Attack on Tiger Hills, Kargil (Part 4)


പക്ഷെ ഇവിടെയാണ് ഭാഗ്യം ശ്രീ.യാദവിനെ കൂടുതൽ സഹായിച്ചത്.  ഒരു പക്ഷെ നാം കാണുന്ന സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ നായകന് ലഭിക്കുന്നതിലും വലിയ ഭാഗ്യം.. അദ്ദേഹം പോക്കറ്റിൽ ഒരു പേഴ്സ് കരുതിയിരുന്നു. അതിൽ ഉണ്ടായിരുന്ന 5  രൂപയുടെ കട്ടിയുള്ള നാണയങ്ങൾ  എല്ലാം ഒരു വശത്തേക്ക് ഒരുമിച്ചു കിടന്നിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ലക്‌ഷ്യം വച്ച് ഉതിർത്ത ഉണ്ട ഈ നാണയങ്ങളിൽ തട്ടി തെറിച്ചു. പക്ഷെ ആ ആഘാതത്തിൽ ശ്രീ.യാദവിന്‌ ബോധം നഷ്ട്ടപ്പെട്ടു.

വെടിയുതിർത്ത ആൾക്ക് പിന്നാലെ ഒരാൾ ഇന്ത്യക്കാരുടെ ആയുധങ്ങൾ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. ശ്രീ.യാദവിന്റെ AK 47 എടുത്തു തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കാൽ യാദവിന്റെ കാലിൽ തട്ടി. അതോടെ യാദവിന്‌ ബോധം തിരിച്ചു കിട്ടി. താൻ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ശ്രീ.യാദവ് അവർക്കു നേരെ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ഗ്രെനേഡ്  എറിഞ്ഞു.

തണുപ്പിൽ നിന്ന്  രക്ഷ നേടാൻ പാക് പട്ടാളക്കാരൻ ശരീരത്തിൽ ധരിച്ച കനത്ത കമ്പിളി വസ്ത്രത്തിന്റെ തല സംരക്ഷിക്കുന്ന ഭാഗത്താണ് (hood) ഗ്രെനേഡ് ചെന്ന് വീണത്. എന്താണെന്നു മനസ്സിലാവുന്നതിനു മുമ്പ് ആ ഗ്രെനേഡ് പൊട്ടി തെറിച്ചു. തല ചിന്നിച്ചിതറി അയാൾ ശ്രീ.യാദവിന്റെ ഭാഗത്തേക്ക് വീണു.

അവിടെയുണ്ടായിരുന്നവർ കരുതിയത് ഇന്ത്യൻ സേന മുകളിൽ എത്തിയെന്നാണ്. ആ പരിഭ്രമത്തിൽ അവർ നിൽക്കുമ്പോൾ നിമിഷാർദ്ധം കൊണ്ട് ഒരു കൈ കൊണ്ട് കയ്യിൽ കിട്ടിയ തോക്കെടുത്തു ശ്രീ.യാദവ് അവർക്കു നേരെ വെടിയുതിർത്തു. മാത്രമല്ല കൊടിയ വേദന സഹിച്ചു കൊണ്ട് അദ്ദേഹം ഓരോരോ കല്ലുകൾ മറയാക്കി ഉരുണ്ടു പോയി പല ഭാഗങ്ങളിൽ നിന്നു ആക്രമണം നടത്തി. അതിൽ 3 പാക് പടയാളികൾ മരിക്കുകയും ചെയ്തു. പാക് സേനയുടെ മനോബലം അതോടെ തകർന്നു.
താഴെ നിന്ന് ഇന്ത്യൻ സേന മുകളിൽ എത്തിയെന്നുറപ്പിച്ചു അവർ അവിടെ നിന്ന് പലായനം ചെയ്തു.

ഇതിനിടയിൽ മരിച്ചു കിടക്കുന്ന പാക് സൈനികന്റെ റേഡിയോവിൽ ഒരു സന്ദേശം  വന്നു: താഴെയുള്ള ഇന്ത്യയുടെ MMG പോസ്റ്റിൽ പോയി ആക്രമണം നടത്തുക. ഞെട്ടലോടെയാണ് ശ്രീ.യാദവ് ആ സന്ദേശം കേട്ടത്. താഴെയുള്ള MMG പോസ്റ്റ് പാക് സേന പിടിച്ചെടുത്താൽ ടൈഗർ ഹിൽസ് പിടിച്ചെടുക്കാൻ പാതി വഴിയിൽ എത്തി നിൽക്കുന്ന പല ഇന്ത്യൻ സേനയുടെ വിഭാഗങ്ങളും തീർത്തും ഒറ്റപ്പെടും. ഭക്ഷണമോ യുദ്ധ സാമഗ്രികളോ ലഭിക്കാതെ അവൾ പാക് സേനയുടെ മുന്നിൽ ഒന്നും ചെയ്യാനില്ലാതെ മരണപ്പെടും.

അതിനാൽ ശ്രീ.യാദവ് ദൈവത്തിനോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്: ഇങ്ങനെയൊരു ആക്രമണം പാക് സേന ആസൂത്രണം ചെയ്യുന്നുണ്ടെന്ന് തന്റെ മേലാധികാരികളോട് പറയുന്നത് വരെ തന്റെ ശരീരത്തിൽ ജീവൻ നിർത്തണം. ശ്രീ.യാദവ് ഏകദേശം 3-4 മീറ്റർ മുന്നിലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ ടൈഗർ ഹിൽസിനു ഏറ്റവും മുകളിലുള്ള പാക് സേനയുടെ സർവ വിധ സന്നാഹങ്ങളും കാണാൻ കഴിഞ്ഞു. നല്ല വണ്ണം അത് കണ്ടു മനസ്സിലാക്കിയ ശ്രീ.യാദവ് തിരിച്ചു തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തി. അതിൽ പലരുടെയും തലയും നെഞ്ചും ഒക്കെ പുറത്തു വന്ന അവസ്ഥയിലായിരുന്നു. കുറെ നേരം അദ്ദേഹം അവിടെ ഇരുന്നു കരഞ്ഞു.

താഴേക്കിറങ്ങാൻ തയ്യാറെടുത്ത ശ്രീ.യാദവിന്‌ ഇന്ത്യയുടെ ഭാഗം ഏതാണെന്നും, പാകിസ്ഥാന്റെ ഭാഗം ഏതാണെന്നു മനസ്സിലാക്കാൻ സാധിച്ചില്ല.ഒരു ആന്തരിക ശബ്ദം അദ്ദേഹത്തോട് തന്റെ മുന്നിൽ കണ്ട ചാലിനുള്ളിലേക്കിറങ്ങി താഴേക്ക് പോവാൻ നിർദേശിച്ചു. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം ആ വാക്കുകൾ അനുസരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ സുഹൃത്തുക്കളെ കണ്ടു. അവർ ഇദ്ദേഹത്തെ താങ്ങിയെടുത്തു ക്യാമ്പിനുള്ളിലേക്കു കൊണ്ട് പോയി. ക്യാംപിലെ സൈനികർ ഇങ്ങനൊരു വ്യക്തി മുകളിൽ നിന്ന് തിരിച്ചെത്തിയിട്ടുണ്ടെന്ന സന്ദേശം കമാൻഡർ ആയ ശ്രീ.കുശാൽ താക്കൂറിനു കൈ മാറി. പ്രഥമ ശുശ്രൂഷ നൽകി അയാളെ തന്റെ അടുത്തേക്ക് കൊണ്ട് വരാൻ ശ്രീ.താക്കൂർ അവരോടു പറഞ്ഞു. കമ്മാണ്ടറിനു അടുത്തെത്തിയ ശ്രീ.യാദവ് മുകളിൽ സംഭവിച്ച കാര്യങ്ങളും, അവിടുത്തെ പാക് സേനയുടെ സന്നാഹങ്ങളും, MMG പോസ്റ്റ് ആക്രമിക്കപ്പെടാൻ പോകുന്നുവെന്ന വിലപ്പെട്ട സന്ദേശവും അദ്ദേഹത്തിനു  കൈ മാറി. 

മലമുകളില്‍ ഉള്ള സൈനികര്‍ക്ക് എന്താണ് വേണ്ടതെന്നു താക്കൂര്‍ അദ്ദേഹത്തോട് ചോദിച്ചു. ശ്രീ.യാദവ് അതിനുള്ള ഉത്തരം കൊടുത്തത് ഇപ്രകാരം ആയിരുന്നു, "സര്‍, അവിടെയുള്ളവര്‍ക്ക് വേണ്ടത് വെടിയുണ്ടകളും പരിക്ക് പറ്റിയാല്‍ ശുശ്രൂഷിക്കാന്‍ വേണ്ട മരുന്നു സാമഗ്രികളും ആണ്. ഞങ്ങള്‍ക്ക് ആര്‍ക്കും വിശപ്പില്ല, ഞങ്ങള്‍ ആരും കാര്യമായി ഭക്ഷണം കഴിച്ചിട്ടുമില്ല.  3 ദിവസത്തില്‍ ഞാന്‍ ആകെ കഴിച്ചത് അര പാക്കറ്റ് ബിസ്ക്കറ്റ് മാത്രമാണ്. ഞങ്ങളുടെ മുന്നില്‍ ഉള്ളത് പിടിച്ചെടുക്കേണ്ട ലക്‌ഷ്യം മാത്രമാണ്." അതു പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കീറിയ വസ്ത്രത്തിന്‍റെ പോക്കറ്റില്‍ ബാക്കി പകുതി കിടപ്പുണ്ടായിരുന്നു.

അതോടെ ശ്രീ.യാദവിന്റെ ബോധവും പോയി..

3 ദിവസത്തിന് ശേഷമാണ് ശ്രീ.യാദവിന്‌ ബോധം വന്നത്. അപ്പോഴേക്കും അദ്ദേഹം ശ്രീനഗറിലെ ആർമി ഹോസ്പിറ്റലിൽ എത്തിയിരുന്നു. താൻ കേൾക്കാൻ കൊതിച്ചിരുന്ന വാർത്തയും അദ്ദേഹം താമസിയാതെ കേട്ടു. തനിക്കു വെടിയേറ്റ അന്ന് തന്നെ ഇന്ത്യൻ സേന ടൈഗർ ഹിൽസ് പിടിച്ചെടുത്തിരുന്നു...

2000 ജനുവരി 26 നു അദ്ദേഹം അന്നത്തെ രാഷ്‌ട്രപതി ശ്രീ.കെ.ആർ.നാരായണനിൽ നിന്ന് പരം വീർ ചക്ര ഉപഹാരം ഏറ്റു വാങ്ങി.

നീണ്ട 16 മാസങ്ങൾക്കു ശേഷം 2000 നവംബറിലാണ് ശ്രീ.യാദവ് പിന്നീട് ജോലിക്കു പ്രവേശിക്കുന്നത്.  ഇന്നദ്ദേഹം IMA, ഡെഹറാഡൂണിലെ instructor ആയി ജോലി ചെയ്യുന്നു..




Sree.Yadav being visited by then Army Gen V.P Malik

വാൽകഷ്ണം: "operation vijay " എന്നാണ് കാർഗിൽ യുദ്ധത്തിന് നൽകിയ പേര്. ജൂലൈ 26 നു യുദ്ധം അവസാനിച്ചതായും ഇന്ത്യ അതിൽ വിജയിച്ചതായും ഔദ്യോഗികമായി ശ്രീ.വാജ്‌പേയ് പ്രഖ്യാപിച്ചു. ഇന്നും തോലോലിങ് മലയ്ക്ക് താഴെയുള്ള കാർഗിൽ യുദ്ധ സ്മാരകത്തിൽ അന്നേ  ദിവസം ചില ചടങ്ങുകൾ നടക്കാറുണ്ട്.

രണ്ടു ആണവരാജ്യങ്ങൾ തമ്മിലുള്ള ആദ്യ യുദ്ധം ആയിരുന്നു കാർഗിലിൽ നടന്നത്. അതിനാൽ ഇരു രാജ്യങ്ങളും ആണവായുധം പ്രയോഗിക്കുമോ എന്നു ലോകരാജ്യങ്ങൾ ഭയന്നിരുന്നു. എന്തിനാണോ തങ്ങൾ ഈ യുദ്ധം തുടങ്ങി വെച്ചത് അതിന്റെ ഫലം കിട്ടിയില്ലെന്നു മാത്രമല്ല തങ്ങളുടെ സുഹൃത് രാജ്യങ്ങളായ ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങൾ അടക്കം പാകിസ്താനെ തള്ളി പറഞ്ഞു. മാത്രമല്ല ന്യായം തങ്ങളുടെ ഭാഗത്തായിരുന്നിട്ടും യുദ്ധം പ്രാദേശിക ഭാഗങ്ങളിൽ മാത്രം ഒരുക്കി നിർത്തിയതിനു ലോക രാഷ്ടങ്ങളുടെ മുഴുവൻ പ്രശംസയും ഇന്ത്യയ്ക്ക് ലഭിച്ചു.

ഔദ്യോകിയ കണക്കു പ്രകാരം 527 ധീര ജവാന്മാരാണ് ഇന്ത്യയ്ക്ക് വേണ്ടി ജീവൻ വെടിഞ്ഞത്.

നമുക്ക് സ്മരിക്കാം.. ആ ധീര ഭാരത പുത്രന്മാരെയും അവരുടെ കുടുംബത്തെയും....





Comments

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം