ഇന്ത്യയുടെ സുവര്‍ണ്ണ നഗരിയിലേക്ക് (ഭാഗം 11)

യാത്ര എന്നാല്‍ ഒരു ബാഗും എടുത്തു അറിയാത്ത സ്ഥലങ്ങളിലേക്ക് ഒരു പോക്ക് മാത്രമല്ല, മറിച്ച് അവിടുത്തെ എല്ലാം അറിഞ്ഞുള്ള ഒരു സന്ദര്‍ശനം തന്നെയാവണം. അതില്‍ ആ സ്ഥലത്തെ പൂര്‍വചരിത്രം, ജനങ്ങളുടെ ജീവിതരീതി, ആചാരങ്ങള്‍, വിശ്വാസങ്ങള്‍  എല്ലാം പെടും. അത്തരത്തില്‍ ആലോചിക്കുമ്പോള്‍ ജൈസാല്‍മീര്‍ യാത്ര ഒരു വിജയം തന്നെയായിരുന്നു. മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ പാകത്തിലുള്ള 4 ദിവസങ്ങള്‍ ആയിരുന്നു ഞങ്ങളവിടെ ചിലവിട്ടത്. അത്ഒരു പക്ഷെ അധികമൊന്നും കേട്ടുകേള്‍വിയില്ലാത്ത ഒരു പ്രദേശം ആയതു കൊണ്ടുമാവാം  ആ ഒരു പുതുമ തോന്നിയത്.

ജൈസാല്‍മീര്‍ ഒരു അത്ഭുതം തന്നെയാണ്. അവിടെ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തൊട്ടു ഒരു time machine ല്‍ കയറി ഏതോ ഒരു കാലഘട്ടത്തിലേക്ക് പോയ പോലെയായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായ തോന്നല്‍. സ്ഥലത്തെ ഭൂപ്രകൃതിയും അതിനോട് ചേര്‍ന്ന് കിടക്കുന്നതും,  അവിടുത്തെ കാലവസ്ഥയോടു ചേര്‍ന്നതുമായ  കെട്ടിടങ്ങളും അവയിലെ സങ്കീര്‍ണ്ണമായ കൊത്തുപണികളുമെല്ലാം ഒരു അത്ഭുതം തന്നെയായിരുന്നു. കോട്ടയുടെ ഉള്ളിലൂടെ ഉള്ള നടത്തം തന്നെയായിരുന്നു അവയില്‍ മുഖ്യം. ഇടയില്‍ വന്നു പോകുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയിരുന്നു ആ തോന്നലിനു ഭംഗം വരുത്തിയിരുന്നത്. അവ പലപ്പോഴും നമ്മള്‍ ഈ നൂറ്റാണ്ടില്‍ തന്നെയാണെന്ന് പറഞ്ഞു കൊണ്ടിരുന്നു.

ചരിത്രം, പഴയ ആചാരങ്ങള്‍, കഥകള്‍ എല്ലാം ഇഷ്ടമായ എനിക്ക് അവിടെ കിട്ടിയ ഗൈഡുകളും മികച്ചതായിരുന്നു. ബഡാബാഗില്‍ കിട്ടിയ ഗൈഡ് ആര്യന്‍ എന്ന പയ്യന്‍റെ പൂര്‍വീകര്‍ കുടീരങ്ങള്‍ ഉണ്ടാക്കാന്‍ കൂടിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ സാലം സിങ്ങിന്‍റെ 7ആം തലമുറയില്‍ പെട്ട ആള്‍ തന്നെയാണ് അവിടുത്തെ കാര്യങ്ങള്‍ വിവരിച്ചു തന്നത്. അതില്‍ പലതും ഇന്നും ഇന്റര്‍നെറ്റില്‍ ഇല്ലെന്നുള്ളത് ഒരു അത്ഭുതം തന്നെ.

തികച്ചും മരുഭൂമി പ്രദേശമായ ഈ നഗരത്തില്‍ പണ്ട് ജനങ്ങള്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന അവരുടെ ജീവിതരീതിയും ഒരു പുതിയ അറിവ് ആയിരുന്നു. പച്ചപ്പിന്‍റെ പറുദീസയായ നമ്മള്‍ കേരളക്കാര്‍ക്ക് ഒരു പക്ഷെ ആലോചിക്കാന്‍ പോലും കഴിയാത്ത രീതി..

ഇതിനെല്ലാം പുറമേയായിരുന്നു ഖുറി ഗ്രാമത്തിലേക്കുള്ള ഞങ്ങളുടെ യാത്ര.  പരന്നു കിടക്കുന്ന മരുഭൂമി പ്രദേശത്തു കിലോമീറ്ററുകള്‍ തികച്ചും ഏകാന്തമായ വഴിയിലൂടെ  ഒരു സ്കൂട്ടറില്‍ പോയതു പിന്നീട് ആലോചിക്കുമ്പോള്‍ ഒരു രസം തന്നെ. അതേ പോലെ തന്നെയാണ് മരുഭൂമിയിലെ മണലില്‍ കളിച്ചതും, തുറന്ന ആകാശത്തിലെ രാത്രി ഭക്ഷണവും കിടപ്പും. അത് വഴി രാജസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു ചെറിയ ഗ്രാമത്തിന്‍റെ കാഴ്ചയും നമുക്ക് ലഭിച്ചു. ഞങ്ങളുടെ ആതിഥേയന്‍ ശ്രീ. ബാദല്‍ സിങ്ങിനു സ്നേഹാദരങ്ങള്‍..

ഖുറി യാത്രയില്‍ വഴിയില്‍ വളരെ ദുര്‍ലഭം ആയിട്ടായിരുന്നു മണല്‍ കൂനകള്‍ കണ്ടത് എങ്കില്‍, അവയുടെ ഒരു ചാകര തന്നെയായിരുന്നു ലോങ്കെവാല പോയപ്പോള്‍.  കൂടാതെ, ഒരു യുദ്ധഭൂമിയിലെക്കാണ് പോകുന്നത് എന്നതും, ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ അവരുടെ ക്യാമ്പില്‍ പോയി സന്ദര്‍ശിക്കുകയാണ് എന്ന ത്രില്ലും.. 

എന്നിരുന്നാലും , ഇതിന്‍റെയെല്ലാം ഇടയില്‍ കുല്‍ധാര ഗ്രാമം തികച്ചും നിരാശപ്പെടുത്തി എന്നത് പറയാതെ വയ്യ. പക്ഷെ യാത്ര, ആകെ നോക്കുമ്പോള്‍  ആ കുറവ് യാത്രയുടെ മാറ്റ് കുറയ്ക്കാന്‍ പോന്നതല്ല..

തിരിച്ചു ട്രെയിന്‍ കയറുമ്പോള്‍ ഒരു യാത്ര കൂടി ഇവിടേക്ക് നടത്തും എന്ന് ഉറപ്പിച്ചു തന്നെയാണ് ജൈസാല്‍മീര്‍ നഗരത്തിനോട് യാത്ര ചൊല്ലിയത്. ആ വിളിക്കായി ഞങ്ങള്‍ ഇന്നും കാത്തിരിക്കുന്നു..

















Comments

  1. വിശദമായ വിവരണം. വളരെ ഇഷ്ടമായി. ഇനിയും രസകരമായ ജൈസാൽമേർ കഥകൾക്ക് വഴി തെളിയട്ടെ..

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം