ഉപ്പിന്‍റെ ജന്മസ്ഥാനം - സാംഭാര്‍ തടാകം..

യാത്രകള്‍ പൊതുവേ സ്വന്തം താല്പര്യത്തിനു പോകാന്‍ ആണ് ഇഷ്ടം. Agents മുഖേന ആണ് യാത്രകള്‍ എങ്കില്‍ തലവേദന കുറവാണ് എങ്കിലും, സ്വന്തം ഇഷ്ടത്തിന് കാര്യങ്ങള്‍ നടക്കില്ല. യാത്രയ്ക്ക് മുമ്പ് സ്വല്പം homework വേണ്ടി വരുമെങ്കിലും യാത്രകള്‍ കൂടുതല്‍ രസകരമാകാന്‍ സ്വന്തം planning തന്നെയാണ് നല്ലത്. ഞങ്ങള്‍ 2016 ല്‍ ചെയ്ത രാജസ്ഥാന്‍ യാത്രയും മറിച്ചായിരുന്നില്ല. ജയ്പൂര്‍ യാത്രയില്‍ ഒരു ദിവസം അധികം കണക്കാക്കിയിരുന്നു. എന്തെങ്കിലും അസുഖം വന്നാലോ അല്ലെങ്കില്‍ കൂടുതല്‍ ഏതെങ്കിലും സ്ഥലങ്ങള്‍ കാണാനുണ്ട് എന്ന് തോന്നിയാലോ വിനിയോഗിക്കാന്‍ ആയിരുന്നു അങ്ങനെ ഒരു ദിവസം വെച്ചത്. ആ തീരുമാനം തെറ്റിയില്ല. താമസിച്ച ഹോട്ടെലിലെ വ്യക്തിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടു സ്ഥലങ്ങള്‍ നിര്‍ദേശിച്ചു. ഒന്ന്, ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഭൂതോപദ്രവം ഉണ്ടെന്നു വിശ്വസിക്കുന്ന ഭാണ്‍ഗഡ് കോട്ട, അല്ലെങ്കില്‍ ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്ന സാംഭാര്‍ തടാകം. രണ്ടും ഏകദേശം 90km ദൂരെ, നേരെ വിപരീത ദിശയില്‍. ചെറിയൊരു സംശയം വന്നെങ്കിലും, അവസാനം സാംഭാര്‍ തടാകം തന്നെ തിരഞ്ഞെടുത്തു. പ്രേതങ്ങളെ പേടിച്ചായിരുന്നില്ല ആ തീരുമാനം. 2-3 ദിവസം കഴിഞ്ഞു പോകാന്‍ ഉദ്ദേശിക്കുന്ന ജൈസാല്‍മേര്‍ എന്ന നഗരത്തിലും അതേ വിശ്വാസത്തില്‍ ഉള്ള ആളൊഴിഞ്ഞ ഒരു ഗ്രാമം ഉണ്ട്. അതിനാല്‍ ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ആണ് സാംഭാര്‍ തടാകം തിരഞ്ഞെടുത്തത് അജ്മീര്‍ എന്ന സ്ഥലത്തേക്ക് പോകുന്ന നാഷണല്‍ ഹൈവേയില്‍ കുറെ പോയാല്‍, പിന്നെ വലത്തോട്ട് തിരിഞ്ഞു ഏകദേശം 25km പോകണം എന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടു. ചെന്നെത്തുന്ന സ്ഥലം വളരെ ചെറിയൊരു ടൌണ്‍ ആണെന്നും, മനസ്സിന് പിടിക്കുന്ന തരം ഹോട്ടലുകള്‍ ഉണ്ടാവില്ലെന്നും ഹോട്ടെല്‍ ഉടമ പറഞ്ഞിരുന്നു. അതിനാല്‍ ഒരു കരുതല്‍ എന്ന നിലയ്ക്ക് 2 പാക്കറ്റ് ബ്രെഡ്‌, ഒരു അമുല്‍ ബട്ടര്‍, ഒരു tomato sauce ന്‍റെ pichkoo, ഒരു കത്തി എന്നിവയും, 2 കുപ്പി വെള്ളവും തലേ ദിവസം വാങ്ങി കയ്യില്‍ വെച്ചു. കൈ കഴുകാന്‍ ഉള്ള വെള്ളം ഹോട്ടലില്‍ നിന്നും എടുത്തു. ജൈപൂര്‍ കറങ്ങാന്‍ ഒരു activa ദിവസ വാടകയ്ക്ക് എടുത്തിരുന്നു. അതില്‍ തന്നെയായിരുന്നു യാത്ര. ഏകദേശം 6 മണിക്ക് തന്നെ യാത്ര തുടങ്ങി. വേഗം തന്നെ നഗരം വിട്ടു വണ്ടി NH ലേക്ക് കയറി. 6 വരി പാത. അതിനാല്‍ നല്ല സ്പീഡില്‍ തന്നെ സ്കൂട്ടര്‍ പറപ്പിച്ചു. കുറെ പോയി NH-ല്‍ നിന്ന് വഴി തിരിഞ്ഞപ്പോള്‍ റോഡ്‌ മോശമായി, യാത്ര പതുക്കെയായി. ഇരു സ്ഥലത്തും പരന്നു കിടക്കുന്ന ആ ഭൂമിയുടെ അങ്ങേ അറ്റത്തായി ചെറിയ മലനിരകള്‍. കൃഷിഭൂമി പോലെ തോന്നിച്ചെങ്കിലും മണ്ണ് അത്ര ഫലഭൂവിഷ്ടമായി തോന്നിയില്ല. എന്നാലും പലയിടങ്ങളിലും ട്രാക്ടര്‍ കൊണ്ട് ഭൂമി ഉഴുതിട്ടുണ്ട്. കൃഷി ഇന്നും അവിടെയുള്ളവരുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ഇടയ്ക്ക് കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ പശുക്കളുടെ തിരക്കും. ഇടയ്ക്ക് കാണുന്ന ട്രാക്ടറുകളില്‍ ആളുകളെയും, പുല്ലുകെട്ടും, ചുടുകട്ടകളും കൊണ്ടു പോകുന്നു. സിനിമകളില്‍ മാത്രം കണ്ട ഉത്തരേന്ത്യന്‍ ഗ്രാമക്കാഴ്ച്ചകള്‍ തന്നെ. ഇടയില്‍ ഒരു സ്ഥലത്ത് ടാപ്പ് കണ്ടപ്പോള്‍ ഭക്ഷണത്തിനായി വണ്ടി നിര്‍ത്തി. പാകത്തിന് അവിടുത്തെ ഏതോ ഭൂവുടമ കെട്ടിയ അരമതിലും ഉണ്ടായിരുന്നു. അതില്‍ ഇരുന്നു ബ്രെഡ്‌, ജാം എന്നിവ കഴിച്ചു. ഉച്ചയ്ക്കും ഏകദേശം ഇതേ ഭക്ഷണം തന്നെയാവും എന്നറിയാമായിരുന്ന ഞങ്ങള്‍ ഒരു സ്വാദ് മാറ്റത്തിന് വേണ്ടി ബട്ടറും സോസും ഉച്ചയ്ക്കിലേക്ക് കരുതി. ഭക്ഷണം കഴിഞ്ഞു എല്ലാം പൊതിഞ്ഞു കെട്ടി വീണ്ടും യാത്ര തുടര്‍ന്നു. ഭൂപ്രകൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും കണ്ടില്ല. വീടുകളും, ഗ്രാമങ്ങളും, ആളുകളും കുറവ്. ഒരു കേരളീയന് തികച്ചും പുതിയ കാഴ്ചകള്‍ തന്നെ. അങ്ങനെ യാത്ര ചെയ്തു ഞങ്ങള്‍ ആ ചെറിയ പട്ടണത്തില്‍ എത്തി. സാംഭാര്‍ എന്ന് തന്നെയാണ് പട്ടണത്തിന്‍റെയും പേര്. ജൈപൂരിലെ ഹോട്ടല്‍ ഉടമ പറഞ്ഞത് തികച്ചും സത്യം തന്നെയെന്ന് ഞങ്ങള്‍ക്ക് വളരെ വേഗം മനസ്സിലായി. കയറാന്‍ തോന്നുന്ന ഹോട്ടലുകള്‍ ഒന്നു പോലും കണ്ടില്ല. ആരോടോ തടാകം എവിടെയാണെന്ന് ചോദിച്ചപ്പോള്‍, സാംഭാര്‍ റെയില്‍വേ സ്റ്റേഷന്‍ പോകാന്‍ പറഞ്ഞു. ഏകദേശം 2km പോയപ്പോള്‍ ഞങ്ങള്‍ തടാക കരയില്‍ എത്തി. സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത് തകാടത്തിന്‍റെ ഒരു വശത്തായിട്ടാണ്. പിന്നീട് അങ്ങോട്ട്‌ മുഴുവന്‍ ഈ തടാകം ആണ്. നമ്മുടെ നാട്ടിലെ പാടത്തു വെള്ളം തടഞ്ഞു നിര്‍ത്തിയാലുള്ള പോലെ എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ പല സ്ഥലത്തും ചെറിയ ചെറിയ വെള്ള കൂനകള്‍ കാണാം. തികച്ചും ശുദ്ധമായ, മായം കലരാത്ത ഉപ്പ് ആണവ. ഒരു ബൈക്കില്‍ വന്ന 2 പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ വേറെ ഒരു മനുഷ്യനെ പോലും കാണാനില്ല. ഒരു narrow gauge പാളം കണ്ടത് PK സിനിമയിലെ ആദ്യ രംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു. സ്കൂട്ടെര്‍ ഒരു വശത്ത് നിര്‍ത്തി, ഞങ്ങള്‍ അതു വഴിയൊക്കെ നടന്നു. പല കണ്ടങ്ങളിലും വെള്ളത്തിന്‍റെ അളവ് പലതാണ്. ചിലതില്‍ മുട്ട് വരെ വെള്ളം ഉണ്ടെങ്കില്‍ ചിലത് യ്ഹികച്ചും വറ്റി വരണ്ട് കിടക്കുന്നു. കണ്ടാല്‍ ഒരു ചതുപ്പ് പോലെ തോന്നിയിരുന്ന കാരണം വെള്ളം ഉള്ളതിലേക്ക് ഇറങ്ങാന്‍ പേടി തോന്നി. അങ്ങനെ കുറച്ചു നടന്നപ്പോള്‍ തടാകത്തിന്‍റെ ഒരു ഏകദേശ രൂപം പിടികിട്ടി. അപ്പോഴാണ് ഒരു കുടില്‍ പോലെയൊന്ന് ശ്രദ്ധയില്‍ പെട്ടത്. അതിനകത്ത് 2 സ്ത്രീകളും ഇരിക്കുന്നുണ്ട്. ഞങ്ങള്‍ അവരുടെ അടുത്തേക്ക് പോയി. രണ്ടു പേരും അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു ബീഡിയും വലിച്ചു ഇരിപ്പാണ്. ഞങ്ങളെ കണ്ടപ്പോള്‍ ഒരു സ്ത്രീ എന്തൊക്കെയോ ചോദിച്ചു. ഞാന്‍ എന്‍റെ ഭാര്യയേയും സ്കൂട്ടറും കാണിച്ചു കൊടുത്തു. അതു കണ്ടു 2 പേരും ഉറക്കെ ചിരിച്ചു. മിക്കവാറും അവരുടെ ചോദ്യത്തിനുള്ള ഉത്തരം ആയിരിക്കില്ല ഞാന്‍ പറഞ്ഞിട്ടുണ്ടാവുക എന്ന് മനസ്സിലാക്കി ഞങ്ങളും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. അപ്പോള്‍ ആ സ്ത്രീ കയ്യും കലാശവും കാണിച്ചു എന്തൊക്കെയോ പറയാന്‍ തുടങ്ങി. ആ കുടിലിനോടു ചേര്‍ന്ന ഒരു കിണര്‍, പമ്പ്, ഉപ്പിന്‍റെ കൂന, റയില്‍ പാളം, എന്നിവയൊക്കെ കാണിച്ചു തന്നത് വെച്ച് ഉപ്പ് എങ്ങനെയാണു ശേഖരിക്കുന്നത് എന്നാണ് പറഞ്ഞു തന്നതെന്നു തോന്നി. മറ്റേ സ്ത്രീ എന്‍റെ മുഖഭാവം കണ്ടിട്ടാകണം ചിരിച്ചു ഇരിപ്പുണ്ടായിരുന്നു. എന്നിരുന്നാലും രണ്ടു പേരുടെയും ആ പെരുമാറ്റത്തില്‍ വളരെ സന്തോഷം തോന്നി. കിണറില്‍ നിന്നും ഉപ്പുവെള്ളം അവര്‍ കണ്ടങ്ങളിലേക്ക് അടിക്കുന്നു. എന്നിട്ട് വെള്ളം സൂര്യപ്രകാശത്തില്‍ ആവിയായി പോകുമ്പോള്‍ താഴെ ബാക്കിയാകുന്ന ഉപ്പ് അവര്‍ കോരിയെടുത്തു മല പോലെയാക്കി വെയ്ക്കും. പിന്നെടെപ്പോഴോ അവയെ കുട്ടകളില്‍ കോരിയെടുത്തു നിശ്ചിത ഇടവേളകളില്‍ വെച്ചിട്ടുള്ള റയില്‍ പാളങ്ങളുടെ അരികില്‍ കൊണ്ടു പോയിടും. അവിടെ നിന്ന് ചെറിയ ട്രെയിനില്‍ ഉപ്പെടുത്തു റെയില്‍വേ സ്റ്റേഷനു അടുത്തുള്ള ഒരു കമ്പനിയില്‍ എത്തിക്കും. അവിടെ നിന്ന് ചാക്കുകളില്‍ ഉപ്പ് ലോറികളിലാക്കി പലയിടങ്ങളിലേക്ക്‌ പോകുന്നു. കണ്ടതിന്‍റെ തുടര്‍ച്ച തന്നെയാണ് എന്ന് മനസ്സിലാക്കിയതിനാലും, അതി കഠിന വെയില്‍ കൊണ്ടു ആകെ ക്ഷീണിച്ചത് കൊണ്ടും, ഒരു പാട് നടന്നാല്‍ സ്കൂട്ടര്‍വെച്ചിരിക്കുന്ന സ്ഥലം പിന്നീട് മനസ്സിലാവാതെ വരുമോ എന്ന് പേടിയുള്ളതിനാലും ഞങ്ങള്‍ തിരിച്ചു നടന്നു. അവര്‍ പറഞ്ഞു തന്നത് എനിക്ക് മനസ്സിലായത് ശരി വെച്ചു കൊണ്ടു അപ്പോഴേക്കും ആ സ്ത്രീകള്‍ ഉപ്പിന്‍റെ കൂന കോരിയെടുത്തു പാളത്തിന്‍റെ അടുത്ത് കൊണ്ടു പോയി ഇടാന്‍ തുടങ്ങിയിരുന്നു. പാളത്തില്‍ ഇരുന്നു ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി പാക്കറ്റ് തുറന്ന ഞങ്ങള്‍ക്ക് അപ്പോഴാണ് അബദ്ധം മനസ്സിലായത്. ചൂടില്‍ ബട്ടര്‍ ആകെ ഉരുകിയിരുന്നു. എന്നിരുന്നാലും എങ്ങനെയൊക്കെയോ ബ്രെഡും, സോസും കൂടി അകത്താക്കി. തിരിച്ചു പോകുന്നതിനു മുമ്പ് ആ സ്ത്രീകള്‍ക്ക് ഒരു കുപ്പി വെള്ളം കൊടുത്തു അവരോടു യാത്ര പറഞ്ഞു. സാംഭാര്‍ എന്ന സ്ഥലം വിടുന്നതിനു മുമ്പായി ഞങ്ങള്‍ ആ കമ്പനി വരെയും ഒന്നു പോയി. റയില്‍ പാളം പോകുന്നതിന്‍റെ ഏകദേശം 10-15 അടി താഴെയാണ് കമ്പനി. ഓരോ ബോഗിയുടെയും വാതില്‍ വെറുതെ തുറന്നാല്‍ ഉപ്പ് മുഴുവന്‍ കമ്പനിയുടെ മുറ്റത്ത്‌ വീഴും. ടണ്‍കണക്കിന് ഉപ്പാണ് അവിടെ കൂടിക്കിടക്കുന്നത്. സ്വാഭാവികമായ ഉപ്പ് ആയത് കൊണ്ടാകണം, അവയ്ക്കൊക്കെ ഒരു ഇളം റോസ് നിറമായിരുന്നു. അവിടുത്തെ ഒരു ഫോട്ടോ എടുത്തപ്പോള്‍ ഒരു വൃദ്ധന്‍ നല്ല മാന്യമായി പോസ് ചെയ്തു തന്നു. ശൈശവ രൂപത്തിലുള്ള ഉപ്പിന്‍റെ ഒരു ചെറിയ പിടി വാരിയെടുത്ത് ഞങ്ങളും തിരിച്ചു സ്കൂട്ടര്‍ വെച്ചിടത്തെക്ക് നടന്നു. ഏകദേശം 3 മണിയോടെ ഞങ്ങള്‍ ടൌണ്‍ വിട്ടു ജൈപൂരിലേക്ക് മടക്കയാത്ര തുടങ്ങി. വഴിയരികിലെ ഒരു ധാബയില്‍ നിന്ന് ഞാന്‍ ചായ കുടിച്ചപ്പോള്‍ ഭാര്യ ഒരു ബോട്ടില്‍ ജ്യൂസില്‍ ഒതുക്കി. അന്നത്തെ ഭക്ഷണം ശരിയായില്ലെങ്കിലും, പണ്ട് കുട്ടിക്കാലത്ത് social studies-ന്‍റെ പുസ്തകത്തില്‍ പല തവണ പഠിച്ച തടാകം കണ്ടതിന്‍റെ നിറവിലായിരുന്നു മനസ്സ്..

Comments

Popular posts from this blog

To Lakshadweep- In Rough Seas

മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 3

മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 1