മാറി, ലേ പട്ടണത്തിൽ നിന്ന് 235 കി.മി പടിഞ്ഞാറ് മാറി ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നു.  കൊല്ലവർഷം 1999  മെയ് തൊട്ടു ജൂലൈ വരെയുള്ള 3  മാസം ലോകത്തിന്റെ  മുഴുവൻ ശ്രദ്ധയും ഭാരതത്തിന്റെ ഏറ്റവും വടക്കു കിടക്കുന്ന ഈ ഗ്രാമത്തിലായിരുന്നു- കാർഗിൽ.

തുടക്കത്തിൽ തിരിച്ചടികൾ കൂടുതൽ നേരിട്ട ഇന്ത്യൻ സേന പതിയെ കാര്യങ്ങൾ മനസ്സിലാക്കി തങ്ങൾക്കു നഷ്ടപ്പെട്ട ഓരോ ഭാഗങ്ങൾ തിരിച്ചു പിടിക്കുകയായിരുന്നു.

ഈ യുദ്ധങ്ങളിൽ ഏറ്റവും നിർണായകമായി കരുതുന്നത് "ടൈഗർ ഹിൽസ്" തിരിച്ചു പിടിക്കാൻ നടത്തിയ യുദ്ധമാണ്. പാകിസ്ഥാൻ സേന ഏറ്റവും കൂടുതൽ കടന്നു കയറ്റം നടത്തിയതും,  സന്നാഹങ്ങൾ കരുതിയതും, ഏറ്റവും കൂടുതൽ ചോര ചിന്തിയതും, ഇന്ത്യൻ സേനയ്ക്ക് ഏറ്റവും കൂടുതൽ ആൾനാശം സംഭവിച്ചതും ഇതേ യുദ്ധത്തിൽ ആണ്. അതിനാൽ ഇന്ത്യൻ സേന വിജയം മണത്തു തുടങ്ങിയതും, പാക് സേന കാലുകൾ പുറകോട്ടു വച്ച് തുടങ്ങിയതും ഈ യുദ്ധത്തിനു ശേഷമാണ്.
ഭാരതം "ടൈഗർ ഹിൽസ്" ഉൾപ്പെടുന്ന  ഭൂവിഭാഗം തിരിച്ചു പിടിച്ച കഥ നാം അറിയുമ്പോൾ സുബൈദാർ മേജർ (അന്ന് ഹവിൽദാർ റാങ്കിൽ ഉണ്ടായിരുന്ന) ശ്രീ.യോഗീന്ദർ സിംഗ് യാദവ് എന്ന വ്യക്തിയെ ഓർമിക്കാതെയോ, അദ്ദേഹത്തെ കുറിച്ച് പരാമർശിക്കാതെ പോകാനോ കഴിയില്ല. ഒരു പക്ഷെ, ഈ യുദ്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അദ്ദേഹമായിരിക്കാം. വെറും 19 ആം വയസ്സിൽ അദ്ദേഹം കാണിച്ച ധീരത ഒരു പക്ഷെ ഇന്ന് നാം കാണുന്ന പല സിനിമകളിലും ദൈവീക പരിവേഷമുള്ള നടന്മാർക്ക് പോലും സിനിമയിൽ കാണിക്കാൻ കഴിയാത്ത കാര്യങ്ങളായിരിക്കും.

പിന്നീട് യുദ്ധത്തിന് ശേഷം രാഷ്ട്രം ധീരതയ്ക്കുള്ള പരമോന്നത അംഗീകാരമായ "പരം വീർ ചക്ര" ഈ 19 കാരന്  നൽകി ആദരിക്കുമ്പോൾ ഈ ബഹുമതിക്ക് അർഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറുകയായിരുന്നു ശ്രീ.യാദവ്.


കാർഗിൽ യുദ്ധം: എന്തു കൊണ്ട്???

ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഇടയിലുള്ള നിയന്ത്രണ രേഖ കശ്മീർ ഭാഗങ്ങളിൽ ഏകദേശം 14000  അടിക്കും മുകളിൽ ഉള്ള മലമടക്കുകളിൽ  കൂടിയാണ് കടന്നു പോകുന്നത്. കൊല്ലത്തിൽ ഏകദേശം 8 മാസത്തോളം കൊടും മഞ്ഞിൽ മൂടിക്കിടക്കുന്ന ഇവിടം ജനജീവിതത്തിനു തീരെ യോഗ്യമല്ല. പല മലമുകളിലും ഏകദേശം -40 ഡിഗ്രിയോളം താപനില എത്താറുമുണ്ട്. അതിനാൽ 1971 ലെ യുദ്ധത്തിനു ശേഷം പ്രാബല്യത്തിൽ വന്ന സിംല ഉടമ്പടിയിൽ ഒരു ധാരണ ഇരു രാജ്യങ്ങളും കൊണ്ട് വന്നു. അതു പ്രകാരം തണുപ്പുള്ള സമയങ്ങളിൽ ഇരു രാജ്യങ്ങളിലെയും കാവൽക്കാർ ഉയർന്ന മലമ്പ്രദേശങ്ങളിൽ നിന്ന് താഴേക്കിറങ്ങും. പിന്നീട് വേനൽക്കാലങ്ങളിൽ തിരിച്ചു ചെന്ന് അവിടെ സ്ഥാനം പിടിക്കും. 1971 തൊട്ടു 1998 ലെ വേനൽ വരെയും ഈ വ്യവസ്ഥ ഇരു രാജ്യങ്ങളും പാലിച്ചു. എന്നാൽ 1999 ൽ ഇന്ത്യൻ പട്ടാളത്തെ കാത്തിരുന്നത് ഒരു കൊടിയ ഗൂഢാലോചനയുടെ ബാക്കിപത്രമായിരുന്നു.

1999 മെയ് 3: കാർഗിൽ ഗ്രാമത്തിന്റെ അടുത്ത് കിടക്കുന്ന ഗർകോൺ ഗ്രാമം. യാക്കിനെ മേയ്ക്കുന്നത് ആ  ഗ്രാമത്തിലെ ജനങ്ങളുടെ ഒരു മുഖ്യ തൊഴിലാണ്. താഷി നാംഗ്യാൽ എന്നൊരു വ്യക്തി പതിവു പോലെ അന്നും തന്റെ യാക്കുകളെ  മേച്ചു നടക്കുകയായിരുന്നു. ഇടയ്ക്കു വച്ചു  കൂട്ടം തെറ്റി പോയ ഒന്നിനെ തന്റെ ദൂരദർശിനിയിലൂടെ നോക്കിയ ശ്രീ.താഷി കണ്ടത് സംശയം ഉളവാക്കുന്ന ചില കാഴ്ചകളായിരുന്നു. ദൂരെ മലകൾക്കു മുകളിൽ ചില ആളുകൾ മഞ്ഞുകട്ടകൾ കോരി മാറ്റുന്നതും, കല്ലുകൾ പെറുക്കി വച്ച് മതിൽ കെട്ടുന്നതും ഒക്കെയാണ് അദ്ദേഹം കണ്ടത്. അതിർത്തി ഗ്രാമമായതിനാൽ സൈനികരുടെ നീക്കങ്ങൾ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള ആളാണ് ശ്രീ.താഷി. സൈനികർ ഇനിയും മലമുകളിൽ സ്ഥാനം പിടിച്ചിട്ടില്ലെന്നിരിക്കെ അവർ  ആരായിരിക്കാം എന്ന സംശയം അദ്ദേഹത്തിന് തോന്നി. കുറച്ചു നേരം അവരുടെ ചെയ്തികൾ നോക്കി നിന്ന ശ്രീ.താഷി വേഗം ഓടി ചെന്ന് അടുത്ത് കണ്ട ഒരു സൈനികനെ കാര്യങ്ങൾ ധരിപ്പിച്ചു. കാർഗിലിൽ പാകിസ്ഥാൻ നടത്തിയ നുഴഞ്ഞു കയറ്റത്തിന്റെ ആദ്യ സൂചന ഇതായിരുന്നു.

പക്ഷെ, ഇതൊരു മഹാ വിപത്തായിരിക്കുമെന്നു ഇന്ത്യൻ സേന സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കാരണം, കൃത്യം 3 മാസം മുമ്പ്, അതായത് 1999 ഫെബ്രുവരി മാസത്തിൽ ആണ് സമാധാന സന്ദേശവുമായി അന്നത്തെ പ്രധാനമന്ത്രി ശ്രീ.അടൽ ബിഹാരി വാജ്‌പെയി ബസ് മാർഗം പാകിസ്ഥാൻ തലസ്ഥാനമായ ലാഹോറിൽ എത്തിയത്. പാകിസ്ഥാനിൽ പരക്കെ പ്രകടനങ്ങൾ നടന്നെങ്കിലും രാഷ്ട്രീയ തലത്തിൽ ഇതൊരു വളരെ വലിയ വിജയമായാണ് കരുതിയത്. ലോകത്തിലെ പ്രധാന ശക്തികളായ മറ്റു രാഷ്ട്രങ്ങളും ശ്രീ.വാജ്‌പേയ് നടത്തിയ ഈ യാത്രയെ ഉറ്റു നോക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.



എന്നാൽ,  അന്നത്തെ ചടങ്ങിൽ പാകിസ്ഥാനിലെ വളരെ ഉയർന്ന വ്യക്തികളിൽ ഒരാളുടെ അസാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു. പാകിസ്ഥാൻ സേനാ മേധാവി പർവേസ് മുഷറഫ് ആയിരുന്നു ആ വ്യക്തി. താൻ ഒരിക്കലും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യില്ല എന്നൊരു മുടന്തൻ കാരണമായിരുന്നു അദ്ദേഹം ആ ബഹിഷ്കരണത്തിനു കാരണമായി പറഞ്ഞത്. പക്ഷെ, ആ സമയം അദ്ദേഹം തന്റെ കുടില തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ അവസാന പണിയിലായിരുന്നു.

ശ്രീ.വാജ്‌പേയ് പാകിസ്ഥാൻ സന്ദർശിക്കുന്നതിന് 3 മാസം മുമ്പ് പാകിസ്ഥാൻ സേനയിലെ വളരെ ഉയർന്ന പദവിയിൽ ഇരിക്കുന്ന 3 ഉദ്യോഗസ്ഥർ ഒരു പദ്ധതിയുമായി മുഷറഫിനെ കാണാൻ ചെല്ലുകയുണ്ടായി. വളരെ കാലമായി പാകിസ്ഥാൻ മനസ്സിൽ കൊണ്ട് നടന്ന ഒരു തന്ത്രം പ്രാവർത്തികമാക്കാനായിരുന്നു  ആ സന്ദർശനം. കാശ്മീർ പ്രശ്നത്തിൽ ഒരു അന്തിമ തീരുമാനം വരണമെങ്കിൽ ലോകരാഷ്ട്രങ്ങളുടെയും പ്രത്യേകിച്ച് ഐക്യരാഷ്ട്ര സഭയുടെയും മുഴുവൻ ശ്രദ്ധയും ഇവിടേയ്ക്ക് വരണമെന്ന് അവർ അഭിപ്രായപ്പെട്ടു. ആ നിലയ്ക്ക് അവിടെയൊരു യുദ്ധം നടത്തുകയാണ് ഏക പോംവഴിയെന്നും അവർ മുഷറഫിനെ ധരിപ്പിച്ചു. അവരുടെ വാക്കുകളിൽ സമ്മതം തോന്നിയ മുഷറഫ് ഏകദേശം ഫെബ്രുവരി മാസത്തിൽ പാകിസ്ഥാന്റെ ഒരു അർദ്ധസൈനിക വിഭാഗമായ NLA (Northern Line Infantry)ക്കു ഒരു അതീവ രഹസ്യ സന്ദേശം കൈമാറി. "ഇന്ത്യൻ പട്ടാളം ഒഴിച്ചിട്ടിരിക്കുന്ന അവരുടെ ബങ്കറുകളിൽ പോയി സ്ഥാനം പിടിക്കുക"-ഇതായിരുന്നു ആ സന്ദേശം. എന്ന് വച്ചാൽ, ശ്രീ.വാജ്‌പേയ് സമാധാന സന്ദേശവുമായി പാകിസ്ഥാൻ സന്ദർശിച്ചപ്പോഴേക്കും പാകിസ്ഥാൻ ആ കുടില തന്ത്രം മെനയുക മാത്രമല്ല പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാൻ എന്തിനീ കയ്യേറ്റം നടത്തി എന്നതിനുള്ള ഉത്തരം വളരെ ലളിതമാണ്- സിയാച്ചിൻ, ലദ്ദാഖ് ഉൾപ്പെടുന്ന ഭാഗങ്ങളെ കശ്മീരിലെ മറ്റു ഭാഗങ്ങളിൽ നിന്ന് വേർപ്പെടുത്തി പാകിസ്താനിലേക്ക് ചേർക്കുക. അവർ കയ്യേറിയ മലകൾക്കു മുകളിൽ ഇരുന്നാൽ ശ്രീനഗർ, ലേ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന NH 1 അവർക്കു കാണാമായിരുന്നു. കൊല്ലത്തിൽ 4 മാസം മാത്രം ഗതാഗതം സാധ്യമാകുന്ന, ലദ്ദാക്കിന്റെ ജീവനാഡി എന്ന പേരുള്ള  ഈ റോഡിൽ കൂടിയാണ് ലദ്ദാക്കികൾക്കും, ആ ഭാഗങ്ങളിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളത്തിനും ഒരു വർഷത്തേക്കു വേണ്ട എല്ലാ സാധന സാമഗ്രികളും ലോറികളിൽ എത്തിക്കുന്നത്. ആ മലകൾക്കു മുകളിൽ ഇരുന്ന് ഈ റോഡിനെ നിയന്ത്രിച്ചാൽ ഇന്ത്യൻ പട്ടാളത്തിന് മേല്പറഞ്ഞ ഭാഗങ്ങളിലേക്ക് സാമഗ്രികൾ എത്തിക്കാൻ കഴിയാതെ വരും. അങ്ങനെ വന്നാൽ പട്ടിണി കിടക്കുമെന്ന കാരണത്താൽ ലദ്ധാക്കികളും പട്ടാളക്കാരും അവിടം വിടാൻ നിർബന്ധിതരാകും. അതോടെ ഇന്ത്യക്കു വലിയൊരു ഭൂവിഭാഗം കൂടി കാശ്മീരിൽ നഷ്ടമാകും. അതിനാൽ എന്തു കനത്ത വില കൊടുത്തും ഇന്ത്യക്കു പാകിസ്താനെ തങ്ങളുടെ ഭൂമിയിൽ നിന്ന് തുരത്തിയോടിക്കേണ്ടത് ആവശ്യമായിരുന്നു.





പാകിസ്താനിലേക്ക് ശ്രീ.വാജ്‌പേയ് നടത്തിയ യാത്ര വിജയകരമായി അവസാനിച്ചെന്ന വിശ്വാസവുമായി ഇരുന്ന ഇന്ത്യൻ സേന ആദ്യമാദ്യം ഈ വിഷയം വളരെ ഗൗരവമായി കണക്കിലെടുത്തില്ല എന്നതാണ് സത്യം. നാലോ അഞ്ചോ തീവ്രവാദികൾ ആകാമെന്ന നിഗമനത്തിൽ അന്വേഷണത്തിനായി ക്യാപ്റ്റൻ സൗരവ് കാലിയയുടെയും, ക്യാപ്റ്റൻ അമിത് ഭരദ്വാജിന്റെയും കീഴിൽ കുറച്ചു സൈനികരെ പറഞ്ഞയച്ചു. പക്ഷെ പോയവർ പിന്നീട് മടങ്ങി വരികയോ, അവരുമായി മുതിർന്ന സൈനികർക്കു ബന്ധപ്പെടുവാനോ പിന്നീട് സാധിച്ചില്ല. മാത്രമല്ല, കൂടുതൽ സ്ഥാനങ്ങളിൽ നുഴഞ്ഞു കയറ്റങ്ങൾ വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യാനും തുടങ്ങി.




വിഷയം വളരെ ഗൗരവത്തോടെ ദില്ലിയിൽ അവതരിപ്പിക്കപ്പെട്ടു. നുഴഞ്ഞു കയറിയ ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ മാത്രമായും, നിയന്ത്രണ രേഖ മുറിച്ചു കടക്കരുതെന്ന കനത്ത നിർദേശത്തിൽ ഇന്ത്യ പാകിസ്താനുമായി യുദ്ധം പ്രഖ്യാപിച്ചു.


(to be continued....)

രണ്ടാം ഭാഗത്തേക്ക് പോകുവാൻ ഇവിടെ click ചെയ്യുക..




Comments

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം