ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 9) പട്വകളുടെ ഹവേലികള്‍


സില്‍ക്ക് റൂട്ട് വഴിയുള്ള വ്യാപാരം ഇവിടുത്തെ ജനങ്ങളുടെ സാമ്പത്തിക നിലയില്‍ വളരെ പ്രാധാന്യം ചെലുത്തിയിരുന്നു. ജൈസല്‍മെറിലെ
ആളുകളില്‍ പലരും വളരെ ധനികരായ വ്യാപാരികള്‍ ആയിരുന്നു. അവര്‍ പണി കഴിപ്പിച്ച കൂറ്റന്‍ മണി മന്ദിരങ്ങള്‍ ഹവേലികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. വളരെ ധനികരായ അവര്‍ പലപ്പോഴും രാജാവിനെ സഹായിക്കുകയും, രാജാവ് അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നല്‍കിയും പോന്നിരുന്നു.

ഇവരിൽ സ്വർണം, വെള്ളി, മുത്തുകൾ, സിൽക്ക് മുതലായ വിലപിടിപ്പുള്ള സാമഗ്രികൾ കച്ചവടം ചെയ്യുന്ന വിഭാഗത്തിനു രാജാവ് "പട്വ" എന്ന ആദരവ് നൽകി. ജന്മം കൊണ്ട് അവര്‍ ജൈനമതത്തില്‍ പെട്ടവരായിരുന്നു. 19ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വ്യാപാരി തന്‍റെ 5 മക്കൾക്ക് വേണ്ടി 5 വീടുകൾ പണി ചെയ്തു. ഈ വീടുകളെ "പട്വകളുടെ ഹവേലി" (Mansion) എന്ന പേരിൽ അറിയപ്പെടുന്നു.

ഈ 5 വീടുകൾ പണിയാൻ 1800 മുതൽ 1860 വരെ സമയം എടുത്തു. അന്ന് കറന്റ്‌ ഇല്ലായിരുന്നതിനാൽ വെളിച്ചവും കാറ്റും യഥേഷ്ടം ഉള്ളിലേക്ക് കടക്കാൻ പാകത്തിൽ തുറന്ന രീതിയിലാണ് എല്ലാ വീടുകളുടെയും നിർമാണം. ആ കാലത്ത് നിര്‍മ്മിച്ച പല വീടുകളേയും, കൊട്ടരാത്തെയും പോലെ ഈ 5 ഹവേലികളുടേയും നിര്‍മ്മാണം ഒരു തരി ചുണ്ണാമ്പോ ഒരു തുള്ളി വെള്ളമോ ചേര്‍ക്കാതെ interlocking system ഉപയോഗിച്ചു തന്നെയായിരുന്നു.

ഈ വീടുകളിലെ ചുവരുകളിലും, ബാൽക്കണികളിലും മറ്റും ചെയ്തു വച്ചിരിക്കുന്ന കൊത്തുപണികൾ വർണിക്കാൻ വാക്കുകൾ പോരാ. എളുപ്പത്തിൽ കൊത്താൻ കഴിയുന്ന കല്ലുകളിൽ നിർമ്മിച്ചവയാണെങ്കിലും ഇതെല്ലാം കൈപണികൾ ആണെന്നുള്ളതാണ് പ്രത്യേകത.







ഒരു കാലത്തു ഏഷ്യയിൽ 350-ഓളം കടകൾ ഈ വ്യാപാരിക്കു ഉണ്ടായിരുന്നത്രെ. അവരുടെ പ്രധാന വ്യാപാരം സ്വര്‍ണ്ണം, വെള്ളി, സില്‍ക്ക്, മയക്കുമരുന്ന് മുതലായവ ആയിരുന്നു എന്നു മാത്രമല്ല, വ്യാപാര ശ്രംഘല അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ് വരെയും വ്യാപിച്ചിരുന്നു.

ഈ ഹവേലികൾക്കു കാര്യമായി കഥകൾ ഒന്നും ഇല്ലാത്തതാണോ അതോ ഞങ്ങൾക്ക് കിട്ടിയ ഗൈഡിന് വിവരം കുറവായതിനാലാണോ എന്നറിയില്ല, ചരിത്രപരമായി ഇവിടെ നിന്നു ഒരറിവും ഞങ്ങൾക്ക് ലഭിച്ചില്ല എന്നതാണ് സത്യം. പക്ഷെ ഈ ഹവേലികളുടെ എല്ലാ മുറികളിലും ഒരു കാലത്തെ അവരുടെ പ്രഭുത്വം വിളിച്ചു പറഞ്ഞിരുന്നു. വെള്ളിയിൽ നിർമിച്ചവയാണ് എന്തും.. സ്വീകരണ മുറി തൊട്ടു കിടപ്പറ വരെയും.

അത്യാഡംബകരമായി പണി കഴിപ്പിച്ച പല മുറികളിലും ചില രഹസ്യ അറകള്‍ അവര്‍ പണി കഴിപ്പിച്ചിരുന്നു. അവയില്‍ സ്വര്‍ണം, വെള്ളി, കറുപ്പ് മുതലായവ സൂക്ഷിച്ചു വെച്ചു അതിനു മുകളില്‍ ഭംഗിയുള്ള അലങ്കാര വസ്തുക്കള്‍ വെച്ചു മറച്ചിരുന്നു. ഹവേലികളിലെ വാതിലുകള്‍, ജനലുകള്‍, ബാല്‍ക്കണികള്‍ മുതലായവയിലും വളരെ സങ്കീര്‍ണമായ കൊത്തുപണികള്‍ ചെയ്തു വച്ചിട്ടുണ്ട്. മാത്രമല്ല, ഹവേലിയില്‍ അതിനു ഉപയോഗിച്ച പണി ആയുധങ്ങളും പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.






പല മുറികളിലും അവര്‍ അന്ന് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുറത്തെ റൂമുകളിലും കണക്ക് എഴുതുന്ന മുറികളിലും  അന്നത്തെ തുലാസുകള്‍, മേശ, കസേര, കണക്ക് പുസ്തകം, 12 കിലോ തൂക്കമുള്ള പൂട്ടും താക്കോലും മുതലായവ വെച്ചിരിക്കുന്നത് കാണാം.. ഇന്ന് 1 കിലോ ആണ് ഔദ്യോഗിക കണക്ക് എങ്കില്‍ അക്കാലത്തു 900 ഗ്രാമിന് തുല്യമായ ‘ഷേര്‍’ ആണ് ഉപയോഗത്തില്‍ ഉണ്ടായിരുന്നത്. മിക്ക മുറികളിലും മെഴുകുതിരി, കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഫാന്‍ എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടു വന്ന ഡീസല്‍ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഫാനും നമുക്കവിടെ കാണാം. മുറികളിലെ ഉത്തരം മുഴുവന്‍ ജൈസാല്മേറില്‍ സുലഭമായി കിട്ടുന്ന റോയ്ട എന്ന മരം ഉപയോഗിച്ചാണ്.

സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന മുറികളില്‍ ചെന്നാല്‍ ആര്‍ഭാടത്തിന്റെ മറ്റൊരു വിശദീകരണം നമുക്ക് ലഭിക്കും. ബെല്‍ജിയം കണ്ണാടി, പല വിശേഷങ്ങളില്‍ അവര്‍ അണിഞ്ഞിരുന്ന പട്ടുസാരികള്‍, പുരുഷന്മാര്‍ക്ക് അവരുടെ തലപ്പാവ് വെയ്ക്കാനുള്ള stand, ഗ്രാമഫോണ്‍, ചതുരംഗ പലക, അവരുടെ സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ മുതലായവ. പല സാരികള്‍ക്കും ഏഴും എട്ടും കിലോ വരെ ഉണ്ടായിരുന്നു എന്നാണ് ഗൈഡ് അവകാശപ്പെടുന്നത്. കിടക്കുന്ന മുറികളില്‍ കുട്ടികളെ വേറെ കിടത്തുന്ന പതിവായിരുന്നു ഇവര്‍ക്ക്. കട്ടിലുകള്‍ വരെ വെള്ളിയില്‍ തീര്‍ത്തവയാണ്.



അടുക്കളയിലേക്ക് കടന്നാല്‍ സാധാരണ കാണുന്ന വസ്തുക്കളും വെച്ചിട്ടുണ്ട്. കത്തികള്‍, ഉറി, ആട്ട കുഴയ്ക്കുവാനുള്ള പാത്രം, മസാല പൊടിക്കുന്ന പാത്രം മുതലായവ. പാത്രം കണ്ടിട്ട് എങ്ങനെയെന്നു മനസ്സിലായില്ലെങ്കിലും ഐസ്ക്രീം ഉണ്ടാക്കാനുള്ള പാത്രം ആണെന്നു പറഞ്ഞു അവര്‍ ഒന്ന് ചൂണ്ടിക്കാട്ടി. ഡൈനിങ്ങ്‌ റൂമില്‍ ചെന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ഭക്ഷണ മേശകളാണ്. ഇന്ന് പട്ടണത്തില്‍ എല്ലാവരും ഒപ്പം ഇരുന്നാണ് കഴിക്കുക എങ്കിലും മരുഭൂമിക്കുള്ളിലെ പല ഗ്രാമങ്ങളും ഇന്നും ആ സമ്പ്രദായം തുടരുന്നു. രാജസ്ഥാനി ഫ്രിഡ്ജ്‌ എന്ന ഓമനപ്പേരില്‍ ഒരു പാത്രം കണ്ടു. മണ്ണും ചാണകവും കൊണ്ടു നിര്‍മ്മിച്ച ഒരു പെട്ടി ആണ്. ഭക്ഷണം തണുപ്പിക്കാന്‍ ഉപയോഗിക്കുന്നു. ചില ഗ്രാമങ്ങളിലെ വീടുകളും അപ്രകാരം ഉണ്ടാക്കിയവയാണ്. ഭക്ഷണ മുറിയ്ക്ക് അപ്പുറത്തായി ഒരു റൂമില്‍ സംഗീത വാദ്യ ഉപകരണങ്ങളും വെച്ചിട്ടുണ്ട്.









പിന്നീട് ഞങ്ങള്‍ കണ്ട മുറി വലിയ ആളുകളെ സ്വീകരിച്ചിരുത്തുന്ന മുറിയാണ്. അവിടെ വെച്ചിട്ടുള്ള ഭംഗിയുള്ള പാത്രങ്ങളിലെല്ലാം ഒരു കാലത്ത് മദ്യവും മയക്കു മരുന്നും ആയിരുന്നത്രെ. വ്യാപാരികള്‍ ജൈനന്മാര്‍ ആയിരുന്നതിനാല്‍ അവര്‍ ചായ കുടിച്ചു, രാജാക്കന്മാര്‍ക്ക് മദ്യം വിളമ്പും. ഈ വ്യാപാരികള്‍ രാജാവിനെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്നും ചരിത്രം പറയുന്നു. അതേ റൂമില്‍ തന്നെ അന്ന് നില നിന്നിരുന്ന പല ജാതികളില്‍ പെട്ട ആളുകള്‍ ധരിച്ചിരുന്ന പല തരം തലപ്പാവുകളും കാണാം. എല്ലാം ഏകദേശം 9 മീറ്റര്‍ നീളമുള്ള തുണിയാണെന്നാണ് ഗൈഡ് പറയുന്നത്. മാത്രമല്ല, അന്ന് തലപ്പാവ് അഭിമാനത്തിന്‍റെ സ്തംഭം ആണ്. തലയില്‍ നിന്ന് അവ വീണാല്‍ മാനം പോയി എന്നു കണക്കാക്കിയിരുന്നു.

എത്രയൊക്കെ ധനികര്‍ ആയിരുന്നെങ്കിലും വെള്ളത്തിന്‌ സാധാരണ ജനങ്ങള്‍ തുടരുന്ന ശൈലി തന്നെ ഇവരും തുടര്‍ന്നു പോന്നു. എന്നെങ്കിലും പെയ്യുന്ന മഴവെള്ളം സംഭരിക്കാന്‍ ഇവിടെയും സംവിധാനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. മാത്രമല്ല ഒരേ വെള്ളം ഇവിടെയും 4 തവണ ഉപയോഗിച്ചിരുന്നു. കുളിക്കാന്‍, വസ്ത്രം അലക്കാന്‍, നിലം തുടയ്ക്കാന്‍, ചാണകം കൂട്ടി നിലം മെഴുകാന്‍ അല്ലെങ്കില്‍ ശൌചാലയങ്ങളില്‍ ഉപയോഗിക്കാന്‍.

ഇന്ത്യ സ്വതന്ത്രമായി, പാകിസ്ഥാൻ വിഭജനം  വന്നതോടെയാണ് സിൽക്ക് റൂട്ട് അടക്കപ്പെട്ടതും, ജൈസൽമേറിന്റെ പ്രഭാവം കുറഞ്ഞതും. ഈ വ്യാപാരികളുടെ കാര്യവും അതോടെ പരുങ്ങലിലായി. അവർ 5 ഹവേലികളിൽ ഒരെണ്ണം 1965ൽ ജയ്പൂരിലെ ഒരു വ്യാപാരിക്കു 60000 രൂപക്ക് വിറ്റു. ആ ഹവേലിയാണ് ഇന്ന് സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്നത്. പിന്നീടുള്ളവയിൽ 2 എണ്ണം ശ്രീമതി.ഇന്ദിരാ ഗാന്ധി 1974ൽ 80000 രൂപ വീതം കൊടുത്തു രാജസ്ഥാൻ സർക്കാരിന് കൈമാറി. അവ രണ്ടും ഇന്ന് അടഞ്ഞു കിടക്കുന്നു. ശേഷിച്ച 2 എണ്ണം ഇന്നും അന്ന് ഈ ഹവേലികൾ പണിത ആളുടെ കുടുംബക്കാരുടെ കയ്യിൽ തന്നെയാണ്. ഒന്നു വാടകക്ക് കൊടുത്തിരിക്കുന്നു. അഞ്ചാമത്തെ തുറന്നു കിടക്കുന്നു, അകത്തു തികച്ചും ശൂന്യം. ഈ വ്യാപാരിയുടെ അനന്തരവകാശികൾ ഇന്ന് ജയ്പൂരിലും, ദില്ലിയിലും മറ്റുമാണ് താമസം. വ്യാപാരിയുടെ ഏഴാം തലമുറയാണ് ഇപ്പോൾ ഉള്ളത്.

ഹവേലി കണ്ടു കഴിഞ്ഞു ഗൈഡിനെ പണം കൊടുത്തു അയച്ചു ഞങ്ങള്‍ ബാക്കി ഹവേലികളുടെ മുന്നിലൂടെ ഒന്നു കറങ്ങി. തികച്ചും സങ്കീര്‍ണമായ കൊത്തുപണികളാല്‍ നിറഞ്ഞ 5 വലിയ കെട്ടിടങ്ങള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ ഉള്ള ആ കാഴ്ച കാണേണ്ടത് തന്നെയാണ്. വീണ്ടും മുന്നോട്ട് നടന്നപ്പോള്‍ ആ തെരുവിന്‍റെ അവസാന ഭാഗത്ത് ഒരാള്‍ പാവകളെ ഉണ്ടാക്കുന്നത് കണ്ടു. ഒരു സോവേനീര്‍ എന്ന നിലയില്‍ 2 എണ്ണം വാങ്ങി ബാഗില്‍ ഇട്ടു ഞങ്ങള്‍ പുറത്തേക്ക് കടന്നു









<<< ഭാഗം 8   ഭാഗം1                                                                                                ഭാഗം 10 >>>


Comments

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം