മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 3

 

രാവിലെ 6 മണിയ്ക്ക് എഴുന്നേറ്റു. ക്ഷണത്തില്‍ പുറത്തു വന്നു നോക്കിയപ്പോള്‍ അന്തരീക്ഷം മുഴുവന്‍ മേഘാവൃതം ആയിട്ടാണ് കണ്ടത്. രാത്രിയില്‍ മഴ ചാറിയതിന്‍റെ ലക്ഷണം റോഡില്‍ കണ്ടു. കുല്‍ദീപ് സിംഗ് കണ്ടപ്പോള്‍ തന്നെ മുകളിലേക്ക് ചൂണ്ടി, ‘നമുക്ക് നോക്കാം എന്നാണ് പറഞ്ഞത്. അതോടെ ഒരു ഉത്കണ്ഠ ഉള്ളില്‍ കടന്നു കൂടി. കൂടുതല്‍ ആലോചിക്കാതെ ഒരു ചായ കുടിച്ചു, പ്രഭാത കൃത്യങ്ങള്‍ നടത്തി 7 മണിയോടെ ബാഗും എടുത്തു റൂം പൂട്ടി പുറത്തു വന്നു.

ചൌരാസി അമ്പലത്തിന്‍റെ മുന്നില്‍ കുറെ ജീപ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ആളുകള്‍ നിറഞ്ഞാല്‍ അവര്‍ നമ്മെ ഏകദേശം 10km ദൂരെയുള്ള ഹഡ്സര്‍ എന്ന സ്ഥലത്ത് കൊണ്ട് ചെന്നാക്കും. 100 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. വണ്ടിയില്‍ വെച്ച് ഒരു ഡല്‍ഹി കുടുംബത്തെ പരിചയപ്പെട്ടു. ഒറ്റയ്ക്ക് കേരളത്തില്‍ നിന്ന് വരാന്‍ കാണിച്ച ‘ചങ്കൂറ്റ’ത്തെ അവരില്‍ ഒരാള്‍ അഭിനന്ദിച്ചു. ഏകദേശം 15 മിനുട്ടില്‍ ഞങ്ങള്‍ ഹഡ്സര്‍ എത്തി.

ലേഖകന്‍ ഹഡ്സറില്‍

തീര്‍ഥാടകര്‍, കടകള്‍, ലങ്കറുകള്‍, വണ്ടികള്‍.. എല്ലാം കൊണ്ടും നല്ല തിരക്കുണ്ടായിരുന്നു ഇവിടെ. തുടക്കത്തില്‍ കണ്ട ഒരു ലങ്കറില്‍ നിന്ന് ബ്രഡും പൊക്കുവടയും ചായയും കഴിച്ചു. 4 പഴം വീതവും അവിടെയുള്ളവര്‍ ഞങ്ങള്‍ക്ക് സന്തോഷത്തോടെ തന്നു. അതും കയ്യില്‍ വെച്ച് ഞങ്ങള്‍ നടത്തത്തിനു തയ്യാറായി. ഇതിനിടയില്‍ എപ്പോഴോ സൂര്യനും പുറത്തു വന്നിരുന്നു. നീല ആകാശം കാണാന്‍ തുടങ്ങിയതോടെ മനസ്സിനും ഒരു സന്തോഷം തോന്നി.

റോഡില്‍ നിന്ന് തന്നെ ഒരു കമാനവും, കുറച്ചു പടികളും ഉണ്ടാക്കി വെച്ചിട്ടുണ്ട്. കമാനത്തിലെ മണി അടിച്ചു, പടികള്‍ കയറി ഉടനെ വലത്തോട്ട് തിരിഞ്ഞ ഞങ്ങള്‍ ഒരു ഗണപതി അമ്പലത്തിനു മുന്നിലാണ് എത്തിയത്. വിഘ്നങ്ങള്‍ ഒഴിവായി യാത്ര സുഗമമാക്കുവാന്‍ പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ നടത്തം തുടങ്ങി.

തുടക്കത്തില്‍ യാത്ര മലയുടെ ചെരിവില്‍ വെട്ടിയുണ്ടാക്കിയ വഴിയില്‍ കൂടിയായിരുന്നു. വഴിക്ക് താഴെയും മുകളിലും മരങ്ങള്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ വെയില്‍ അധികമൊന്നും സഹിക്കേണ്ടി വന്നിരുന്നില്ല. കുറെ താഴെ കൂടി, ഞങ്ങളുടെ വലതു വശത്ത് ഒരു പുഴയും ഒഴുകുന്നുണ്ടായിരുന്നു. ആ പുഴയോട് ചേര്‍ന്ന് ഉള്ള ഒരു വഴിയില്‍ കൂടി കൈലാസം കണ്ടു ആളുകള്‍ തിരിച്ചു വരുന്നുണ്ടായിരുന്നു.

നടക്കാനുള്ള വഴി..


ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം, അധികം കയറ്റങ്ങള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ നടന്നിരുന്ന വഴി താഴേയ്ക്ക് ഇറങ്ങി പുഴയുടെ അതേ നിരപ്പില്‍ എത്തി. ഇവിടം തൊട്ടാണ് കോവര്‍ കഴുതകളുടെ സഹായം നമുക്ക് കിട്ടുന്നത്.

കുറച്ചു ദൂരം മരങ്ങള്‍ ഇല്ലാത്ത തുറസ്സായ സ്ഥലത്ത് കൂടി നടന്നു ഞങ്ങള്‍ വീണ്ടും മരങ്ങളുടെ ഉള്ളിലേക്ക് കയറി. അതോടെ വഴി തീര്‍ത്തും കയറ്റം ആയി മാറി. വണ്ടികള്‍ ചുരം കയറുന്ന പോലെ V അല്ലെങ്കില്‍ W ആകൃതിയില്‍ വഴി മുകളിലേക്ക് കിടക്കുകയാണ്. ഇടയ്ക്ക് നിന്നും, കയ്യിലുള്ള വെള്ളം കുടിച്ചും ഞാന്‍ നടത്തം തുടര്‍ന്നു. പുറകിലേക്ക് നോക്കിയാല്‍ ഇപ്പോഴും കുറെ ദൂരെയായി യാത്ര തുടങ്ങിയ ഭാഗത്തുള്ള ഗണപതി അമ്പലം കാണാന്‍ പറ്റിയിരുന്നു. റോഡിന്‍റെ ഓരോ V ആകൃതിയുടെ മുനമ്പില്‍ എത്തി അമ്പലത്തിലേക്ക് നോക്കുമ്പോഴും ഞങ്ങള്‍ കൂടുതല്‍ ഉയരത്തിലേക്ക് ആണ് കയറുന്നതെന്ന് മനസ്സിലായിരുന്നു.





ഇതിനിടയില്‍ ഡെല്‍ഹിക്കാര്‍ തീരെ പിന്നിലായി. അവരെ കാത്തു നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. എവിടെയെങ്കിലും ഞാന്‍ റെസ്റ്റ് എടുക്കുമ്പോള്‍ അവര്‍ നടന്നെത്തും എന്ന് വിചാരിച്ചു ഞാന്‍ നടത്തം തുടര്‍ന്നു. പക്ഷേ അവരെ ഞാന്‍ ഈ യാത്രയില്‍ വീണ്ടും കണ്ടതേയില്ല.

ഏകദേശം 2-3 കിലോമീറ്റര്‍ കൂടി നടന്നപ്പോള്‍ ആദ്യത്തെ വലിയ ലങ്കര്‍ കണ്ടു. സമയം ഏകദേശം 10 ആയിരുന്നു. ഞാന്‍ ചെറുതായി ഉച്ച ഭക്ഷണം കഴിച്ചു. വയര്‍ പകുതി ഒഴിച്ച് ഇടുന്നതാണ് ഇത്തരം നടത്തം ഉള്ളപ്പോള്‍ നല്ലതെന്ന് പഠിച്ചു വെച്ചിരുന്നു. വഴിയില്‍ ലങ്കറുകള്‍ ഇഷ്ടം പോലെ ഉള്ളതിനാല്‍ വിശപ്പ് ഒരു പ്രശ്നം ആവില്ലെന്ന് ഉറപ്പായിരുന്നു.



ലങ്കറിലെ ഭക്ഷണം കഴിഞ്ഞു കുറച്ചു നടന്നപ്പോള്‍ വഴി തുറന്ന ഒരു പ്രദേശത്ത് എത്തി. മുന്നില്‍ ഭീമാകാരമായ പര്‍വതങ്ങള്‍ ആണ് കണ്ടത്. അവയിലൊന്നും മരങ്ങള്‍ ഇല്ലാത്തതിനാല്‍ ആ കാഴ്ച മിശ്ര വികാരങ്ങള്‍ ഉണര്‍ത്തുന്ന ഒന്നായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവയില്‍ കൂടി ആളുകള്‍ അരിച്ചരിച്ചു മുകളിലേക്ക് കയറുന്ന കാഴ്ച കണ്ടു. ഇനി കയറാനുള്ള വഴിയാണ് മുന്നിലിങ്ങനെ അനന്തമായി കിടക്കുന്നത് എന്ന് മനസ്സിലായി. ഒരു ചെറിയ പരിഭ്രമം ഉള്ളില്‍ തോന്നാതിരുന്നില്ല എന്നതാണ് സത്യം.




മണിമഹേഷ്‌ യാത്രയിലെ ഒരു പ്രധാന ഇടത്താവളം ആണ് ‘പുള്‍’, അഥവാ പാലം. ഇവിടെ ഉണ്ടാക്കി വെച്ച ഒരു ഇരുമ്പ് പാലത്തിലൂടെ നമ്മള്‍ പുഴ മുറിച്ചു കടക്കുന്നു. പാലത്തിന്‍റെ നടുക്ക് നിന്നുള്ള കാഴ്ച വളരെ മനോഹരം ആണ്. ഇടവും വലവും വലിയ മലനിരയാണ്. അവയുടെ താഴെയായുള്ള ഇടത്തരം വലുപ്പമുള്ള മലകളുടെ ഇടയിലൂടെ പാറക്കെട്ടുകളില്‍ ചിന്നിച്ചിതറി പുഴ ഒഴുകുന്നു. വെള്ളത്തിന്‍റെ ഒഴുക്ക് അതി ശക്തമാണ്. വീണു പോയാല്‍ ഒഴുക്കും തണുപ്പും കാരണം രക്ഷപ്പെടാന്‍ സാധ്യത കുറവാണ്. അത് കൊണ്ട് തന്നെ അപകടകരമായി ആളുകള്‍ എന്തെങ്കിലും ചെയ്യാതിരിക്കാന്‍ പോലീസുകാര്‍ അവിടെയുണ്ട്. വിസില്‍ അടിച്ചും, ആക്രോശിച്ചും അവര്‍ ആളുകളെ വെള്ളത്തില്‍ നിന്ന് ‘ആട്ടി വിടുന്നു’.

പാലം കടന്നു സുരക്ഷിതമായ ഒരു സ്ഥലത്ത് വെച്ച് ഞാന്‍ പ്രകൃതി ഭംഗി നോക്കി കുറച്ചു നേരം പാറയിലിരുന്നു.





സമയം ഉച്ചയോടടുക്കുന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ കൂടി നടന്നാല്‍ ധാന്‍ചോ എത്താം. 1 മണിയോടെ എത്തണം എന്ന് മനസ്സില്‍ കരുതി നടത്തം തുടര്‍ന്നു. ആകെയുള്ള യാത്രയിലെ പകുതി ദൂരത്തിലാണ് ധാന്‍ചോ. അതിനു ശേഷം ഇന്ന് നടക്കുന്ന ഓരോ അടിയും ബോണസ് ആണെന്ന് മനസ്സില്‍ കരുതിയിരുന്നു. കാരണം പിറ്റേ ദിവസം മുകളില്‍ എത്താനേ എനിക്ക് പദ്ധതിയുണ്ടായിരുന്നുള്ളൂ.






പാലം കടന്നയുടനെ ചെറിയൊരു ഉയരത്തില്‍ ലങ്കറുകള്‍ ഉണ്ട്. അവയുടെ ഇടയിലൂടെ നടന്നു പുറത്തെത്തിയപ്പോള്‍ മഴ ചാറി തുടങ്ങി. നടത്തം അതോടെ ബുദ്ധിമുട്ടായി. ഇട്ടിരുന്ന ഷൂസിനു ഗ്രിപ്പ് കുറവായിരുന്നതിനാല്‍ ഇടയ്ക്കൊക്കെ കാല് പുറകിലേക്ക് തെന്നിയിരുന്നു. കോവര്‍ കഴുതകള്‍ നടക്കുമ്പോള്‍ വിസര്‍ജിച്ചിരുന്ന ചാണകവും വഴുക്കലിന്‍റെ ആക്കം കൂട്ടി. മാത്രമല്ല കയറ്റം കുറച്ചു കൂടി കുത്തനെ കൂടി ആവുകയും ചെയ്തു. എല്ലാം കൊണ്ടും ധാന്‍ചോ എത്തിയപ്പോള്‍ ആകെ ക്ഷീണിച്ചു.



എനിക്ക് ചെറുതായി മനസ്സ് മടുത്തു തുടങ്ങിയത് അപ്പോഴാണ്. മുന്നിലേക്ക് നീങ്ങുവാന്‍ മനസ്സ് സമ്മതിക്കാത്ത സ്ഥിതി. വളരെ അപകടം പിടിച്ച ഒരു മാനസികാവസ്ഥയാണ്‌ അത്. ശബരിമലയില്‍ ശരണം വിളികള്‍ പോലെ നടത്തത്തിനിടയ്ക്കു പലരും ഉറക്കെ ശിവസ്തുതി ചൊല്ലിയിരുന്നു. കയറ്റം കയറാന്‍ ഉള്ള ഒരു ഊര്‍ജ്ജവും അതിലൂടെ കിട്ടിയിരുന്നു. അത് വരെ മനസ്സിലും ഉറക്കെയും ഏറ്റു വിളിച്ചിരുന്ന ആ വിളികള്‍ പോലും കേള്‍ക്കാന്‍ വയ്യെന്ന് തോന്നിത്തുടങ്ങി. ധാന്‍ചോവില്‍ രാത്രി തങ്ങണോ എന്ന് ആദ്യം ആലോചിച്ചെങ്കിലും സമയം 2 മണി മാത്രം ആയിട്ടുള്ളൂ എന്നത് കൊണ്ട് കൂടുതല്‍ നടക്കാന്‍ തീരുമാനിച്ചു.   



അപ്പോഴേക്കും മഴ കനത്തു. കുറച്ചു നേരം ഒരു ലങ്കറില്‍ മഴ കുറയാന്‍ കാത്തു നിന്നു. ഏകദേശം 10 മിനിറ്റ് കഴിഞ്ഞ് മഴ കുറഞ്ഞപ്പോള്‍ മഴക്കോട്ട് എടുത്തിട്ട് ഞാന്‍ നടത്തം തുടര്‍ന്നു. ഇവിടെ പുഴ നമ്മള്‍ വീണ്ടും മുറിച്ചു കടക്കുന്നു. എന്നിട്ട് കയറ്റം തുടരുന്നു.




ഇനിയുള്ള യാത്രയില്‍ മരങ്ങള്‍ തീരെയില്ല. വെറും ചെറിയ പുല്ല് മാത്രമാണ് വളര്‍ന്നു നില്‍ക്കുന്നത്. സാധാരണ ഉയരമുള്ള സ്ഥലം ആണെങ്കിലും ഇത്തരം വെളിമ്പ്രദേശത്തു വെയിലിനു ഭയങ്കര ചൂടാണ് ഉണ്ടാവുക. പക്ഷേ മഴക്കാറ് ആകാശത്ത് നിന്നത് ഒരു കണക്കിന് അനുഗ്രഹമായി തോന്നി. ഇവിടെ വെച്ചാണ്‌ മലഞ്ചെരുവില്‍ പൂക്കള്‍ പൂത്തു നില്‍ക്കുന്നത് കണ്ടു തുടങ്ങിയതും. കൂടുതലും ചുവപ്പ് നിറത്തില്‍ പെട്ട പൂക്കള്‍ ആയിരുന്നു അവിടെ കണ്ടത്. ചെറിയൊരു കയറ്റം കൂടി കയറുമ്പോള്‍ കോടമഞ്ഞ്‌ താഴെ പാലത്തിന്‍റെ ഭാഗത്ത്‌ നിന്ന് മുകളിലേക്ക് അരിച്ചരിച്ചു വരുവാന്‍ തുടങ്ങി. ഓരോ 2 മിനിറ്റു കൂടുമ്പോള്‍ താഴെ ധാന്‍ചോയും പാലവും ഉള്‍പ്പെടുന്ന പ്രദേശം  മൂടല്‍ മഞ്ഞില്‍ കാണാതാവുകയും തിരിച്ചു തെളിയുകയും ചെയ്തിരുന്നു. പ്രകൃതിയുടെ ഈ ഒളിച്ചു കളി എന്‍റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ കുറച്ചു സഹായിച്ചു.





ആ കയറ്റം കൂടി കയറിയപ്പോള്‍ ദൂരെ ഒരു വലിയ വെള്ളച്ചാട്ടം കാണുവാന്‍ തുടങ്ങി. ആ വെള്ളച്ചാട്ടം ആണ് പിന്നീട് ഒരു പുഴയായി മാറി ഇത്രയും നേരം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവിടെ വഴി രണ്ടായി പിരിയുന്നുണ്ട്. ഒന്നുകില്‍ പുഴ മുറിച്ചു കടന്നു വെള്ളച്ചാട്ടത്തിന്‍റെ ഇടതു വശത്തുള്ള മല കയറാം, അല്ലെങ്കില്‍ വലതു വശത്തുള്ളത് വഴി കയറാം. ഭൂരിഭാഗം ആളുകളും ഇടതു വഴിയാണ് കയറുന്നത് കണ്ടത്. കാരണം ശിവ്-ഘരാട്, സുന്ദരാസി എന്നീ സ്ഥലങ്ങള്‍ ആ വശത്താണ്. കൂടുതല്‍ ലങ്കറുകളും.



ആകാശത്തില്‍ നല്ല കനത്ത രീതിയില്‍ മഴമേഘങ്ങള്‍ ഉണ്ടായിരുന്നു, ചെറുതായി മഴയും ചാറിയിരുന്നു. സൂര്യനെ കാണാന്‍ തന്നെ ഉണ്ടായിരുന്നില്ല. ഒരു പകല്‍ വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്.

പുഴ കടന്നു കയറാനുള്ളത്‌ വളരെ ചെരിഞ്ഞു കിടക്കുന്ന മലയാണ്. നീണ്ടു കിടക്കുന്ന V പോലുള്ള കയറ്റങ്ങള്‍ കയറാതെ ഞാന്‍ എടുത്തത്‌ അവയെ ബന്ധിപ്പിക്കുന്ന കുറുക്കു വഴികള്‍ ആയിരുന്നു. ഏകദേശം ആ മലയുടെ പകുതി കയറിയപ്പോഴേക്കും ചാറ്റല്‍ മഴ നനഞ്ഞു നടന്ന കാരണം കൈ വല്ലാതെ തണുത്തു. കയ്യിലുള്ള വടി പിടിക്കാന്‍ ബുദ്ധിമുട്ട് തോന്നി തുടങ്ങി. കുറച്ചു നേരം കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും വ്യായാമം കൊടുത്തപ്പോള്‍ അതൊരു പരിധി വരെ ശരിയായി. കയ്യിലുള്ള കമ്പിളി കയ്യുറ ഇട്ടാല്‍ അത് നനയും, പിന്നെ മുകളിലെത്തി കിടക്കുമ്പോള്‍ അത് ഉപയോഗിക്കാനാവില്ല. കയ്യില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ ഗ്ലൌസ് എടുക്കാതെ പോന്നതില്‍ നല്ല നിരാശ തോന്നി. ഇതെല്ലാം തുടക്കക്കാരന്‍റെ പിഴവുകള്‍ ആണ്..

കയറ്റം കയറുമ്പോള്‍ ശാരീരികമായി മാത്രമല്ല, മറിച്ച് മാനസികമായും നമുക്ക് ഒരുപാട് പട വെട്ടേണ്ടതുണ്ട്. ഓരോ അടിയും നമ്മള്‍ ഉയരത്തിലേക്ക് വെയ്ക്കുമ്പോള്‍, “ക്ഷീണിച്ചു, ഇനി നമുക്ക് വിശ്രമിക്കാം” എന്ന് നമ്മളെ പറഞ്ഞു ഫലിപ്പിക്കാന്‍ നമ്മുടെ മനസ്സ് ശ്രമിക്കുന്നു. എവിടെ നമ്മള്‍ ആ വിളി അനുസരിക്കുന്നുവോ, അവിടെ നമ്മള്‍ പരാജയപ്പെടുന്നു.  



പക്ഷേ കൈകള്‍ക്ക് കൂടി ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ പതുക്കെ ഞാന്‍ ആ ചിന്തയ്ക്ക് കീഴ്പ്പെട്ടു തുടങ്ങി. താഴേയ്ക്ക് ഇറങ്ങി ധാന്‍ചോയില്‍ പോയി കിടന്നാലോ എന്ന തോന്നല്‍ വീണ്ടും ഉള്ളില്‍ തോന്നിത്തുടങ്ങി. പക്ഷേ ഏകദേശം ഒരു മണിക്കൂര്‍ കഷ്ടപ്പെട്ട് കയറിയത് നാളെ വീണ്ടും കയറേണ്ടേ എന്ന് ആലോചിച്ചപ്പോള്‍ ആ പദ്ധതി ഉപേക്ഷിച്ചു. യുക്തിചിന്ത തന്നെ വിജയിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി, ഞാന്‍ വീണ്ടും മുകളിലേക്ക് തന്നെ നടത്തം തുടര്‍ന്നു.

ഏകദേശം ഒന്നര മണിക്കൂര്‍ നടന്നപ്പോള്‍ ശിവ് ഘരാട് എത്തി. രസകരമായ ഒരു ഐതിഹ്യം ഈ സ്ഥലത്തെ ചുറ്റിപ്പറ്റി ഉണ്ട്. ശിവന് ഉള്ള ഗോതമ്പ് പോടിക്കുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. അവിടെയുള്ള പാറയില്‍ ചെവി വെച്ചാല്‍ കേള്‍ക്കുന്ന ശബ്ദം ഗോതമ്പ് പൊടിക്കുന്നതാണ് എന്നാണു കഥ.



ചെറിയൊരു അമ്പലം പോലെ ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. വരുന്നവര്‍ എല്ലാം പാറയില്‍ ചെവി വെയ്ക്കുന്നുണ്ട്. പക്ഷേ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റിയില്ല. ചിലപ്പോള്‍ അതൊരു വിശ്വാസം മാത്രമായിരിക്കാം, അല്ലെങ്കില്‍ പ്രകൃതിയുടെ എന്തെങ്കിലും വികൃതി കാരണം ഉള്ളില്‍ പുറപ്പെടുന്ന ശബ്ദം പുറത്തെ ബഹളം കാരണം കേള്‍ക്കാന്‍ പറ്റാതെ വരുന്നതാവാം. ആരുടേയും വിശ്വാസം തകര്‍ക്കണ്ട എന്ന് കരുതിയായിരിക്കണം ആളുകള്‍ ഒന്നും മിണ്ടാതെ നടന്നു പോവുന്നത്.

ശിവ് ഘരാട്ടില്‍ കിടക്കാന്‍ ഉള്ള സൌകര്യങ്ങള്‍ ഒന്നും കണ്ടില്ല. അവിടെ ആകെ കണ്ടത് 2 സന്യാസിമാരെ ആണ്. പക്ഷേ പുകയും എടുത്തു ഇരിക്കുന്ന അവരുടെയടുത്ത് സമയം ചിലവഴിക്കാന്‍ ഒട്ടും തോന്നിയില്ല. വീണ്ടും നടത്തം തുടരേണ്ടി വന്നല്ലോ എന്ന നിരാശ എനിക്ക് തോന്നിയെങ്കിലും വേറെ വഴി ഇല്ലാത്തതിനാല്‍ ഞാന്‍ അവിടുന്നു നീങ്ങി.

ഇവിടെ വീണ്ടും വഴി രണ്ടായി തിരിയുന്നു. ഒരു വഴി സാവധാനം മുകളിലേക്ക് കയറുമ്പോള്‍ വേറൊരു വഴി കയറ്റങ്ങള്‍ ഇല്ലാതെ നേരെ പോകുന്നു. പക്ഷേ ആ വഴിയുടെ പ്രശ്നം എന്താണെന്നു വെച്ചാല്‍ ഗൌരീകുണ്ട് എത്തുന്നതോടെ വളരെ കുത്തനെയുള്ള ഒരു കയറ്റം ആവും എന്നതാണ്. ആദ്യത്തെ വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. താഴെയുള്ള വഴിയില്‍ ലങ്കറുകള്‍ ഇല്ല എന്നതും ഒരു വലിയ കാരണം ആയിരുന്നു.



ഇത്തരം യാത്രകളില്‍ ഒരു കൂട്ട് വേണം എന്നതിന്‍റെ  പല കാരണങ്ങളില്‍ ഒന്ന് ഈ മടുപ്പ് തന്നെയായിരിക്കണം. കൂട്ടത്തില്‍ കയറുമ്പോള്‍ അധികം ക്ഷീണം അറിയില്ല. പക്ഷേ അവിടെ വേറൊരു പ്രശ്നമുണ്ട്, ഏതെങ്കിലും ഒരാള്‍ക്ക് ക്ഷീണം തോന്നിയാല്‍ എല്ലാവരുടെയും യാത്രയും വേഗതയും ബാധിച്ചേക്കാം. ഡെല്‍ഹിക്കാര്‍ പിന്നിലായതിന്‍റെ കാരണവും മറ്റൊന്നല്ല.

പക്ഷേ ഇങ്ങനെ നടക്കുമ്പോള്‍ മൌനം ആണ് ഏറ്റവും നല്ലത്. പ്രകൃതിയെ തൊട്ടറിഞ്ഞു നടക്കണം, അവിടുത്തെ ഓരോ കാഴ്ചയും ഓരോ ശബ്ദവും നമ്മള്‍ അടുത്തറിയണം. ഇവിടെയിപ്പോള്‍ ജനസഹസ്രം ആണ് കയറുന്നത്. അത്ര തന്നെ ഇറങ്ങുന്നുമുണ്ട്. ഇവരൊക്കെ ശിവസ്തുതി ഉറക്കെ ചോല്ലുന്നുണ്ട്. പലരും ചെറിയ സ്പീക്കറുകള്‍ കൊണ്ട് വന്നു അതില്‍ ഭക്തി ഗാനങ്ങള്‍ ഉറക്കെ വെയ്ക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ പ്ലാസ്റ്റിക്‌ കുഴലുകളില്‍ വികലമായ ശബ്ദം ഉണ്ടാക്കി രസിക്കുന്നുണ്ട്.

സീസണ്‍ അല്ലാത്ത സമയത്ത് ആരുമില്ലാതെ ഇത് വഴി നടക്കുമ്പോള്‍, ആ നിശബ്ദതയില്‍ കിട്ടുന്ന അനുഭൂതി വളരെ വലുതായിരിക്കാം എന്ന് എനിക്ക് തോന്നി. പക്ഷേ അതെല്ലാം ആസ്വദിക്കണമെങ്കില്‍ മനസിന്‌ ഉന്മേഷം തോന്നണം. അതാണ് എനിക്കിപ്പോള്‍ ഇല്ലാത്തതും..    

അങ്ങനെ നടത്തം തുടരുമ്പോഴാണ് ഒരു ചായകട കണ്ടത്. അതില്‍ കയറി ഒരു ചായയും ഒരു പ്ലേറ്റ് കടല വേവിച്ചതും വാങ്ങി കഴിച്ചു. അന്ന് ആകെ കാശ് കൊടുത്തു വാങ്ങിയ ഭക്ഷണവും അതായിരുന്നു. ചൂടുള്ള ഭക്ഷണം അകത്തു ചെന്നപ്പോള്‍ തോന്നിയ ആശ്വാസം ചെറുതല്ലായിരുന്നു. അവരോടു ചോദിച്ചപ്പോള്‍ ഇനിയും ഏകദേശം 4 മണിക്കൂറോളം നടത്തം ബാക്കി ഉണ്ടെന്നാണ് പറഞ്ഞത്.

നടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരാസി മുകളില്‍ കണ്ടു തുടങ്ങി. ‘ഞാനിന്നു ഇവിടെ കിടക്കും എന്ന് മനസ്സില്‍ ഉറപ്പിച്ച് ഞാന്‍ നടത്തം തുടര്‍ന്നു. ഏകദേശം ഒരു മണിക്കൂര്‍ കൂടി നടന്നു, നാലര മണിയോടെ ഞാന്‍ സുന്ദരാസി എത്തി. അവിടെ കണ്ടൊരു കടയില്‍, ഒരു രാത്രിക്ക് എന്താണ് തുക എന്ന് ചോദിച്ചപ്പോള്‍ 400 രൂപ എന്നവര്‍ പറഞ്ഞു. മുകളില്‍ പോലും ഇത്രയില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, “എങ്കില്‍ മുകളിലേക്ക് പൊയ്ക്കോ” എന്നാണ് മറുപടി കിട്ടിയത്.



ദയനീയ ഭാവത്തോടെ അവരുടെ മുഖത്ത് നോക്കിയപ്പോള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്ന പോലെ അടുത്ത തിരിവിലേക്ക് ചൂണ്ടി ‘സമയം നാലര അല്ലെ ആയിട്ടുള്ളൂ, നടന്നോ.. ദാ, ആ വളവു തിരിഞ്ഞാല്‍ ദൂരെ ഗൌരീകുണ്ഡ് കാണാം’ എന്ന് കടയിലെ ഒരാള്‍ പറഞ്ഞു. അത് കൂടി കേട്ടപ്പോള്‍ ഞാന്‍ ആ കടയുടെ മുന്നില്‍ കുറച്ചു നേരം വിശ്രമിക്കാന്‍ ഇരുന്നു.

ഇതിനിടയില്‍ ഞാന്‍ എന്നെ തന്നെ അടിമുടി ഒന്നു നിരീക്ഷിച്ചു. റൈന്‍കോട്ട് ഏകദേശം 5 മണിക്കൂര്‍ ആയി ശരീരത്തില്‍ ഉണ്ട്. കാലിന്‍റെ മുട്ട് വരെ കോട്ടിലും അകത്തെ പാന്‍റിലും ചളിയും ചാണകവും തെറിച്ചിട്ടുണ്ട്‌. ഈ ഉയരത്തിലും മഴ പെയ്യുന്ന കാലാവസ്ഥയിലും മഴക്കോട്ട് അല്ലാതെ ആകെ ധരിച്ചിരിക്കുന്നത് ഒരു ചെറിയ സാധാരണ ടീ-ഷര്‍ട്ട് മാത്രമാണ്. തണുപ്പ് എന്നെ ബാധിച്ചിട്ടേ ഇല്ലെന്നു മാത്രമല്ല, വല്ലാതെ വിയര്‍ക്കുന്നുമുണ്ടായിരുന്നു. ഏകദേശം 10000 അടിക്കും മുകളില്‍ ആയിരുന്നിരിക്കണം അപ്പോള്‍. എങ്കിലും ശ്വാസത്തിന് പ്രശ്നമൊന്നും തോന്നിയില്ല. ഷൂ ആകെ ചളിയില്‍ പുതഞ്ഞു പോയിട്ടുണ്ട്. ധാന്‍ചോ തൊട്ടു മഴ കൂടെ ഉണ്ടെങ്കിലും  ഇത് വരെയും വളരെ ചെറിയതോതില്‍ ചാറി നിന്നിട്ടുള്ളൂ, തിമര്‍ത്തു പെയ്തിട്ടില്ല എന്നതിനാല്‍ വെള്ളം കയറി സോക്സ്‌ നനഞ്ഞിട്ടില്ല. അതൊരു വലിയ ഭാഗ്യം ആയി തോന്നി. കൈകളില്‍ തോന്നിയ മരവിപ്പ് കാലിലേക്ക് പടര്‍ന്നാല്‍ ഉള്ള സ്ഥിതി ആലോചിച്ചാല്‍ തന്നെ പേടിയാവും.

ഈ ഇരുപ്പില്‍ ഞാന്‍ വരുന്നവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ ഞാന്‍ ഇരിക്കുന്നതിന്‍റെ അടുത്ത് എത്താറായപ്പോള്‍ 2 തവണ വീണത്. രണ്ടും വഴുക്കി വീണതാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ എന്‍റെ മുന്നില്‍ വന്നു കട കെട്ടിയുണ്ടാക്കാന്‍ ഉപയോഗിച്ച ഒരു വടി പിടിച്ചു നില്‍ക്കുമ്പോഴും അയാള്‍ ഒന്നു കൂടി വീണു. അപ്പോഴാണ് അതിലെന്തോ പന്തികേടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. വേഗം അയാളുടെ അടുത്ത് ചെന്നു കാര്യം അന്വേഷിച്ചു. നടക്കുമ്പോള്‍ കാല് വിചാരിച്ച പോലെ നീങ്ങുന്നില്ല എന്നും പലപ്പോഴും കാലിലുള്ള നിയന്ത്രണം വിട്ടു വീണു പോകുന്നതാനെന്നും അയാള്‍ പറഞ്ഞു. കൂടെ ആരുമില്ലേ എന്ന ചോദ്യത്തിന് ‘ഞാന്‍ പതുക്കെ ആയപ്പോള്‍ അവര്‍ മുന്നില്‍ പോയി’ എന്ന ഉത്തരമാണ് എനിക്ക് കിട്ടിയത്.

അയാളെ കടയുടെ മുന്നില്‍ ഇരുത്തി, അയാളുടെ തന്നെ കയ്യിലെ ഗ്ലൂക്കോസും വെള്ളവും കലക്കി, അതില്‍ എന്‍റെ കയ്യിലെ ഒരു ORS പാക്കറ്റും പൊട്ടിച്ചിട്ട് കുടിപ്പിച്ചു. വിയര്‍പ്പില്‍ ശരീരത്തിലെ ധാതുക്കളും ചിലപ്പോള്‍ പുറന്തള്ളപ്പെടാം എന്നും, അങ്ങനെ വന്നാല്‍ muscle cramps വരാമെന്നും എവിടെയോ കണ്ട ഒരു ഓര്‍മ്മ ഉണ്ടായിരുന്നു. ഗ്ലൂക്കോസിലെ പഞ്ചസാര ഉന്മേഷം തരുമെന്നും, ORS-ല്‍ പല തരം minerals ഉണ്ടാകുമെന്ന വിശ്വാസം കൊണ്ടുമാണ് ഞാന്‍ അങ്ങനെ ചെയ്തത്. അത് പക്ഷേ ഗുണം ചെയ്തു. 5 മിനിറ്റില്‍ അയാള്‍ നടക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഒപ്പം ഒരു 10 മിനിറ്റ് നടന്നെങ്കിലും, അയാള്‍ പിന്നെ വീണില്ല. അപ്പോഴേക്കും വഴിയില്‍ അയാളുടെ സുഹൃത്തുക്കളെ കണ്ടപ്പോള്‍ ഇയാളെ അവര്‍ക്ക് കൈമാറി. (പിറ്റേ ദിവസം താഴെയെത്തി ഭാര്‍മൌറിലേക്ക് വണ്ടി കാത്തു നില്‍ക്കുമ്പോള്‍ അവര്‍ അത് വഴി വരികയും എന്നെ അവരുടെ ട്രാവലറില്‍ ലോഡ്ജിന്‍റെ മുന്നില്‍ ഇറക്കുകയും ചെയ്തു.)

 

കടുത്ത കാര്‍മേഘം കാരണവും, സൂര്യന്‍ മലകള്‍ക്ക് പിന്നിലേക്ക്‌ ചാഞ്ഞത് കൊണ്ടും നേരം ഇരുട്ടി തുടങ്ങി. വല്ലാതെ വൈകിയാല്‍ നടത്തം കൂടുതല്‍ ദുഷ്കരമാവും എന്ന കാരണം കൊണ്ട് നടത്തം ഒന്നു വേഗത്തിലാക്കുവാന്‍ തീരുമാനിച്ചു. പിന്നെയാണ് ഓര്‍മ്മ വന്നത്, അന്ന് കറുത്ത വാവ് ദിവസം ആയിരുന്നു. നിലാവിന്‍റെ സഹായം പോലും ലഭിക്കില്ല.



ഏകദേശം അര മണിക്കൂര്‍ കൊണ്ട് കടക്കാരന്‍ ചൂണ്ടി കാണിച്ച വളവില്‍ എത്തി. അത് തിരിഞ്ഞപ്പോള്‍, വളരെ ദൂരെയെങ്കിലും, ഗൌരീകുണ്ഡിലെ ടെന്‍റുകള്‍ കണ്ടു തുടങ്ങി. അതോടെ മനസ്സില്‍ തോന്നിയ ആ മടുപ്പ് ഒരു നിമിഷം കൊണ്ട് തീരെയില്ലതെയായി. 2 ദിവസം കൊണ്ട് നടന്നെത്താന്‍ വിചാരിച്ച ദൂരം ഒറ്റ ദിവസം കൊണ്ട് ഞാന്‍ തീര്‍ക്കാന്‍ പോകുന്നു എന്ന് എനിക്ക് ആദ്യമായി തോന്നി. അവിടെ കണ്ട ഒരു പാറക്കെട്ടില്‍ ഇരുന്നു 5 മിനിട്ട് വിശ്രമിച്ചു, മുക്കാല്‍ മണിക്കൂര്‍ കൊണ്ട് നടന്നു ഗൌരീകുണ്ട് എത്തിയപ്പോള്‍ സമയം ഏകദേശം 6 ആയിരുന്നു.

ഏകദേശ കണക്കു വെച്ച് 2000 ലധികം ആളുകള്‍ക്ക് കിടക്കാന്‍ പാകത്തിന് നിറയെ ടെന്‍റുകള്‍ കെട്ടിയ ഒരു സ്ഥലമാണ് ഗൌരീകുണ്ഡ്. കാണുന്ന പല ടെന്‍റുകളിലും ആളുകള്‍ മൂടി പുതച്ചു കിടക്കുകയാണ്. മുകളിലേക്ക് ഉള്ള വഴിയുടെ ഇരുവശങ്ങളിലും കടകളും ലങ്കറുകളും വേണ്ടത്രയുണ്ട്. പലതിലും ഉറക്കെ ശിവ ഭക്തി ഗാനങ്ങള്‍ വെച്ചിട്ടുണ്ട്. ഇതിനിടയില്‍ ഒരു കുളവും അതിനോട് ചേര്‍ന്ന് പാര്‍വതീദേവിയുടെ ഒരു പ്രതിഷ്ഠയും സ്ഥിതി ചെയ്യുന്നു. ദേവി കുളിക്കുന്നത് ഈ കുളത്തില്‍ ആണെന്നാണ് സങ്കല്‍പം. അതിനാല്‍ പുരുഷന്മാര്‍ക്ക് അതിലേക്കു ഇറങ്ങാന്‍ പാടില്ല. സ്ത്രീകള്‍ കുളിക്കുന്ന സ്ഥലം എന്നത് കൊണ്ട് അവിടെ അധിക നേരം നിന്നില്ല. ദേവിയുടെ വിഗ്രഹത്തിലേക്ക് ഒരു നോക്ക് നോക്കി പ്രാര്‍ത്ഥിച്ചു വേഗം നടന്നു. ടെന്‍റുകളുടെ കൂട്ടത്തിലെ ഒരു അറ്റത്തുള്ള ലങ്കറിന്‍റെ അടുത്ത് എത്തിയപ്പോള്‍ അതില്‍ സൂപ്പ് വിതരണം ചെയ്യുന്നു. ആര്‍ത്തിയോടെ വാങ്ങി കഴിച്ച 3 ഗ്ലാസ്സിനു അമൃതിന്‍റെ ഫലം ആണെന്ന് തോന്നി.

ഈ യാത്രകളില്‍ കോവര്‍ കഴുതകള്‍ ചെയ്തു തരുന്ന ഉപകാരത്തെ സ്മരിക്കാതെ ഒരു വിവരണവും പൂര്‍ത്തിയാവില്ല. ഇത്രയധികം ആളുകള്‍ക്ക് കിടക്കാനുള്ള ടെന്‍റുകള്‍ കെട്ടാനുള്ള സാമഗ്രികള്‍, കമ്പിളി പുതപ്പുകള്‍, ഭക്ഷണ സാമഗ്രികള്‍, ഗ്യാസ് കുറ്റികള്‍, അടുപ്പുകള്‍, പിന്നെ പാലങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ച  ഇരുമ്പ്.. ഇവയെല്ലാം ഈ വര്‍ഗ്ഗം ആണ് മുകളിലേക്ക് കയറ്റിക്കൊണ്ടു വരുന്നത്. അതും 13km ദൂരം നടന്നു കൊണ്ട്.

തീര്‍ഥാടകര്‍ക്ക് മുകളിലേക്ക് വരുവാനും കോവര്‍ കഴുതകളെ പരക്കെ ഉപയോഗിക്കുന്നുണ്ട്. ഓരോ സ്ഥലത്ത് നിന്നും ഇത്രയാണ് ചാര്‍ജ്ജ് എന്ന് താഴെ എഴുതി വെച്ചിട്ടുള്ളത്‌ കൊണ്ട് ഒരു തര്‍ക്കം അവിടെ ഉണ്ടാകുന്നില്ല. പക്ഷേ കണ്ടപ്പോള്‍ ഒരിക്കലും ഇവയ്ക്കു പുറത്തുള്ള യാത്ര അത്ര സുഖകരമായി തോന്നിയില്ല. നടക്കുമ്പോള്‍ ഇവ വല്ലാതെ കുലുങ്ങും. യാത്രികര്‍ക്ക് മുകളില്‍ ഇരിക്കുമ്പോള്‍ സ്വാഭാവികമായും ഒരു വശത്തുള്ള ചെരിവിലേക്ക് വീണു പോകാനുള്ള സാദ്ധ്യത കൂടുതല്‍ ആണെന്ന് തോന്നും. യാത്രാക്ഷീണം ഉണ്ടാവില്ലെങ്കിലും മാനസിക പിരിമുറുക്കം അവര്‍ക്ക് കൂടുതല്‍ ആണ്. ഏവരുടെയും മുഖത്ത് അത് പ്രകടമായിരുന്നു. 2-3 പേര്‍ എന്നോട് കടന്നു പോകുമ്പോള്‍ പറയുകയും ചെയ്തു.   



ഗൌരീകുണ്ഡില്‍ നിന്ന് മുന്നോട്ടു നീങ്ങിയപ്പോള്‍ ഒരു പട്ടാളക്കാരനെ കണ്ടു. ഒരിടത്തേക്ക് കൈ ചൂണ്ടി എന്‍റെയടുത്തു “മഹാരാജ് ഉധര്‍ വിരാജ്മാന്‍ ഹേ (അദ്ദേഹം അവിടെയാണ് വിരാജിക്കുന്നത്)” എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ആ ഭാഗമെല്ലാം കനത്ത മൂടല്‍മഞ്ഞ് ആണ്. അവിടുത്തെ ഒരു പര്‍വതം പോലും ദൃശ്യമല്ല. ഇനി ഇന്ന് കാണാന്‍ സാധിക്കുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ “അതിനി പറ്റുമെന്ന് തോന്നുന്നില്ല, നാളെ രാവിലെ നോക്കാം” എന്ന് തിരിച്ചു മറുപടി കിട്ടി. ശിവ്കുണ്ഡ് എവിടെയാണ് എന്ന എന്‍റെ അടുത്ത ചോദ്യത്തിന് അദ്ദേഹം ചെറിയൊരു കുന്ന് ചൂണ്ടി കാണിച്ചു തന്നു. മൂടല്‍ മഞ്ഞിന്‍റെ ഇടയിലൂടെ ബള്‍ബുകളുടെ ഒരു പ്രകാശം കുറച്ചു മുകളില്‍ കണ്ടപ്പോള്‍, ഇനിയും ഒരു കുന്ന് കൂടെ എന്ന് എന്‍റെ മനസ്സ് പറഞ്ഞു. പട്ടാളക്കാരനോട് യാത്ര പറഞ്ഞു ഞാന്‍ നടന്നു നീങ്ങി.

അപ്പോഴേക്കും പകല്‍ വെളിച്ചം തീരെ ഇല്ലാതായി കഴിഞ്ഞിരുന്നു. മലകളുടെയെല്ലാം നിഴല്‍ രൂപമാണ്‌ കാണാന്‍ പറ്റുന്നത്. വഴിയില്‍ കത്തിച്ചു വെച്ചിട്ടുള്ള ബള്‍ബുകളുടെ പ്രകാശത്തില്‍ ആണ് ഈ കുന്ന് കയറുന്നത്.

അവസാനത്തെ പരീക്ഷണം ആണ്. ഇത്രയും ദൂരം ഒരു ബുദ്ധിമുട്ടും കൂടതെ നടന്നു കയറി. സ്വാഭാവികമായും സംഭവിക്കാവുന്ന കാലുകള്‍ക്ക് തോന്നിയ ക്ഷീണം ഒഴിച്ചാല്‍ യാത്രയില്‍ ഉടനീളം ശ്വാസം കിട്ടാതെയുള്ള കിതപ്പൊന്നും തോന്നിയിട്ടേയില്ല. കാലങ്ങള്‍ ആയിട്ടുള്ള മോഹം സാധിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ പ്രകൃതി പോലും നമുക്കൊപ്പം നിന്നു. ഇനി ഏറിയാല്‍ അര മണിക്കൂര്‍ കൂടി..

മുകളില്‍ എത്താന്‍ ഇനി 2-3 സ്റ്റെപ്പ് മാത്രം ബാക്കിയുള്ളപ്പോള്‍ അവിടെ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ വളരെ പരിചയം ഉള്ള ഒരാളോട് എന്ന പോലെ ചിരിച്ചു കൊണ്ട് “എത്തിപ്പോയി.. ഇനി ദാ ഈ 2 പടികള്‍ കൂടെ ഉള്ളൂ” എന്ന് പറഞ്ഞു. എന്തു കൊണ്ടോ അവരുടെ കൈ പിടിച്ചു ഞാന്‍ കുറച്ചു സെക്കന്‍ഡ് അവിടെ നിന്നു. അതു വരെ അനുഭവിച്ച മാനസിക സംഘര്‍ഷം കണ്ണീരായി എന്‍റെ ഉള്ളില്‍ നിന്ന് വീണത്‌ അദ്ദേഹം കണ്ടോ എന്നറിയില്ല. ഞാന്‍ പടികള്‍ കയറി വഴിയുടെ അവസാനമായി എന്ന് കാണിക്കുന്ന കമാനം കടന്നു മണിയടിച്ചു. സമയം നോക്കുമ്പോള്‍ കൃത്യം 7:17.

13km നടക്കാന്‍ ഏകദേശം 11 മണിക്കൂറോളം നടത്തിയ യാത്രയ്ക്ക് ശുഭപര്യവസാനം. രാത്രിയൊന്നു ഇരുട്ടി വെളുത്താല്‍ മഹത്തായ കൈലാസ ദര്‍ശനം.. ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു.

കമാനം കടന്നു നേരെ നടന്നപ്പോള്‍ എത്തിയത് ശിവ്കുണ്ഡിന്‍റെ കരയില്‍ ആണ്. ഈ തടാകത്തിനു മാനസസരസ്സിന്‍റെ പ്രാധാന്യമാണ്. എത്രയോ തവണ യൂട്യൂബില്‍ കണ്ട തടാകം ആദ്യമായി നേരില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

ഒരു 2 മിനിറ്റ് തടാകം നോക്കി നിന്ന്, ഇനി വിസ്തരിച്ചു നാളെയാവാം എന്ന് കരുതി, വിശ്രമിക്കാനുള്ള സ്ഥലത്തെ കുറിച്ച് ആലോചിച്ചു.

ഒന്നു കണ്ണോടിച്ചു, നേരെ പുറകിലേക്ക് നോക്കിയപ്പോള്‍ ആദ്യം കണ്ട ടെന്‍റില്‍ ഒരാള്‍ക്കുള്ള സ്ഥലമുണ്ടോ എന്ന് തിരക്കി. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഏറ്റവും ഉള്ളില്‍ ഉള്ള കിടയ്ക്ക തന്നെ തരണം എന്ന് ഞാന്‍ പറഞ്ഞു. ചിരിച്ചു കൊണ്ട്, കടക്കാരന്‍ എന്നോട് ഉള്ളിലേക്ക് വരുവാന്‍ പറഞ്ഞു. ടെന്‍റിന്‍റെ  ഉള്ളില്‍ കയറി ബാഗ് അദ്ദേഹം കാണിച്ചു തന്ന ഭാഗത്ത്‌ വെച്ച് വീണ്ടും പുറത്തേക്കു ഇറങ്ങി.

കിടക്കുന്നതിനു മുമ്പ് മൂത്രശങ്ക തീര്‍ക്കല്‍ ആയിരുന്നു പ്രധാന ലക്‌ഷ്യം. നിറയെ ടെന്‍റുകള്‍ ഉള്ള സ്ഥലത്ത് ബാത്ത്റൂം കണ്ടു പിടിക്കാനുള്ള ബുദ്ധിമുട്ട്, ഇനി കണ്ടു കിട്ടിയാല്‍ തന്നെ അവയുടെ ശുചിത്വം.. എല്ലാം ആലോചിച്ചപ്പോള്‍ പുറത്തു തന്നെ ആവാമെന്ന് കരുതി. ആളൊഴിഞ്ഞ ഒരു കോണില്‍ പോയി കാര്യം സാധിച്ചു വന്നു.

നല്ല വിയര്‍പ്പു ഉണ്ടായിരുന്നുവെങ്കിലും കുളി പോയിട്ട് ഇട്ടിരുന്ന വസ്ത്രം മാറ്റി പുതിയത് ഇടുവാന്‍ തന്നെ ധൈര്യം പോരാ. നാട്ടില്‍ കുളിക്കാതെ കിടക്കുക എന്നത് ഒട്ടും ശീലമില്ലാത്ത എനിക്ക് ഈ ദിവസം തണുപ്പിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.

തിരികെ ടെന്‍റിന്‍റെ മുന്നിലേക്ക്‌ തന്നെ ചെന്ന്, അവിടെ കിടക്കുന്ന ഒരു ബക്കറ്റിലെ വെള്ളം എടുത്തു മുട്ടറ്റം വരെയുള്ള ചളിയും ചാണകവും കൈ കൊണ്ട് തുടച്ചു കളഞ്ഞു. അതോടെ കൈ ഏകദേശം മരവിച്ച പോലെയായി. എന്നിട്ട് ടെന്‍റിന്‍റെ തുടക്കത്തില്‍ തന്നെ മഴക്കോട്ട് ഊരി വെച്ച് ഉള്ളിലേക്ക് കയറി. ആദ്യം ഒരു കനത്ത കമ്പിളി വിരിച്ച്, കടക്കാരന്‍ എന്നോട് കിടക്കാന്‍ പറഞ്ഞു, എന്‍റെ മുകളില്‍ 3 കമ്പിളി കൂടി അയാള്‍ ഇട്ടു. സമാധാനമായി കിടന്നോളാന്‍ പറഞ്ഞു അയാള്‍ ടെന്‍റിന്‍റെ മുന്നിലുള്ള കടയില്‍ പോയി ഇരുന്നു.

അവിടെ കിടന്നു ഞാന്‍ നാലുപാടും ഒന്നു വീക്ഷിച്ചു. ഇവിടുത്തെ ഭൂപ്രകൃതി, സാഹചര്യം ഇവയെല്ലാം വെച്ച് നോക്കുമ്പോള്‍ ടെന്‍റ് നിര്‍മ്മാണം കുറ്റമറ്റതാണെന്ന് നിസ്സംശയം പറയാം.  നീളത്തില്‍ ഉണ്ടാക്കിയ ഇതിന്‍റെ ഇരു വശത്തും 10 പേര്‍ക്ക് വീതം കിടക്കാം. ഓരോ 3 ആള്‍ കൂടുമ്പോഴും ഒരു ചെറിയ മറ കെട്ടിയിട്ടുണ്ട്. അത് തരുന്ന സ്വകാര്യത ചില്ലറയല്ല. നീല ടാര്‍പ്പോളിന്‍ കൊണ്ടാണ് മുകളിലും വശങ്ങളിലും കെട്ടിയിരിക്കുന്നത്. വെള്ളമൊന്നും അകത്തു കടക്കില്ല. തലയിണ ഇല്ലെന്നതാണ് ആകെ തോന്നിയ ഒരു ന്യൂനത.

നടത്തം കാരണം ഇത് വരെ തോന്നാതിരുന്ന തണുപ്പ്, പക്ഷേ കിടന്നപ്പോള്‍ തോന്നാന്‍ തുടങ്ങി. രണ്ടാമതൊന്നു ആലോചിക്കാന്‍ നില്‍ക്കാതെ ബാഗ് തുറന്നു കമ്പിളി എടുത്തിട്ടു. എന്നിട്ട് പുതപ്പിന്‍റെ ഇടയിലേക്ക് വീണ്ടും കയറി. ഏകദേശം 4 അടുക്ക് വസ്ത്രങ്ങള്‍ എന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു. കൂടാതെ കമ്പിളി കയ്യുറയും, സോക്സും. എന്നിട്ടും കുറച്ചു നേരം തണുത്തു വിറച്ചു. കമ്പിളികള്‍ക്ക് ഉള്ളില്‍ പതുക്കെ ചൂട് പടര്‍ന്നപ്പോള്‍ വിറയലും നിന്നു.

അതോടെ മനസ്സ് ശാന്തമായി, പല തരം ചിന്തകള്‍ വരുവാന്‍ തുടങ്ങി.

ഹിമാലയത്തെ കുറിച്ച് ആദ്യം അറിയുന്നത് കുട്ടിക്കാലത്ത് വായിച്ച അമര്‍ചിത്രകഥകളിലൂടെ ആണ്. അവയില്‍ മനസ്സിനോട് ഏറ്റവും അടുത്ത് കിടക്കുന്നത് മഹാഭാരതം ആണ്. ഹിമാലയം എത്ര തവണയാണ് ഇതില്‍ പ്രതിപാദിക്കുന്നത്!! അപ്പോഴെല്ലാം ഭാവനയില്‍ കണ്ട താഴ്വാരങ്ങളിലൂടെ ഞാനും എത്രയോ തവണ സഞ്ചരിച്ചിട്ടുണ്ട്.

പിന്നീടെപ്പോഴോ പുസ്തകങ്ങളെയും ഹിമാലയത്തേയും മറന്ന എന്നില്‍ വീണ്ടും ആ മോഹം തോന്നിത്തുടങ്ങിയത് തൃശ്ശൂര്‍ സ്വദേശി ശ്രീ.MK രാമചന്ദ്രന്‍ സാറിന്‍റെ പുസ്തകങ്ങള്‍ വായിച്ചപ്പോഴാണ്. അദ്ദേഹത്തിന്‍റെ ആദ്യത്തെ പുസ്തകം വായിച്ചു ഏകദേശം 20 കൊല്ലങ്ങള്‍ക്ക് ശേഷമാണ് ആധ്യാത്മിക തലത്തില്‍ ഒരു ഹിമാലയ യാത്ര നടത്തുന്നത്. അത് കൊണ്ട് തന്നെ എത്രയോ കാലമായുള്ള മോഹം നിറവേറിയ ഒരു ദിവസമാണ് ഇന്ന്.  മഹാദേവന്‍റെ മടിത്തട്ടിലാണ് ഇന്ന് ഞാന്‍ കിടക്കുന്നത്. അദ്ദേഹം വസിക്കുന്നുണ്ടെന്നു കരുതുന്ന മലയുടെ താഴെ. വല്ലാത്ത ഒരു സുരക്ഷിതത്വ ബോധമാണ് ഉള്ളില്‍ തോന്നിയത്.

13000 അടിക്കു മുകളില്‍ ആണ് ഞാനിപ്പോള്‍ കിടക്കുന്നത്. മണിമഹേഷ് കൈലാസ പര്‍വതം സ്ഥിതി ചെയ്യുന്നത് ഏകദേശം 18000 അടിക്കു മുകളിലും. ഈ കൊടുമുടിയും ശിവ്കുണ്ഡ് ഉള്‍പ്പെടുന്ന   പ്രദേശവും കൊല്ലത്തിലെ 8 മാസവും കൊടും മഞ്ഞില്‍ മൂടി കിടക്കുന്നു. ശേഷിച്ച 4 മാസങ്ങളില്‍ ഭക്തജനസഹസ്രം അവിടം സന്ദര്‍ശിച്ചു സായൂജ്യമടയുന്നു. അതില്‍ തന്നെ ശ്രീകൃഷ്ണ ജന്മാഷ്ടമി തൊട്ടു രാധാഷ്ടമി വരെയുള്ള 15 ദിവസം ആണ് ഏറ്റവും പ്രധാനം. ആ സമയത്ത് ഇവിടം ആകെ ഒരു ഉത്സവ പ്രതീതിയാണ്. ലങ്കറുകളും സൌജന്യ ഭക്ഷണവും ഒക്കെ ഈ ദിവസങ്ങളില്‍ മാത്രമാണ്. ഈ ദിവസങ്ങളില്‍ മാത്രമാണ് താഴെ ഭര്‍മൌറിലും കാര്യമായ കച്ചവടം നടക്കുന്നത്. റൂമുകള്‍ക്ക് വാടക കൂടിയതിന്‍റെ കാരണവും മറ്റൊന്നല്ല. 

ശേഷിച്ച മൂന്നര മാസം ഭക്ത ജനങ്ങള്‍ക്ക്‌ ഇവിടെ സന്ദര്‍ശനം വേണമെങ്കില്‍ ഭക്ഷണത്തിനും കിടക്കാനും ഉള്ള സാമഗ്രികള്‍ സ്വന്തമായി സംഘടിപ്പിച്ചു വരേണം, അല്ലെങ്കില്‍ പോര്‍ട്ടര്‍മാരെ കൂടെ കൂട്ടണം. കാശ് വല്ലാതെ കൂടും. പക്ഷേ തിരക്ക് ഉണ്ടാവില്ലെന്ന് മാത്രമല്ല, ടെന്‍റുകളോ മറ്റു കൂടാരങ്ങളോ ഇല്ലാത്ത ഹിമാലയത്തിന്‍റെ കുറച്ചു കൂടി നല്ല കാഴ്ച ലഭിക്കും. എന്‍റെ വ്യക്തിപരമായ അഭിപ്രായം വെച്ച് യാത്ര അപ്പോഴായിരിക്കും കൂടുതല്‍ സുന്ദരം.

പുറത്തു ചാറുന്ന മഴ ടാര്‍പ്പോളിന്‍റെ പുറത്തു വീഴുന്നത് വ്യക്തമായി കേള്‍ക്കാം. ആ താളത്തില്‍ പതുക്കെ ഉറക്കത്തിലേക്കു വഴുതി പോയി.

അടുത്ത  ഭാഗം വായിക്കുവാന്‍  ഇവിടെ അമര്‍ത്തുക...  ഭാഗം 4

 

Comments

Popular posts from this blog

മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 1

മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 2