ഇന്ത്യയുടെ സുവര്‍ണ്ണ നഗരിയിലേക്ക് (ഭാഗം 10)

 

ജൈസാല്‍മീര്‍ നഗരത്തില്‍ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ നാം നോക്കിയാല്‍ ഏറ്റവും അവസാനം കാണുന്ന ഒന്നാണ് അവിടുത്തെ യുദ്ധ മ്യൂസിയം. ഇത് വരെ കണ്ട സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ ലോങ്കെവാല ഒഴിച്ച് ബാക്കിയെല്ലാം നൂറ്റാണ്ടുകള്‍ മുമ്പുള്ള കഥകള്‍ പറഞ്ഞു തരുന്നവയാണ്. അതില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് യുദ്ധ മ്യൂസിയം. ഇതു ജൈസാല്‍മീര്‍ നഗരത്തില്‍ നിന്ന് ഏകദേശം 12km ജോധ്പൂര്‍ ദിശയിലേക്കാണ്. എന്ന് വെച്ചാല്‍ കാറില്‍ ആണ് ജൈസല്മീര്‍ വരുന്നത് എങ്കില്‍ ആദ്യത്തെ സ്വാഗതം അരുളുന്നത് ഈ മ്യൂസിയം ആണ്.

ആദ്യത്തെ ലേഖനത്തില്‍ പറഞ്ഞ പോലെ യുദ്ധങ്ങള്‍ എന്നും ജൈസാല്മീര്‍ നഗരത്തിനെ പിന്തുടര്‍ന്നിരുന്നു, 1971 വരെയും. അതിനാല്‍, ഒരു കണക്കിന് പറഞ്ഞാല്‍, യുദ്ധങ്ങളെ പറ്റി അറിയാന്‍ ഇതിലും നല്ലൊരു നഗരം ഇല്ലെന്നു തന്നെ പറയാം.

മ്യൂസിയത്തിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റന്‍ ഇന്ത്യന്‍ പതാകയും, അതിനു മുമ്പില്‍ ഏകദേശം 10 അടിയോളം പോന്ന ഒരു കത്തിയുടെ രൂപവും ആണ്. ഏതൊരു ഇന്ത്യക്കാരനും തന്‍റെ ദേശസ്നേഹം തുളുമ്പി വരുന്നത് സ്വന്തം ദേശത്തെ പതാക അന്തരീക്ഷത്തില്‍ പാറി കളിക്കുമ്പോള്‍ ആണ്. ഞങ്ങളും കുറച്ചു നേരം ആ പതാകയെ തന്നെ നോക്കി നിന്ന് എന്നതാണ് ശരി. ഡല്‍ഹി നഗര മദ്ധ്യത്തില്‍ ഉള്ള കൊണോട്ട് പ്ലേസിലെ വലിയ കൊടി ആണ് അപ്പോള്‍ ഓര്‍മ്മ വന്നത്. 




ഈ പതാകയ്ക്ക് ചുറ്റും ഒരു ചെറിയ രീതിയില്‍ മോടി പിടിപ്പിച്ച ഉദ്യാനം പണി കഴിപ്പിച്ചിരിക്കുന്നു. അതിനു ചുറ്റും ശരിക്ക് ഒരു പട്ടാള ക്യാമ്പ് എന്നു തോന്നിക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളും. ഈ കെട്ടിടങ്ങളില്‍ മുഴുവന്‍ നമുക്കുള്ള വിവരങ്ങള്‍ ആണ്. ഓരോ കാലത്ത് ഉണ്ടായിരുന്ന പ്രസിദ്ധമായ സാമ്രാജ്യങ്ങളുടെ വേഷങ്ങളും, യുദ്ധ രീതികളും മറ്റുമാണ് കൂടുതല്‍.



പിന്നീട് അങ്ങോട്ട്‌ പല തരം ആയുധങ്ങളുടെ പ്രദര്‍ശനവും, പ്രധാനപ്പെട്ട യുദ്ധങ്ങളുടെ ചെറിയ വിവരണങ്ങളും ആണ്. ഇന്ത്യ അന്നേ ദിവസം വരേയ്ക്കും ഏറ്റവും അവസാനം ഏര്‍പ്പെട്ട കാര്‍ഗില്‍ യുദ്ധം വരെയും അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വെച്ചു നടന്ന യുദ്ധം ആയതിനാല്‍ ലോങ്കെവാല യുദ്ധത്തിനു കുറച്ചു കൂടുതല്‍ പ്രാധാന്യം കൊടുത്തു കാണാം.







കൂടാതെ, ഓരോ സൈന്യത്തിന്‍റെയും uniform ഓരോ പ്രതിമയുടെ മേല്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. അതില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് സിയാച്ചിന്‍ പോലുള്ള കൊടും തണുപ്പുള്ള സ്ഥലങ്ങളില്‍ നമ്മുടെ പട്ടാളക്കാര്‍ ഇടുന്ന ഡ്രസ്സ്‌ ആണ്. ഇത്രയധികം കഷ്ട്ടപ്പാടുകള്‍ സഹിച്ചാണ് അവര്‍ അതിര്‍ത്തി കാക്കുന്നത് എന്നത് ശരിക്കും നമ്മുടെ വികാരത്തെ ഉണര്‍ത്തുന്ന ഒരു സംഗതി ആണ്. ഇങ്ങനെയൊരു മ്യൂസിയത്തിന്‍റെ നിര്‍മ്മാണത്തിനു പിന്നിലുള്ള ചെതോവികാരവും അത് തന്നെ..





പുറത്തേക്കിറങ്ങിയാല്‍ നമ്മള്‍ കാണുന്നത് ഇന്ത്യന്‍ പട്ടാളം ഒരു കാലത്ത് ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ രൂപങ്ങളാണ്. ലോങ്കെവാലയുദ്ധത്തില്‍ പാകിസ്ഥാന്‍ എറിഞ്ഞിട്ടു പോയതും ഇന്ത്യന്‍ പട്ടാളം നശിപ്പിച്ചതുമായ  അവരുടെ ചില വണ്ടികളും കൂട്ടത്തില്‍ ഉണ്ട്. അങ്ങനെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ടാങ്കുകള്‍ ഒരേ ദിശയിലേക്കു നില്‍ക്കുന്ന കാഴ്ച ആദ്യമായി കാണാന്‍ ഇടയായി. മാത്രമല്ല, അതേ യുദ്ധത്തില്‍ ഇന്ത്യന്‍ വായുസേന ഉപയോഗിച്ച hunter വിമാനങ്ങളും അവ നശിപ്പിച്ച പാകിസ്ഥാന്‍ ടാങ്കുകളും ഒപ്പം നില്‍ക്കുന്നതും കണ്ണിനു നല്ല വിരുന്നായിരുന്നു. വേട്ടക്കാരനും വേട്ടയാടപ്പെട്ടവനും കൈ കോര്‍ത്ത്‌..





ലോങ്കെവാലയില്‍ പോയി വന്നപ്പോള്‍ തന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയായി മാറിയിരുന്നു. അന്നേ ദിവസം തന്നെയായിരുന്നു ഞങ്ങള്‍ ഈ മ്യൂസിയം കാണാന്‍ പോയതും. അതോടെ പട്ടാളക്കരോടുള്ള ബഹുമാനം അതിന്‍റെ പാരമ്യത്തില്‍ എത്തിയെന്നു തന്നെ പറയാം. തിരിച്ചു ടൌണിലേക്ക് വരുമ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു. ലോങ്കെവാലയില്‍ കണ്ട ഓരോ ബോര്‍ഡിനും കൂടുതല്‍ അര്‍ത്ഥമുള്ള പോലെയും അവയിലെ ഓരോ വാചകങ്ങളും കൂടുതല്‍ മനസ്സിലേക്ക് തറച്ചു കയറുന്ന പോലെയും തോന്നി.

അന്നേ ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും മനസ്സില്‍ മുഴുവന്‍ ആ മരുഭൂമിയും അതിലെ ബോര്‍ഡുകളും മാത്രമായിരുന്നു..



<<<  ഭാഗം 9   ഭാഗം 1                                    ഭാഗം 11 >>>

Comments

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം