ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 8) ലോങ്കെവാല

ജൈസല്‍മേര്‍ രാജാക്കന്മാര്‍ക്കും അവരുടെ കഥകള്‍ക്കും തല്ക്കാലം വിട. ഇവിടെ ഞാന്‍ കാലചക്രം ഈ നൂറ്റാണ്ടിലേക്ക് തിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1971 ഡിസംബര്‍ 3ആം തിയതിയിലേക്ക്..

ദൃശ്യ-ശ്രവണ മാധ്യമങ്ങളില്‍, കായിക വിഷയങ്ങളില്‍, ‘ഇന്ത്യക്ക് പാകിസ്ഥാനു മേല്‍ ആധികാരിക വിജയം, പാകിസ്ഥാന് ഇന്ത്യക്ക് മുന്നില്‍ ദയനീയ തോല്‍വി’ തുടങ്ങിയ വാര്‍ത്തകള്‍ കേട്ടാല്‍ തന്നെ നമുക്ക് ഒരു പ്രത്യേക സന്തോഷമാണ്. കാരണം മറ്റൊന്നുമല്ല, ഇന്ത്യ തോല്‍പ്പിച്ചത് പാകിസ്ഥാനെ ആയതു തന്നെ. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത‍ യുദ്ധത്തില്‍ ആണെങ്കിലോ?

ഞങ്ങളുടെ ഇന്നത്തെ യാത്ര രാജസ്ഥാനില്‍ ഇന്ത്യ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന L.o.C-ല്‍ (Line of Control) നിന്ന് വെറും 15km മാത്രം അകലെ കിടക്കുന്ന ഒരു യുദ്ധഭൂമിയിലേക്ക് ആയിരുന്നു. ലോങ്കേവാല. ഇവിടെയാണ്‌ 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം നടന്നത്.

 ഇനി അല്പം ചരിത്രം. ഈ യുദ്ധത്തിന്‍റെയും സ്ഥലത്തിന്‍റെയും പ്രാധാന്യം മനസ്സിലാവണമെങ്കില്‍ അതു കൂടിയേ തീരൂ. യഥാര്‍ത്ഥത്തില്‍ 1971-ലെ യുദ്ധം അന്ന് ‘കിഴക്കേ പാകിസ്ഥാന്‍’ എന്ന് പേരുള്ള ബംഗ്ലാദേശിന്‍റെ മോചനത്തിനു വേണ്ടിയുള്ളതായിരുന്നു. കിഴക്കേ പാകിസ്താനിലെ ജനങ്ങളും, സൈനിക,അര്‍ദ്ധ സൈനിക വിഭാഗത്തില്‍ പെട്ടവരും ചേര്‍ന്നുണ്ടാക്കിയ ‘മുക്തി ബാഹിനി’ എന്നു പേരുള്ള ഒരു സംഘം വളരെ തീവ്രമായി പാകിസ്ഥാന്‍ സേനക്ക് മുകളില്‍ ആക്രമം അഴിച്ചു വിട്ടിരുന്നു. ഇന്ത്യന്‍ സേനയും അവരെ സഹായിച്ചു പോന്നു. ആ നിലക്ക് കിഴക്കേ പാകിസ്ഥാന്‍ അധിക കാലം തങ്ങളുടെ കയ്യില്‍ നില്‍ക്കില്ലെന്ന് അന്നത്തെ പാകിസ്ഥാന്‍ പ്രസിഡണ്ട് യാഹിയാ ഖാനിനു ബോദ്ധ്യമായി. ബംഗ്ലാദേശ് നഷ്ടമായാല്‍ ഇന്ത്യയുമായി വില പേശാന്‍ ഒരു പന്തയക്കരു എന്ന പോലെ ഇന്ത്യയുടെ പടിഞ്ഞാറു വശത്തുള്ള വളരെ പ്രാധാന്യമേറിയ ഏതെങ്കിലും വലിയൊരു ഭൂവിഭാഗം അവര്‍ക്ക് കയ്യടക്കേണമായിരുന്നു.


പാകിസ്ഥാന്‍ പട്ടാള ജനറല്‍ ടിക്കാ ഖാന്‍ അന്ന് യാഹിയാ ഖാനിനു മുന്നില്‍ വച്ച നിര്‍ദേശം, വായുസേനയുടെ സഹായത്തോടെ കര സേന ഇന്ത്യയിലേക്ക്‌ മിന്നല്‍ വേഗത്തില്‍ തള്ളികയറി സുപ്രധാനമായ ഭാഗങ്ങള്‍ കയ്യടക്കാം എന്നായിരുന്നു. അതിനവര്‍ തിരഞ്ഞെടുത്തത് ‘ജൈസാല്‍മേര്‍’ പട്ടണമായിരുന്നു. “പ്രഭാത ഭക്ഷണം ലോങ്കെവാലയില്‍, ഉച്ച ഭക്ഷണം റാംഗഢില്‍, രാത്രി ഭക്ഷണം ജൈസാല്‍മേറില്‍” എന്നായിരുന്നു യുദ്ധ പ്രഖ്യാപനം തന്നെ.

അതനുസരിച്ച് പാകിസ്ഥാന്‍ വായുസേന യാതൊരു പ്രകോപനവും ഇല്ലാതെ 1971 ഡിസംബര്‍ മൂന്നാം തിയ്യതി ഇന്ത്യയിലെ 11 വായുസേനാ താവളങ്ങളില്‍ ആക്രമണം നടത്തി. പക്ഷെ, മുക്തി ബാഹിനിയെ സഹായിച്ചിരുന്ന ഇന്ത്യന്‍ സേന മനസ്സില്‍ ഇത് മുന്‍കൂട്ടി കണ്ട് വിമാനങ്ങളെല്ലാം ബങ്കറുകളിലേക്ക് മാറ്റിയിരുന്നതിനാല്‍ കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ചില്ല. പക്ഷെ അമൃത്സര്‍, പത്താന്‍കോട്ട്, അംബാല, ആഗ്ര, സിര്‍സ, ഉത്തര്‍ലായി, ജൈസാല്‍മേര്‍, ജോധ്പൂര്‍, ജാംനഗര്‍ എന്നിവിടങ്ങളിലെ റണ്‍വേകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ ഇറക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തു. പക്ഷെ, ഇന്ത്യന്‍ സേന കേടുപാടുകള്‍ ആ രാത്രി തന്നെ നേരെയാക്കി എടുക്കുകയും ചെയ്തു. ‘Operation chengis khan’ എന്നായിരുന്നു ഈ ആക്രമണത്തിന്‍റെ പേര്.

അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അര്‍ദ്ധരാത്രിയില്‍ തന്നെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്, പാകിസ്ഥാന്‍ ഇപ്രകാരമൊരു ബോംബ്‌ വര്‍ഷം ഇന്ത്യയില്‍ നടത്തിയതായി അറിയിച്ചു. അതനുസരിച്ച് ഇന്ത്യന്‍ സേനയും പ്രത്യാക്രമണം നടത്തി, സര്‍ഗോധാ, മസ്രൂര്‍, തേജാഗാവ്, കുര്‍മിട്ടോല എന്നിവിടങ്ങളിലെ താവളങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി.
അങ്ങനെ പടിഞ്ഞാറുള്ള ഇന്ത്യന്‍ അതിര്‍ത്തിയും കൂടുതല്‍ കലുഷിതമായിക്കൊണ്ടിരുന്നു.

പാകിസ്ഥാന്‍റെ ഇന്‍റെലിജന്‍സ് വിഭാഗത്തിന് ഇന്ത്യയില്‍ നൂണുകയറി ചില നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞെങ്കിലും ലോങ്കെവാലയിലെ പോസ്റ്റ്‌ BSF-ല്‍ നിന്ന് പഞ്ചാബ് റെജിമെണ്ടിലെ 23-ആം ബറ്റാലിയന്‍ ഏറ്റെടുത്തതു അറിയാന്‍ സാധിച്ചില്ല.

ലോങ്കെവാല, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15കി.മി ഉള്ളിലേക്ക് മാറി തന്ത്രപ്രധാനമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. ചുറ്റും ആള്‍താമസം തീരെയില്ലാത്ത തികച്ചും മരുഭൂമി പ്രദേശം. 120 അംഗസംഖ്യവരുന്ന അവരെ നയിച്ചിരുന്നത് മേജര്‍ കുല്‍ദീപ് സിംഗ് ചാന്ത്പുരി ആയിരുന്നു. അവരുടെ സഹായത്തിനു 4 BSF ജവാന്മാരും ഉണ്ടായിരുന്നു. പീരങ്കി പോലുള്ള ആയുധങ്ങള്‍ കൈവശം ഇല്ലെങ്കിലും 2 ‘jeep mounted RCL’ തോക്കുകളും ‘L16 81mm’ മോര്‍ട്ടാറുകളും ലോങ്കെവാലയില്‍ ഉണ്ടായിരുന്നു. മാത്രമല്ല, വായുസേനയുടെ സഹായവും അവര്‍ക്ക് ഏതു നിമിഷവും ലഭ്യമായിരുന്നു.

പാകിസ്ഥാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ശ്രീ.കുല്‍ദീപ് തന്‍റെ കീഴുദ്യോഗസ്തനായ ലഫ്റ്റനന്റ് ധരംവീരിനോട് അതിര്‍ത്തിയില്‍ (boundary pillar 638) നിരീക്ഷണം നടത്താന്‍ ഉത്തരവിട്ടു. 4-ആം തിയ്യതി വൈകുന്നേരം അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ധരംവീരും സംഖവും അതിര്‍ത്തിയുടെ മറുവശത്തു നിന്ന് വരുന്ന ചില ശബ്ദം കേട്ടു അമ്പരന്നു. പാകിസ്ഥാന്‍റെ ഒരു വലിയ പട തന്നെ ലോങ്കെവാലയെ സമീപിക്കുകയാണെന്ന് അവര്‍ക്ക് മനസ്സിലായി. ധരംവീര്‍ ഉടനെ സ്ഥിതിഗതികള്‍ കുല്‍ദീപിനെ അറിയിച്ചു. ധരംവീരിനോട് പാകിസ്ഥാന്‍ പട്ടാളത്തിന്‍റെ നീക്ക് നിരീക്ഷിക്കാന്‍ ഉത്തരവിട്ടു കുല്‍ദീപ് സിംഗ് സ്ഥിതിഗതികള്‍ ഹെഡ്ക്വാര്‍ട്ടെഴ്സിലേക്ക് അറിയിച്ചു. പാകിസ്ഥാന്‍റെ ഏകദേശം 2500-ഓളം വരുന്ന പടയും, 90-ഓളം ടാങ്കുകളും തങ്ങളുടെ നേര്‍ക്ക്‌ വരുന്നുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്കു കൂടുതല്‍ ആയുധങ്ങളും അംഗസംഖ്യയും വേണമെന്ന് കുല്‍ദീപ് സിംഗ് അവരെ ധരിപ്പിച്ചു.

പക്ഷെ അന്ന് വായുസേനയുടെ ജൈസാല്‍മീര്‍ ക്യാമ്പില്‍ hunter വിമാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവയില്‍ ‘night vision’ ഇല്ലാത്തതിനാല്‍ രാത്രി ഉപയോഗിക്കാന്‍ പറ്റില്ലായിരുന്നു. മാത്രമല്ല കൂടുതല്‍ സൈനികര്‍ ലോങ്കെവാലയുടെ 17km വടക്ക്-കിഴക്ക് കിടക്കുന്ന സാധെവാല എന്നു പറയുന്ന വേറൊരു ക്യാമ്പില്‍ ആയിരുന്നു. പാകിസ്ഥാന്‍ പട്ടാളം ലോങ്കെവാല എത്തുന്നതിനു മുമ്പ് അവരെ എത്തിക്കുന്നത് തികച്ചും അസാദ്ധ്യം. അതിനാല്‍ ഇന്ത്യന്‍ സേന മേജര്‍ കുല്‍ദീപ് സിങ്ങിനോട് “ഒന്നുകില്‍ അവിടെ വച്ചു പൊരുതുക, അല്ലെങ്കില്‍ തന്ത്രപരമായി പിറകോട്ടു നീങ്ങി റാംഗഢില്‍ വച്ചു പാകിസ്ഥാന്‍ സൈന്യത്തെ വായുസേനയോടോത്ത് നേരിടാം” എന്ന നിര്‍ദേശം വച്ചു.

അംഗബലത്തിലും ആയുധബലത്തിലും തങ്ങളുടെ സൈന്യം അവരുടെ അടുത്തു പോലും വരില്ലെങ്കിലും, അവിടെ വച്ചു ശത്രുവിനെതിരെ പോരാടാനാണ് ആ ധീര സൈനികര്‍ തീരുമാനമെടുത്തത്. വാഹനങ്ങളില്‍ വരുന്ന ശത്രുവിന്‍റെ അടുത്ത് നിന്ന് പിന്മാറാന്‍ തങ്ങള്‍ക്കു വാഹനങ്ങള്‍ ഇല്ലാത്തതും, തങ്ങള്‍ വളരെ ദൃഢമേറിയ ഒരു പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത് എന്നതും അതിനൊരു കാരണമായിരുന്നു.

പാകിസ്ഥാന്‍ പട ലോങ്കെവാലയിലേക്ക് സമീപിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ സേന ദ്രുതഗതിയില്‍ പലയിടത്തുമായി ‘anti tank’ മൈനുകള്‍ കുഴിച്ചിട്ടു, അവയുടെ സാന്നിധ്യം കാണിക്കാന്‍ കമ്പിവേലിയും കെട്ടി. കൂടാതെ പാകിസ്ഥാന്‍ സേനയെ കബളിപ്പിക്കാന്‍, മൈനുകള്‍ ഇല്ലാത്ത ഇടങ്ങളിലും അവര്‍ കമ്പിവേലി കെട്ടി. (ഇന്നും ആ മൈനുകള്‍ എവിടെയന്നു ഉള്ളതെന്ന് സേനക്ക് അറിവില്ല. അതിനാല്‍ റോഡ്‌ പണി ചെയ്ത സ്ഥലത്തു കൂടി മാത്രമേ ഇന്നും വണ്ടികള്‍ പോകാറുള്ളൂ). അങ്ങനെ ഇന്ത്യന്‍ സേന നല്ലൊരു പ്രതിരോധം തന്നെ തീര്‍ത്തു. മാത്രമല്ല, തങ്ങള്‍ വലിയൊരു മണല്‍കൂനക്ക് മുകളില്‍ ആണെന്നുള്ളതും, ഇന്ത്യന്‍ സേനക്ക് വലിയ അനുഗ്രഹമായിരുന്നു.


ഏകദേശം അര്‍ദ്ധരാത്രി 12:30നു പാകിസ്ഥാന്‍ പട ലോങ്കെവാല എത്തി. വൈകാതെ തോക്കുകള്‍ തീ തുപ്പിത്തുടങ്ങി.

ജീപ്പില്‍ ഘടിപ്പിച്ചട്ടുള്ള പീരങ്കി വഴി പാകിസ്ഥാന്‍റെ 2 ടാങ്കുകള്‍ ഇന്ത്യന്‍ സേന ആദ്യമേ തകര്‍ത്തു. മാത്രമല്ല, ജൈസാല്‍മേര്‍ വരെ പോകുവാന്‍ വേണ്ടി കൊണ്ടുവന്ന ഇന്ധന ടാങ്ക് കൂട്ടത്തില്‍ പൊട്ടിത്തെറിച്ചതും അവര്‍ക്ക് വിനയായി. പൂര്‍ണ ചന്ദ്രന്‍ ഉദിച്ചു നിന്ന ആ രാത്രിയില്‍, നിലാവെളിച്ചത്തിലും, ഇന്ധനം കത്തുന്ന പ്രകാശത്തിലും, പാകിസ്ഥാന്‍ സേനയുടെ ഓരോ നീക്കവും ഇന്ത്യന്‍ സേനക്ക് മണല്‍കൂനക്ക് മുകളില്‍ ഇരുന്നു എളുപ്പം കാണാമായിരുന്നു. മണലാരണ്യത്തില്‍ പാകിസ്ഥാന്‍ സേനയിലെ വണ്ടികള്‍ക്ക് ഒന്നു നീങ്ങാന്‍ പോയിട്ട് അനങ്ങാന്‍ പോലും ആവാതെ നിന്ന് പോയതും, അവയില്‍ ചില ടാങ്കുകള്‍ എഞ്ചിന്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിച്ച കാരണം ചൂട് കൂടി കേടു വന്നതും, ഇന്ത്യന്‍ സേനയുടെ വീറും വാശിയും കൂട്ടി. അവര്‍ പാകിസ്ഥാനു മുകളില്‍ ആക്രമിച്ചു കൊണ്ടേയിരുന്നു. മാത്രമല്ല, ഇത്തരം യുദ്ധങ്ങള്‍ നടത്തുമ്പോള്‍ വളരെ നിര്‍ണായക സഹായങ്ങള്‍ നടത്തേണ്ട വായുസേനയും പാകിസ്ഥാന്‍ സേനയുടെ കൂട്ടിനു എത്തിയില്ല.

ഇന്ത്യ കെട്ടിയ മുള്ളുവേലികള്‍ പലതിനും താഴെ മൈനുകള്‍ ഇല്ലെന്ന വസ്തുത പാകിസ്ഥാന്‍ സേന വളരെ വൈകിയാണ് മനസ്സിലാക്കിയത്‌. പക്ഷെ അപ്പോഴേക്കും അവരുടെ വിലപ്പെട്ട സമയം മുഴുവന്‍ കഴിഞ്ഞിരുന്നു.

ബാലാര്‍ക്കന്‍റെ ആദ്യ രശ്മികള്‍ ഭൂമിയില്‍ പതിച്ചപ്പോഴേക്കും ഇന്ത്യന്‍ വായു സേനയും ലോങ്കെവാലയിലേക്ക് കുതിച്ചെത്തി. പിന്നീടവിടെ നടന്നത് ഒരു കലാശക്കൊട്ടായിരുന്നു. വിംഗ് കമാണ്ടര്‍ ബാവയുടെ നേതൃത്വത്തില്‍ ഉള്ള വായുസേന പാകിസ്ഥാന്‍ സേനയെ മുച്ചൂടും മുടിച്ചു. പാകിസ്ഥാന്‍ സേനക്ക് പിന്തിരിഞ്ഞു ഓടുകയല്ലാതെ വേറെ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ, ലോങ്കെവാല യുദ്ധം ഇന്ത്യന്‍ ചരിത്രത്തില്‍ പൊന്‍ ലിപികലാല്‍ എഴുതി ചേര്‍ത്ത ഒരു ദിവസമായി മാറി. നശിപ്പിച്ചതും, ഇട്ടെറിഞ്ഞു ഓടിയതുമടക്കം ഏകദേശം 39 ടാങ്കുകളും 100-ഓളം മറ്റു വണ്ടികളും, ഏകദേശം 200-ഓളം ജവാന്മാരെയും പാകിസ്ഥാന് നഷ്ടമായപ്പോള്‍ ഇന്ത്യന്‍ സേനക്ക് ഒരു ‘jeep mounted RCL’ പീരങ്കിയും വെറും 2 ജവാന്മാരെയുമാണ് നഷ്ടമായത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു രാജ്യത്തിന്‌ ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന ഏറ്റവും വലിയ സൈനിക നഷ്ടം ആയി പാകിസ്ഥാന് ആ യുദ്ധം.

ശ്രീ.കുല്‍ദീപ് സിംഗ് ചാന്ത്പുരിയെ രാജ്യം ധീരതക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ മെഡല്‍ ആയ ‘മഹാ വീര്‍ ചക്ര’ സമ്മാനിച്ചു കൊണ്ടും, സേനയിലെ മറ്റു പല അംഗങ്ങള്‍ക്കും വേറെ പല അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ടും ആദരിച്ചു. എന്നാല്‍, കമാണ്ടര്‍ മേജര്‍ ജനറല്‍ മുസ്തഫയെ പാകിസ്ഥാന്‍ വിചാരണ ചെയ്യുകയും സേനയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. പക്ഷെ ഇന്ത്യയിലേക്ക്‌ കടന്നു ചെന്നു ആക്രമണം നടത്താന്‍ കാണിച്ച ചങ്കൂറ്റത്തിനു ’51 ബ്രിഗേഡിന്‍റെ’ കമാണ്ടര്‍ക്ക് അവരുടെ ധീരതക്കുള്ള മെഡല്‍ ആയ ‘സിതാര-ഇ-ഇംതിയാസ്’ എന്ന ബഹുമതി കൊടുത്തു.

‘ബോര്‍ഡര്‍’ എന്ന പേരില്‍ ഹിന്ദിയില്‍ ഇറങ്ങിയ ചലച്ചിത്രം ഈ സംഭവത്തെ ആസ്പദമാക്കി എടുത്തതാണ്. പക്ഷെ സിനിമയില്‍ ഇന്ത്യന്‍ കര സേന വളരെ പരിതാപകരമായ നിലയില്‍, വെറും വിരരിലെണ്ണാവുന്ന ആളുകളിലേക്ക്‌ ചുരുങ്ങി നില്‍ക്കുമ്പോഴാണ് വായു സേന സഹായത്തിനു വരുന്നതെന്ന് മാത്രം.

ഇത്രയും ചരിത്രം!!!

ബോര്‍ഡര്‍ സിനിമ വെറുതെ മെനഞ്ഞെടുത്ത ഒരു കഥയല്ലെന്നും, പണ്ട് യഥാര്‍ത്ഥത്തില്‍ നടന്ന കഥയെ ആസ്പദമാക്കി എടുത്തതാണെന്നും, അത് മേല്‍പറഞ്ഞ വിധത്തില്‍ ആയിരുന്നു അന്ന് നടന്നതെന്നും മനസ്സിലക്കിയപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചതാണ്, ഈ വീരഭൂമിയിലെക്കൊരു യാത്ര പോകണമെന്ന്. അത് കൊണ്ടാണ്, ഞങ്ങള്‍ ജൈസാല്‍മേറില്‍ ബൈക്ക് വാടകയ്ക്ക് എടുത്ത ആളുകള്‍ ബൈക്കില്‍ പോണ്ടെന്നു പറഞ്ഞപ്പോള്‍ 3000 രൂപ കൊടുത്തു ടാക്സിയില്‍ പോകാമെന്ന് കരുതിയത്‌.

ജൈസാല്‍മേര്‍ പട്ടണം വിട്ടപ്പോള്‍ തികച്ചും വിജനമായ ഭാഗത്തു കൂടിയായി യാത്ര. ഞങ്ങള്‍ പോകുന്നത് പാകിസ്ഥാനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ഭാഗത്തേക്കാണെന്നുള്ളത് ഒരു പ്രത്യേക അനുഭവം ആയിരുന്നു സമ്മാനിച്ചത്‌. റോഡിന്നിരുവശവും വീടുകള്‍, സ്വകാര്യ ഭൂമി പോലുള്ളവ ഒന്നും ഇല്ലാത്തതിനാലും ഞങ്ങള്‍ പോകുന്ന വഴി നമുക്കെന്നും പ്രശ്നങ്ങള്‍ മാത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ രാജ്യത്തേക്ക് ആണെന്നതിനാലും റോഡ്‌ പണി കഴിപ്പിച്ചത് കുറഞ്ഞത്‌ 4 വണ്ടികള്‍ക്കെങ്കിലും പോകാന്‍ പാകത്തിനുള്ള വീതിയിലും, കഴിവതും വളവുകള്‍ കുറച്ചു കിലോമീറ്ററുകളോളം നേരെയുമായിരുന്നു. അതും കുണ്ടും കുഴികളുമില്ലാതെ മേല്‍ത്തരം നിലവാരത്തില്‍ തന്നെ സൂക്ഷിച്ചിട്ടുമുണ്ട്‌. എന്തെങ്കിലും പ്രശ്നം അതിര്‍ത്തിയില്‍ ഉണ്ടായാല്‍ പട്ടാളത്തിനു വളരെ വേഗം തന്നെ എത്താന്‍ കഴിയണം എന്നതു തന്നെ അതിന്നര്‍ത്ഥം.

തുടക്കത്തില്‍ ഭൂമി ഉറപ്പേറിയതും, അവിടെയൊക്കെ കാറ്റാടികളും, കുറച്ചു നീങ്ങി ചെറിയ തോതില്‍ പച്ചക്കറി കൃഷിയും കാണാമായിരുന്നെങ്കിലും, രാംഗഡ് എന്ന ചെറിയൊരു ടൌണ്‍ കഴിഞ്ഞപ്പോള്‍ വഴിയുടെ ഇരു വശവും മണല്‍ കൂനകള്‍ മാത്രമായി.




രാംഗഡ്, താനോട്ട് അമ്പലം, ലോങ്കെവാല എന്നീ 3 സ്ഥലങ്ങള്‍ ഒരു ത്രികോണം പോലെയാണ് കിടപ്പ്. രാംഗഡ് കഴിഞ്ഞാല്‍ പിന്നെ ജനവാസം തീരെയില്ല. ബൈക്കിലാണ് പോകുന്നതെങ്കില്‍ അവയ്ക്ക് കേടു വന്നാല്‍ പ്രശ്നം ഗുരുതരമാകും. മൊബൈലിനു റേഞ്ച് പോലും ഇല്ലാത്ത ഈ ഭാഗങ്ങളില്‍ ഇടക്കെപ്പോഴെങ്കിലും പോകുന്ന പട്ടാള വണ്ടികള്‍ മാത്രമാണ് ശരണം. അതു കൊണ്ട് തന്നെയാണ് ബൈക്ക് തന്നവര്‍ ആ യാത്ര നിരുത്സാഹപ്പെടുത്തിയതും ഞങ്ങള്‍ ടാക്സി വിളിച്ചതും.



ഞങ്ങള്‍ ആദ്യം പോയത് താനോട്ട് അമ്പലത്തിലേക്ക് ആയിരുന്നു. അന്ന് 1971-ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ ഈ അമ്പലം തകര്‍ക്കാന്‍ ആയിരക്കണക്കിന് ഷെല്ലുകള്‍ വര്‍ഷിച്ചുവെങ്കിലും അമ്പലത്തിന് ഒരു പോറല്‍ പോലും ഏറ്റില്ല. കാശ്മീര്‍ ഭാഗങ്ങളില്‍ ജമ്മുവിലെ വൈഷ്ണോദേവി അമ്പലത്തിനും, അമര്‍നാഥ് അമ്പലത്തിനും ഉള്ള പോലൊരു പ്രാധാന്യം താനോട്ട് മാതാവിന് ഇവിടെയുണ്ട്. 1971-ലെ യുദ്ധം ഇന്ത്യ ജയിച്ചത്‌ മാതാവിന്‍റെ അനുഗ്രഹം കൊണ്ടാണെന്ന് ഇന്നും ഇവിടുത്തെ ജനങ്ങളും, പട്ടാളവും വിശ്വസിക്കുന്നു.

മണല്‍ കൂമ്പാരങ്ങള്‍ക്ക് നടുവില്‍ അമ്പലത്തിനെ കേന്ദ്രീകരിച്ചു കൊണ്ട് 4-5 പൂജസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ ഉള്ള ഒരു വളരെ ചെറിയ സ്ഥലം ആണ് താനോട്ട്. പ്രതീക്ഷിച്ച പോലെ ഈ അമ്പലവും പട്ടാളത്തിന്‍റെ മേല്‍നോട്ടത്തിലാണ്. അമ്പലത്തിലേക്കുള്ള ഗേറ്റ് കടന്നാല്‍ തന്നെ നമ്മളെ സ്വാഗതം ചെയ്യുന്നത് 1971 യുദ്ധത്തിന്‍റെ വിജയത്തിന്‍റെ പ്രതീകമായി നിര്‍മിച്ച ഒരു സ്തംഭമാണ്. നമ്മള്‍ ഇന്ത്യന്‍ പൌരന്മാര്‍ ആണെന്നുള്ള തെളിവ് ഹാജരാക്കിയാല്‍ പിന്നെ വേറെ ഒരു പരിശോധനയും ഇല്ല. ക്യാമറയും കൊണ്ട് അമ്പലത്തിന് അകത്തേക്കും പോവാം, മൂര്‍ത്തിയുടെ വരെ ഫോട്ടോയും എടുക്കാം. ആരും തടസ്സം നില്‍ക്കില്ല. ഒരു കോണ്‍ക്രീറ്റ് ഷെഡ്ഡിന്‍റെ ഒരറ്റത്ത് ആയിട്ടാണ് മാതാവിന്‍റെ ശ്രീകോവില്‍. തൊട്ടപ്പുറത്ത് തന്നെ അന്ന് പൊട്ടാതെ പോയ ഷെല്ലുകള്‍ പ്രദര്‍ശിപ്പിച്ചു വച്ചിട്ടുമുണ്ട്. കൂടാതെ കുറച്ചു ഫോട്ടോകളും. അന്തരീക്ഷവും മാനസികാവസ്ഥയും തികച്ചും മാറിപ്പോയതിനാല്‍ സ്വകാര്യ ദുഃഖങ്ങള്‍ പറയുന്നതില്‍ കൂടുതല്‍ “ലോകാ സമസ്താഃ സുഖിനോ ഭവന്തു” എന്ന് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. അമ്പലത്തില്‍ നിന്ന് ഇറങ്ങി പട്ടാളത്തിന്‍റെ കീഴില്‍ ഉള്ള ഒരു കടയില്‍ നിന്ന് മാതാവിന്‍റെ ഒരു ഫോട്ടോയും മേടിച്ചു കാറില്‍ കയറി ലോങ്കെവാലയിലേക്ക് തിരിച്ചു.




(ഞങ്ങള്‍ ജൈസല്‍മേര്‍ പോയ സമയം ഇന്ത്യയും പാകിസ്ഥാനുമായി കടുത്ത വെടിവെപ്പ് നടക്കുന്ന സമയത്ത് ആയിരുന്നു. ഉറി എന്ന സ്ഥലത്തെ തീവ്രവാദി ആക്രമണത്തിനു ശേഷം ഇന്ത്യന്‍ സേന ഒരു രാത്രിയില്‍ പാകിസ്ഥാനിലേക്ക് ഇരച്ചു കയറി ഏകദേശം 40 തീവ്രവാദികളെ കൊന്ന (surgical strike) സമയം ആയിരുന്നു അത്. ആയതിനാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും അതിര്‍ത്തി നേരിട്ട് കാണാന്‍ ലഭിക്കുന്ന ഒരു അവസരം പാഴായി. തലേ ദിവസം ജൈസല്‍മേര്‍ BSF ഓഫീസില്‍ പോയി ചോദിച്ചപ്പോള്‍ അതിര്‍ത്തിയില്‍ പോസ്റ്റിങ്ങ്‌ ലഭിച്ച ജവാന്മാര്‍ക്ക് മാത്രമാണ് അവിടേക്ക് പോവാന്‍ അനുമതി ലഭിക്കുന്നത് എന്നാണ് അവിടെ കണ്ട ഒരു മേജര്‍ പറഞ്ഞത്. അവര്‍ക്ക് തന്നെ അനുമതി നിഷേധിച്ചു ഇരിക്കുന്നതിനാല്‍ ഞാന്‍ പോയി ചോദിക്കുന്നതില്‍ കാര്യമില്ലെന്നും, എന്‍റെ വികാരവും ദുഃഖവും അദ്ദേഹം മനസിലാക്കുന്നു എന്നും പറഞ്ഞു.)

ലോങ്കെവാലയിലെക്കുള്ള വഴിയും വ്യത്യസ്തമായിരുന്നില്ല. മണല്‍ കൂമ്പാരങ്ങളും അവയില്‍ വളരുന്ന കുറ്റിചെടികളും, മുള്‍ചെടികളും മാത്രമായിരുന്നു കാഴ്ച. ഒരു മനുഷ്യജീവിയെ പോലും എങ്ങും കണ്ടില്ല. ഇവിടെ വച്ചു ബൈക്ക് കേടുവന്നാല്‍ എന്തു ചെയ്യും എന്ന ഡ്രൈവറുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഏകദേശം 40km അയാള്‍ അര മണിക്കൂറില്‍ തന്നെ ഓടിച്ചു ഞങ്ങള്‍ ആ വീരഭൂമിയില്‍ എത്തി.

സ്ഥലത്തിന്‍റെ ആദ്യ ദര്‍ശനത്തില്‍ ഇതൊരു വളരെ വലിയ ബഹുമതി അര്‍ഹിക്കുന്ന ഒരു യുദ്ധം നടന്ന സ്ഥലമാണെന്ന് തോന്നുകയില്ല. നിറച്ച ചാക്കുകള്‍ വച്ചു കെട്ടി ഉണ്ടാക്കിയ 2-3 ബങ്കറുകളും, അവയെ ബന്ധിപ്പിച്ചു കൊണ്ടൊരു ട്രെഞ്ചും, അങ്ങിങ്ങായി കുറച്ചു വാഹനങ്ങളും. അതാണ്‌ ലോങ്കെവാല. പക്ഷെ അവയില്‍ jeep mounted RCL തോക്കുകളും മോര്‍ട്ടാറുകളും ഇന്ത്യ ഉപയോഗിച്ചതാണെങ്കില്‍ ടാങ്കുകളും ലോറികളും ഇന്ത്യ നശിപ്പിച്ചവയാണ്. 

M4 SHERMAN TANK ( PAKISTAN )

L 16 81 mm MORTAR (INDIA)

106 mm M40 A1 RECOIL-LESS ANTI TANK GUN (INDIA)
PAKISTAN LORRY



PAKISTAN T 59 TANK (CHINESE MADE)

പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കയറ്റി സ്ഥാപിക്കാന്‍ കൊണ്ട് വന്ന boundary pillar 

യുദ്ധത്തിനെ കുറിച്ച് വിശദമായി പറയുന്ന ചില ബോര്‍ഡുകളും, സൈനികരുടെ മാനസികാവസ്ഥയെയും ദൌത്യത്തെയും മറ്റും പ്രതിപാദിക്കുന്ന ചില ഫലകങ്ങളും അവിടെ കണ്ടു. ഇതിനു മുമ്പും ഇത്തരം ബോര്‍ഡുകള്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ആ വാക്കുകള്‍ക്ക് ഇത്ര മാത്രം ആഴം ഉണ്ടെന്നു മനസ്സിലാവുന്നത്. ഇവിടെ എത്തിയാല്‍ സൈനികരോട് നമുക്ക് കൂടുതല്‍ ബഹുമാനം തോന്നാം. സിയാച്ചിന്‍ ഭാഗത്തു -45 ഡിഗ്രീയില്‍ നമ്മുടെ ജവാന്മാര്‍ അതിര്‍ത്തി കാക്കുന്നുണ്ടെങ്കില്‍ ഇവിടെ കൊല്ലത്തില്‍ പല സമയത്തും ചൂട് 50 ഡിഗ്രിക്കും കൂടുതലാണ്. തണുപ്പ് കാലങ്ങളില്‍ രാത്രി സമയത്ത് അവ -10 വരെയും. ഇവര്‍ അനുഭവിക്കുന്ന ത്യാഗവും ഒട്ടും കുറച്ചു കാണാന്‍ കഴിയില്ല.




കുറച്ചു പട്ടാളക്കാര്‍ ഒരു മരത്തണലില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അവിടേക്ക് ചെന്നു. തികഞ്ഞ ഭവ്യതയോടെ അവര്‍ എന്നോട് സംസാരിച്ചു. ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതമായി. കേരളത്തില്‍ നിന്ന് ആരെയും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല എന്നാണ് ഒരു ജവാന്‍ പ്രതികരിച്ചത്. അദ്ദേഹം വഴി അന്ന് കൃത്യമായി വെടിവെപ്പ് എവിടെയാണ് നടന്നതെന്നും, ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സേന എവിടെയാണ് നിരന്നു നിന്നതെന്നും മറ്റും അറിയാന്‍ സാധിച്ചു. ഇവിടെ നിന്ന് പിടിച്ചെടുത്ത ബാക്കി ടാങ്കുകള്‍ ഇന്ത്യയിലെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചു വച്ചിട്ടുണ്ടെന്നും 1-2 എണ്ണം ജൈസല്‍മേര്‍ മ്യൂസിയത്തില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

HUNTER FLIGHTS USED IN WAR (JAISALMER WAR MUSEUM)

THE HUNTER AND THE HUNTED (JAISALMER WAR MUSEUM)
ലോങ്കെവാല യുദ്ധത്തെ ആസ്പദമാകി ഉണ്ടാക്കിയ ഏകദേശം 15 മിനിറ്റ് ദൈര്‍ഖ്യമുള്ള ഒരു വീഡിയോ കാണുകയും, അതിനു ശേഷം ആ സ്ഥലങ്ങളിലൂടെയെല്ലാം ചുറ്റി നടക്കുകയും ഞങ്ങള്‍ ചെയ്തു. കൂട്ടത്തില്‍ ആ ഭൂമിയിലെ ഒരു പിടി മണലും ഞാന്‍ വാരിയെടുത്തു സൂക്ഷിച്ചു.

ഇടക്കൊരു ജവാന്‍ കേറി വന്നു മലയാളത്തില്‍ സംസാരിക്കാന്‍ തുടങ്ങി. കാസര്‍ഗോഡ് സ്വദേശിയാണ് അദ്ദേഹം. പേര് അനീഷ്‌. കുറെ കാലം കൂടിയാണ് മലയാളം സംസാരിക്കുന്നതെന്നും, അതില്‍ വളരെ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വഴി ചൂണ്ടിക്കാണിച്ചു ഇതിലൂടെ ഏകദേശം 20km പോയാല്‍ അതിര്‍ത്തി ആയെന്നും, ഇപ്പോള്‍ ഇവിടെ കാണാന്‍ വരുന്ന ആളുകളൊക്കെ അവിടേക്ക് പോകാന്‍ കഴിയാത്തതില്‍ നിരാശ പ്രകടിപ്പിക്കുന്നുണ്ടെന്നും അനീഷ്‌ പറഞ്ഞു.
വഴിയില്‍ ഞങ്ങള്‍ കുറെ പട്ടാള ലോറികള്‍ കണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു വലിയ movement തന്നെയാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ആദ്യം ഇന്ത്യന്‍ ആര്‍മിയുടെയും, പിന്നെ BSF-ന്‍റെയും ഓരോ നിര തന്നെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സ്ഥിതി മോശമാണെന്നും, ഞങ്ങള്‍ എന്തിനും റെഡി ആയാണ് നില്‍ക്കുന്നതെന്നും അനീഷ്‌ കൂട്ടിച്ചേര്‍ത്തപ്പോള്‍ അറിയാതെ കൈ കൂപ്പി പോയി.

ഏകദേശം ഒന്നര മണിക്കൂര്‍ അവിടെ ചിലവിട്ടു ഞങ്ങള്‍ ജൈസല്‍മേറിലേക്ക് മടങ്ങി. റോഡിന്‍റെ ഗുണം കാരണം ഡ്രൈവര്‍ എപ്പോഴും വണ്ടി 120-ല്‍ ആയിരുന്നു ഓടിച്ചിരുന്നത്. അതിനാല്‍ ഏകദേശം 1 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ഹോട്ടെലില്‍ എത്തി. റൂമിലേക്ക്‌ കയറുമ്പോള്‍ വളരെ കാലമായി കൊണ്ട് നടന്ന ഒരു മോഹം സാധിച്ചതിന്‍റെ നിറവിലായിരുന്നു മനസ്സ് നിറയെ..


MAJOR (LATER BRIGADIER) KULDEEP SINGH CHANDPURI






<<< ഭാഗം 1    ഭാഗം 7                                                                                                     ഭാഗം 9 >>>

Comments

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം