Attack on Tiger Hills, Kargil (Part 3)


ദ്രാസ് ഭാഗത്തെ ഏറ്റവും വലിയ കൊടുമുടിയായ ടൈഗർ ഹിൽസ് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 16500 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ അതിനു മുകളിൽ ഇരിക്കുന്ന ശത്രുക്കൾ കാർഗിൽ, ബറ്റാലിക്, ലെ ഭാഗത്തേക്കുള്ള ഇന്ത്യയുടെ ലോറികളുടെ നീക്കം തീർത്തും മരവിപ്പിച്ചിരുന്നു. മാത്രമല്ല, ചുറ്റുമുള്ള ചെറിയ ചില മലകൾ പിടിച്ചടക്കിയാലും അതിനും മുകളിൽ ഇരിക്കുന്ന ശത്രുവിന് അവരെ തുരത്തിയോടിക്കാനും നിഷ്പ്രയാസം കഴിഞ്ഞിരുന്നു. അതിനാൽ  എല്ലാം കൊണ്ടും ഏറ്റവും കൂടുതൽ പ്രാധാന്യം ഈ മല പിടിച്ചടക്കുന്നതിനു തന്നെയായിരുന്നു.

പക്ഷെ, നേരത്തെ സൂചിപ്പിച്ചതു പോലെ ടൈഗർ ഹിൽസ്-ൽ പാകിസ്ഥാൻ വളരെ കെട്ടുറപ്പുള്ള ഒരു സന്നാഹമാണ് തീർത്തിരുന്നത്.
'8 സിഖ്' എന്ന ഒരു ബറ്റാലിയൻ  മെയ് മാസത്തിൽ  ഒരിക്കൽ ടൈഗർ ഹിൽസ് തിരിച്ചു പിടിക്കാനൊരു ശ്രമം നടത്തിയതായിരുന്നു. പക്ഷെ പാക് സേനയുടെ അതി കഠിനമായ പ്രത്യാക്രമണം മൂലം കനത്ത ആളപായം സംഭവിക്കുകയും താത്ക്കാലത്തേക്കു ആ ശ്രമം മാറ്റി വെക്കുകയും ചെയ്തിരുന്നു.

പിന്നീട് തോലോളിങ് പിടിച്ചടക്കിയതിനു ശേഷം ടൈഗർ ഹിൽസ്-ലേക്ക് ആക്രമണം നടത്താൻ '8 സിഖ്', '2 നാഗ ', '18 ഗ്രെനേഡിയർ' എന്നിവരെ നിയോഗിക്കുകയായിരുന്നു. അതിൽ തന്നെ '18 ഗ്രെനേഡിയർ'-നെ alpha, charlie, ghatak എന്നിങ്ങനെ മൂന്നായും തിരിച്ചിരുന്നു. ഇതിൽ ghatak platoon-ന്റെ ഗൈഡ് ആയി നിയമിച്ചത് ശ്രീ.യാദവിനെ ആയിരുന്നു.

ടൈഗർ ഹിൽസ്-ന്റെ ഒരു ഭാഗം ഏകദേശം 1000 അടി കുത്തനെയുള്ള ഒരു ഭാഗമായിരുന്നു. അതിനാൽ അതിലൂടെ ഇന്ത്യൻ സേന ആക്രമണം നടത്തില്ലെന്ന് പാക് സേന കരുതി. 8 സിഖും, 2 നാഗയും അതിനു മുമ്പും ഇന്ത്യ ആക്രമണം നടത്തിയ അതെ ഭാഗത്തു നിന്ന് നിറയൊഴിച്ചു കൊണ്ട് പാക് സേനയുടെ ശ്രദ്ധ തിരിച്ചു വിട്ടപ്പോൾ യാദവ് അടങ്ങുന്ന സംഘം കയറിൽ തൂങ്ങി കുത്തനെയുള്ള ഭാഗം കയറുകയായിരുന്നു.

പക്ഷെ ഇടക്കെപ്പോഴോ സംശയം തോന്നി പാക് സേന ആ ഭാഗത്തേക്ക് നിറയൊഴിച്ചപ്പോൾ വിചാരിച്ച പോലെ എല്ലാവര്ക്കും മുകളിൽ എത്താൻ കഴിഞ്ഞില്ല. പക്ഷെ ഇന്ത്യൻ സേനയുടെ ആ ശ്രമവും വിഫലമാക്കി എന്ന് കരുതിയ പാക് സേനയ്ക്ക് തെറ്റി.  യാദവ് അടക്കം 7  പേർ മുകളിലേക്ക് എത്താൻ പാകത്തിൽ ഒരു സുരക്ഷിത സ്ഥാനത്തു എത്തിക്കഴിഞ്ഞിരുന്നു. കുത്തനെയുള്ള ഭാഗം കയറി നിരപ്പിൽ എത്തിയ ഉടനെ പാക് സേനയുടെ ഒരു ബങ്കർ ശ്രീ.യാദവും കൂട്ടരും കണ്ടു. തീർത്തും അവിചാരിതമായ ആ യുദ്ധത്തിൽ ആ ബങ്കറിലെ 5 പേരെയും കൊല്ലാൻ ശ്രീ.യാദവിനും കൂട്ടർക്കും കഴിഞ്ഞു.

ടൈഗർ ഹിൽസ് അപ്പോഴും ഏകദേശം 60 മീറ്റർ ദൂരത്തിലായിരുന്നു. ഇന്ത്യൻ സേന അത് വഴി മുകളിൽ എത്തിയെന്നറിഞ്ഞ പാക് സേന വളരെ  തീവ്രമായി ഇവർക്ക് നേരെ നിറയൊഴിച്ചു കൊണ്ടിരുന്നു. ആ ആക്രമണം ഏകദേശം 5 മണിക്കൂറോളം നീണ്ടു. പതിയെ ഇന്ത്യൻ സേനയുടെ വെടിക്കോപ്പ് തീർന്നു തുടങ്ങി. അതിനാൽ ശ്രീ.യാദവും കൂട്ടുകാരും ആക്രമണം നിർത്തി വച്ചു. പല വിധത്തിൽ പ്രകോപനങ്ങൾ നടത്തിയിട്ടും ഒരു അനക്കവും ഇല്ലെന്നു കണ്ടപ്പോൾ പാക് സേനയും കബളിക്കപ്പെട്ടു. ഒന്നുകിൽ ഇന്ത്യൻ പട്ടാളക്കാർ മരിച്ചു, അല്ലെങ്കിൽ അവരുടെ ആയുധങ്ങൾ തീർന്നു എന്ന് കരുതി കല്ലുകൾക്കിടയിൽ നിന്ന് പുറത്തു വന്ന പാക് സേനയ്ക്ക് നേരെ ഇന്ത്യൻ സേന ആക്രമണം നടത്തി. ഏകദേശം 10 പേർ വന്നതിൽ 2 പേരൊഴിച്ചു എല്ലാവരും വധിക്കപ്പെട്ടു. പക്ഷെ ആ ആധിപത്യം അധിക നേരം നീണ്ടു നിന്നില്ല.

രക്ഷപ്പെട്ട 2 പേർ മുകളിൽ ചെന്ന് താഴത്തെ സ്ഥിതിഗതികൾ അവിടുള്ളവരെ ബോധിപ്പിച്ചു. താഴെ ഇന്ത്യൻ ഭാഗത്ത്  എത്ര പേരുണ്ടെന്നും, അവരുടെ കയ്യിൽ  ഏതൊക്കെ ആയുധങ്ങൾ ഉണ്ടെന്നും അവരോടു പറഞ്ഞു.   ഏകദേശം 35 പേരടങ്ങുന്ന ഒരു സംഘമാണ് പിന്നീട് ശ്രീ.യാദവിനും കൂട്ടർക്കും നേരെ നടത്തിയത്. മറഞ്ഞിരിക്കുന്ന കല്ലുകൾക്കിടയിൽ നിന്ന് ശരീരത്തിണ്റ്റെ ഏതെങ്കിലും ഒരു ഭാഗം പുറത്തു കണ്ടാൽ വെടിയേൽക്കുമെന്ന അവസ്ഥ. തങ്ങളുടെ മരണം അവർ ഉറപ്പെന്ന് കരുതിയിരുന്ന നിമിഷങ്ങൾ..

പാക് സേന തങ്ങൾക്കു നേരെ ആക്രോശിച്ചു കൊണ്ട് പതിയെ അടുക്കുകയാണെന്നു ശ്രീ.യാദവിനും കൂട്ടർക്കും മനസ്സിലായി. എന്നിട്ടും  അവർ തിരിച്ചു ആക്രമണത്തിന് മുതിർന്നില്ല.

പക്ഷെ, വൈകാതെ പാക് സേന ഇന്ത്യൻ പട്ടാളത്തിന്റെ ഒരു  LMG തോക്കിന്റെ അഗ്രഭാഗം കണ്ടു. അതു ഉന്നം വച്ച് അവർ  ആക്രമണം നടത്തിയപ്പോൾ ആ തോക്കിനു  കേടു സംഭവിച്ചു. അതൊരു വലിയ അടി തന്നെയായിരുന്നു ആ ഘട്ടത്തിൽ ഇന്ത്യൻ സേനയ്ക്ക്. ശ്രീ യാദവ് ആ തോക്കിനു തൊട്ടടുത്ത് തന്നെയായിരുന്നു ഇരുന്നിരുന്നത്. "ഞാൻ ശരിയാക്കാം, അതിങ്ങോട്ടിടൂ" എന്ന് അതുപയോഗിക്കുന്ന വ്യക്തി ശ്രീ.യാദവിനോട് വിളിച്ചു പറഞ്ഞപ്പോൾ ആ ശബ്ദം കെട്ടിടത്തേക്കു പാക് സേന ഗ്രെനേഡ് എറിഞ്ഞു. അതിലൂടെ LMG ഉപയോഗിക്കുന്ന ആൾക്കും പരിക്കുകൾ പറ്റുകയും. മറ്റൊരു യോഗീന്ദർ സിംഗിന്റെ ഒരു വിരൽ അറ്റു  പോവുകയും ചെയ്തു. 

ഇതിനിടയിൽ എപ്പോഴോ പാക് സേന ഇന്ത്യൻ നിരയിൽ ഒരു sniper, (ശ്രീ.ആനന്ദ് രാം)  ഉണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിന് നേരെ ആക്രമണം തുടങ്ങിയിരുന്നു. അയാളെ സഹായിക്കാൻ ചെല്ലാൻ  7 പേരിൽ ഒരാൾ യാദവിനോട് പറഞ്ഞു. ശ്രീ.യാദവ് അയാളുടെ അടുത്തേക്ക് സഹായത്തിനു ഓടിയപ്പോൾ അദ്ദേഹത്തെ കണ്ട പാക് സേന അടുത്ത ഗ്രെനേഡ് ഉപയോഗിച്ചു. അതിൽ യാദവിന്റെ കണ്ണിനും, മൂക്കിനും മാരക ക്ഷതം സംഭവിച്ചു.

തന്റെ സഹായത്തിനു ഓടി വന്ന യാദവിന്റെ മുറിവിൽ പഞ്ഞി വെച്ച് കെട്ടാൻ ശ്രീ. ആനന്ദ് തീരുമാനിച്ചു. പഞ്ഞിയുടെ കവർ കടിച്ചു പൊട്ടിക്കാൻ വേണ്ടി കവർ വായിൽ വച്ചതും ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ശിരസ്സ് തുളച്ചു കയറിയതും ഒരുമിച്ചായിരുന്നു. ഒരക്ഷരം ഉരിയാടാതെ വായിൽ ആ കവർ വച്ച നിലയിൽ തന്നെ അദ്ദേഹം വീണു. ശ്രീ.ആനന്ദ് വീണെന്ന് മനസ്സിലാക്കി തന്നെ ഇവിടേയ്ക്ക് പറഞ്ഞ ആളെ നോക്കിയാ ശ്രീ.യാദവ് കണ്ടത് അദ്ദേഹവും വീണു കിടക്കുന്നതാണ്. ഇരുവരും സ്വർഗം പൂകിയെന്ന സത്യം ഞെട്ടലോടെ മനസ്സിലാക്കിയ ശ്രീ.യാദവ് മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് പാക് സേന തങ്ങളെ 3 വശത്തു നിന്നും വളഞ്ഞു തോക്കു ചൂണ്ടി നിൽക്കുന്നതാണ്. പിന്നീട് 1 നിമിഷം കൊണ്ട് എല്ലാം അവസാനിക്കുകയായിരുന്നു.

പക്ഷെ വിധിയുടെ വിളയാട്ടമോ, ഭാഗ്യദേവതയുടെ കടാക്ഷമോ എന്നറിയില്ല, ബാക്കി 6 ആളുകൾ മരണത്തിനു കീഴടങ്ങിയപ്പോഴും ശ്രീ.യാദവ് മാത്രം ജീവനോടെ അവിടെ അവശേഷിച്ചു. അദ്ദേഹത്തിന്റെ ഇടതു കയ്യിലും വലതു കാലിലും ആണ് വെടിയുണ്ടകൾ ഏറ്റത്.. പക്ഷെ ഒന്നോ രണ്ടോ അല്ല മറിച്ചു 17 എണ്ണം. പക്ഷെ പാക് സേന കരുതിയത് എല്ലാവരും മരിച്ചു എന്നാണ്.

ഒന്നും മിണ്ടാതെ വേദനയും സഹിച്ചു തനിക്കു ചുറ്റും നടക്കുന്നത് എന്താണെന്നു നോക്കുകയല്ലാതെ ശ്രീ.യാദവിന്‌ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനിടയിൽ പാക് സേനയിൽ ഒരാൾ എല്ലാവരും മരിച്ചെന്നു ഉറപ്പു വരുത്താൻ ഇന്ത്യക്കാരെയൊക്കെ ക്രമപ്രകാരം വെടി വെച്ചു നോക്കാൻ തുടങ്ങി. ഓരോ വെടിയുണ്ട ശരീരത്തിൽ ഏറ്റു വാങ്ങുമ്പോഴും തന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ശരീരം ഉയർന്നു വീഴുന്നത് ശ്രീ.യാദവ് വേദനയോടെ നോക്കിക്കണ്ടു. താമസിയാതെ അയാൾ യാദവിന്‌ നേരെയും വെടിയുതിർത്തു.

അയാൾ വച്ച 2 വെടിയുണ്ടകൾ ശ്രീ.യാദവിന്റെ കയ്യിൽ ആണ് കൊണ്ടത്. അപ്പോഴും ഒരു ശബ്ദവും ഉണ്ടാക്കാതെ ശ്രീ.യാദവ് അവിടെ തന്നെ മരിച്ച ഭാവത്തിൽ കിടന്നു. മൂന്നാമത്തെ വെടി വയ്ക്കാൻ വേണ്ടി അയാൾ ശ്രീ.യാദവിന്റെ നെഞ്ചിനു നേർക്ക് തോക്കുയർത്തി. താൻ മരിക്കാൻ പോവുകയാണെന്ന് തന്നെ ശ്രീ.യാദവ് ഉറപ്പിച്ചു.

to be continued...

രണ്ടാം ഭാഗത്തേക്ക് പോകുവാൻ ഇവിടെ click ചെയ്യുക..

നാലാം ഭാഗത്തേക്ക് പോകുവാൻ ഇവിടെ click ചെയ്യുക..





Comments

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം