മണിമഹേഷ് കൈലാസത്തിലേക്ക് - ഭാഗം 2
നിലവറ പോലുള്ള
റൂമില്‍ കിടക്കുമ്പോള്‍ പുറത്തെ അന്തരീക്ഷം എന്താണെന്ന് ഉള്ളതിന്‍റെ ചെറിയ ഒരു
ലാഞ്ചന പോലും കിട്ടിയിരുന്നില്ല. ആകാംക്ഷയോടെ പുറത്തു വന്നു നോക്കിയപ്പോള്‍ നല്ല
നീല ആകാശവും തെളിമയുള്ള കാഴ്ചകളും ആണ് കണ്ടത്. മനസ്സിന് വളരെ സന്തോഷം തോന്നി.
ഇന്നലെ
കഴുകിയിട്ട ഡ്രസ്സുകള്‍ താമസിച്ച ഹോട്ടലിന്‍റെ ടെറസില്‍ കൊണ്ട് ഇട്ടപ്പോള്‍
കുറച്ചു നേരം മുന്നിലെ മലകളെ നോക്കി നിന്ന് പോയി. അവയ്ക്ക് വല്ലാത്ത ഒരു ഗംഭീര
ഭാവം ആണ്. മലകളില്‍ അങ്ങിങ്ങായി കാണുന്ന വീടുകള്‍ മനസ്സില്‍ ഒരു അത്ഭുതം ആണ്
ഉണ്ടാക്കിയത്. ടാറിട്ട റോഡില്‍ നിന്ന് ഒറ്റയടി പാതയില്‍ കൂടി കുറച്ചു ഉയരം നടന്നു കയറിയാല്‍
മാത്രമാണ് അതില്‍ പല വീടുകളിലേക്കും എത്തുക. അവരുടെ ജീവിതം എങ്ങനെയായിരിക്കും
എന്നത് ആലോചിച്ചാല്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ്.
ഹോട്ടലുകാരന്‍
പറഞ്ഞത് അനുസരിച്ച് ആ ഉയരങ്ങളില്‍ മഞ്ഞു കാലത്ത് നല്ല രീതിയില്‍ മഞ്ഞു വീഴ്ച ഉണ്ട്
എന്നാണ്. നടവഴി ഒന്നും ഉപയോഗിക്കാന്‍ പറ്റാത്ത ആ കാലത്തും അവര്‍ വീട്ടില്‍ ഏകാന്ത
വാസം നയിക്കുമോ അതോ മറ്റെവിടെയെങ്കിലും പോകുമോ എന്നൊരു ചിന്ത ഉള്ളില്‍ തോന്നി.
എന്തായാലും
കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഇന്നത്തെ പരിപാടികള്‍ ആയി മുന്നോട്ടു പോയി.
കുളിച്ചു ആദ്യം പോയത് ചൌരാസി അമ്പലത്തിലേക്ക് ആണ്.
ഹിമാലയത്തില്‍
ഏതൊരു ഗ്രാമവും ഒരു അമ്പലത്തെ കേന്ദ്രീകരിച്ചു ആവും നില കൊള്ളുന്നത്. പല
അമ്പലങ്ങള്‍ക്കും രസകരമായ വല്ല ഐതിഹ്യങ്ങളും ഉണ്ടാകും. യുക്തിപരമായി ആലോചിച്ചാല്‍
ഒരു എത്തും പിടിയും കിട്ടില്ലെങ്കിലും ആ കഥകള്‍ വിശ്വസിക്കാന്‍ ആവും അവര്‍ക്കിഷ്ടം.
അവരുടെ പ്രാര്‍ത്ഥനകളും, ഉത്സവങ്ങളും എല്ലാം ഈ കഥകളെയും വിശ്വാസങ്ങളെയും
ചുറ്റിപ്പറ്റിയായിരിക്കും.
ചൌരാസി
അമ്പലത്തിലെ പ്രതിഷ്ഠ സാക്ഷാല്‍ മഹാദേവന്‍ ആണ്. കൂടാതെ ഗണപതിയും, നരസിംഹ മൂര്‍ത്തിയും പ്രധാന ഉപദേവതകള്‍ ആണ്. അമ്പലത്തിന്‍റെ
ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് അവിടെയുള്ള 84 ശിവലിംഗം ആണ്. ചൌരാസി എന്ന
വാക്കിന്‍റെ അര്‍ത്ഥവും ‘84’ എന്ന് തന്നെയാണ്.
ഈ അമ്പലത്തിലെ
കഥ ഇപ്രകാരം ആണ്:
ഇവിടെ ആദ്യം
ഉണ്ടായിരുന്നത് ഭര്‍മാണി ദേവി ആണ്. ഒരിക്കല്‍ കുരുക്ഷേത്ര ഭൂമിയില്‍ നിന്ന്
മഹാദേവനെ കാണാന്‍ 84 സന്യാസിമാര്‍ വന്നു, ദേവിയോട് അനുവാദം ചോദിക്കാതെ അവര്‍
രാത്രി അമ്പലത്തില്‍ തങ്ങി. അവരുടെ പ്രവൃത്തിയില്‍ ക്രുദ്ധയായ ദേവി അവരെ ശപിക്കാന്‍
ഒരുങ്ങി. ഉടനെ ഇടപെട്ട മഹാദേവന്‍ ദേവിയെ
ശപിക്കുന്നതില്‍ നിന്ന് തടഞ്ഞു എന്ന് മാത്രമല്ല ദേവിയോട് അനുകമ്പ തോന്നി, മണിമഹേഷ്
കൈലാസ ദര്‍ശനം ഭര്‍മാണി ദേവിയെ കൂടി തൊഴാതെ പൂര്‍ത്തിയാവില്ല, എന്ന് വരവും
കൊടുത്തു. എങ്കിലും ദേവി അമ്പലം വിട്ടിറങ്ങി, കുറച്ചു കൂടി ഉയരത്തില്‍, താന്‍ ഇരുന്നിരുന്ന അമ്പലം കാണാത്ത സ്ഥലത്ത് പോയി ഇരുന്നു.
ആ സന്യാസിമാര്‍ 84 ശിവലിംഗങ്ങളായി ഇന്നും അമ്പലത്തില്‍ ഉണ്ട്. ചൌരാസി അമ്പലത്തില്‍
നിന്ന് നോക്കിയാല്‍ ഇന്നും ഭര്‍മാണി അമ്പലം കാണാന്‍ കഴിയില്ല, മറിച്ചും..
പലയിടത്തും
നടന്നു തൊഴുതു അവസാനം ശിവ ദര്‍ശനത്തിനായി ക്യൂ നിന്നു. കേരളത്തിലെ അമ്പല ചിട്ടകള്‍
വെച്ച് നോക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ ആചാരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. കേരളത്തില്‍
പൂജാരിയും ഭക്തരുമായി ഒരു സ്പര്‍ശനം പോലും ഇല്ലെങ്കില്‍ ഹിമാലയത്തിലെ പല
അമ്പലങ്ങളിലും നമുക്ക് ഗര്‍ഭ ഗൃഹത്തിലേക്ക് വരെ കടന്നു ചെല്ലാന്‍ അനുവാദം ഉണ്ട്.
വിഗ്രഹം തൊട്ടും, കൊണ്ട് വന്ന പൂവോ വെള്ളമോ
കൊണ്ട് വിഗ്രഹത്തിനു മുകളില്‍ അര്‍ച്ചന ചെയ്തും ആരാധിക്കാന്‍ അവിടെ സാധിക്കും.
തൊഴുതിറങ്ങിയ
ചിലര്‍ പേട പോലുള്ള പ്രസാദം മുന്നില്‍ കാണുന്നവര്‍ക്കെല്ലാം വിതരണം ചെയ്തിരുന്നു. പലരും
അത് കഴിച്ചു, അതേ കൈ കൊണ്ട് തനിക്ക് അര്‍ച്ചിക്കാനുള്ള
പാക്കറ്റ് പിടിക്കുന്നത് കണ്ടു. അമ്പലത്തില്‍ നിവേദിച്ചതു ഭഗവാന്‍റെ ഭക്ഷണാവശിഷ്ടം
ആയിട്ടാണ് നമ്മള്‍ കരുതുന്നത്. അതിനാല്‍ നേദിച്ചു കഴിഞ്ഞ പായസം, അവില്‍, മുതലായവ തൊട്ടാല്‍
തന്നെ അമ്പലത്തിലെ പൂജാരിമാര്‍ കൈ കഴുകുന്നതും തിരിച്ചു ശുദ്ധി ആകുന്നതിന്‍റെ ഒരു
ഭാഗമായാണ്. അമ്പലത്തിലേക്ക് കൊടുക്കുവാന്‍ ഉള്ളത് നമ്മള്‍ നിവേദിച്ച പദാര്‍ഥങ്ങള്‍
ആയി കൂട്ടികുഴയ്ക്കാറില്ല. പക്ഷേ ഇവിടെ അങ്ങനെ ഒരു വ്യത്യാസവും കണ്ടില്ല.
എന്തായാലും എനിക്ക് കിട്ടിയ പേട ഞാന്‍ ബാഗില്‍ ഇടുകയാണ് ചെയ്തത്.
പ്രധാന ദേവനെ
കൂടി തൊഴുത്ത ശേഷം കുറച്ചു നേരം കൂടി അമ്പലമുറ്റത്ത് ചുറ്റി കറങ്ങി. കടകളുടെ
തിരക്ക് കാരണം പല ശിവലിംഗങ്ങളും കണ്ണില്‍ പെടുന്നുണ്ടയിരുന്നില്ല. സീസണ്‍ കഴിഞ്ഞ
സമയത്ത് ഒന്നു കൂടി വരണം എന്ന് മനസ്സ് പറഞ്ഞു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍
പുറത്തിറങ്ങി.
ഗേറ്റിനു പുറത്ത് കടന്നു ഉടനെ തന്നെ ഇടത്തോട്ട് തിരിഞ്ഞാല്‍ ഭര്‍മാണി അമ്പലത്തിലേക്ക് ഉള്ള നടവഴി ആയി. ഏകദേശം 4 കിലോമീറ്റര്‍ നടന്നു കയറണം. അമ്പലത്തിലേക്ക് ടാക്സി ഉണ്ടെങ്കിലും, ഞാന്‍ മനപ്പൂര്‍വ്വം അതൊഴിവാക്കി. ഹിമാലയത്തിന്‍റെ പ്രകൃതി കാണണം എങ്കില്‍ യാത്ര പതുക്കെ ചെയ്യണം, അതിനു നടത്തം ആണ് നല്ലത്. മാത്രമല്ല അടുത്ത ദിവസത്തേക്ക് ഒരു തയ്യാറെടുപ്പും ആവും.
മണിമഹേഷ്
കൈലാസത്തിലേക്ക് ഉള്ള ഹെലികോപ്റ്റര്‍ സര്‍വീസിന്‍റെ മുന്നിലൂടെ ആണ് വഴി. അമ്പലത്തില്‍
നിന്ന് അവിടെ വരെയുള്ള കുറച്ചു ദൂരം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അതിനു ശേഷം
മുഴുവന്‍ കല്ലുകള്‍ പാകിയ രീതിയില്‍ ആണ് വഴി. വീടുകളുടെ ഇടയിലൂടെ ആയിരുന്നു
തുടക്കത്തില്‍ നടത്തം. പിന്നീട് അതൊരു മലയുടെ ചെരുവിലൂടെ ആയി. വഴിയുടെ വലതു വശം
വീടുകള്‍ ആണെങ്കില്‍, ഇടതു വശത്ത് താഴേക്ക് കുത്തനെയുള്ള ഭൂമി കിടക്കുകയാണ്. പക്ഷേ ആളുകള്‍
വീഴാതിരിക്കാന്‍ കമ്പിവല കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.
കയറ്റം
കയറുമ്പോള്‍ പിന്നിലേക്ക് നോക്കിയാല്‍ ഉയര്‍ന്ന മലനിരകള്‍ കാണാം. അവയുടെ മുകള്‍
ഭാഗത്തൊന്നും മരങ്ങള്‍ തീരെയില്ല. വളരെ കുത്തനെ ആണെങ്കിലും അവിടെയൊക്കെ പുല്ല്
വളര്‍ന്നു നില്‍ക്കുന്നുണ്ട്. കുറച്ചു കൂടി കയറിയപ്പോള്‍ അവയ്ക്കും പിന്നിലുള്ള
മലനിരകളുടെ മുകള്‍ഭാഗം കണ്ടു തുടങ്ങി. പുല്ല് പോലും തീരെയില്ലാതെ തീര്‍ത്തും
കരിങ്കല്‍ പാറ മാത്രം. അവയില്‍ അങ്ങിങ്ങായി മഞ്ഞ് പറ്റിപ്പിടിച്ചു നില്‍പ്പുണ്ടായിരുന്നു.
അങ്ങനെ ഈ യാത്രയില്‍ ആദ്യമായി മഞ്ഞു കണ്ടു നിര്‍വൃതി പൂകി.
കുറച്ചു കഴിഞ്ഞപ്പോള്‍
വഴി കുറച്ചു ഉള്ളിലേക്ക് കയറി. ഇരു വശവും ആപ്പിള്‍ തോട്ടങ്ങള്‍ ആയി. ടാക്സിയില്‍
പോയിരുന്നു എങ്കില്‍ ഈ അനുഭവം കിട്ടില്ലായിരുന്നു എന്നെനിക്കു തോന്നി. ആളുകള്‍
അതിക്രമിച്ചു കയറാതിരിക്കാന്‍ ആണെന്ന് തോന്നുന്നു, റോഡില്‍ നിന്ന് തോട്ടത്തിലേക്ക് കയറാതെ ഇരിക്കാന്‍
കമ്പിവേലി കെട്ടിയിട്ടുണ്ട്. മാത്രമല്ല റോഡരികില്‍ ഉള്ള മരങ്ങളില്‍ ഒന്നും ആപ്പിള്‍
ഇല്ല. ഉണ്ടെങ്കില്‍ തന്നെ കൈ നീട്ടിയാല്‍ കിട്ടില്ല.
കയറ്റം കയറി
ക്ഷീണിച്ചപ്പോള്‍ കുറച്ചു നേരം ഇരുന്നു, വെള്ളം കുടിച്ചു വീണ്ടും നടത്തം തുടങ്ങി.
വീണ്ടും അടുത്ത ഒരു ചെറിയ ഗ്രാമം വന്നു. അവിടെ പരമ്പരാഗതമായ ശൈലിയില്‍ ഉള്ള കുറെ
വീടുകള്‍ കണ്ടു. പലതിലും പശുക്കളെ വളര്‍ത്തുന്നുണ്ട്. വൈക്കോല്‍ കൊണ്ടും, വിറകുകള്‍
കൊണ്ടും നിറച്ചിരിക്കുകയാണ് താഴത്തെ നില. കൂടുതല്‍ വീടുകളിലും താമസം മുകളില്‍ ആണ്.
പല വീടുകളുടെ മുന്നിലും രാജ്മ പോലുള്ള പയര്‍ വര്‍ഗങ്ങള്‍ വളര്‍ത്തിയും, അവ വെയിലത്ത് ഉണക്കാന്‍ വെച്ചും കണ്ടു. ഭര്‍മൌര്‍
പട്ടണത്തിലെ കടകള്‍ വഴിയാണ് അവയുടെ വില്പന. കിലോവിനു ഏകദേശം 250 രൂപയാണ് വില. വഴി
തെറ്റാതെ ഇരിക്കാന്‍ പല വീടുകളുടെ ചുമരിലും ‘അമ്പലത്തിലേക്ക് ഉള്ള വഴി’ എന്ന് എഴുതി വെച്ചത് വലിയ സഹായമായി തോന്നി.
അപ്പോഴാണ് 3
ചെറിയ കുട്ടികളുടെ മുന്നില്‍ ചെന്ന് പെട്ടത്. അവര്‍ ആപ്പിള്‍, നാസ്പതി എന്നീ ഫലങ്ങള്‍ വില്‍ക്കുകയാണ്. നമ്മുടെ നാട്ടില്‍
250 രൂപയില്‍ കുറയാത്ത ആപ്പിളുകള്‍ക്ക് അവിടെ വില 4 എണ്ണം 10 രൂപ മാത്രം. ഫലങ്ങള്‍
ചെറുതായി നുറുക്കിയ ശേഷം വേറിട്ട സ്വാദ് ഉള്ളൊരു പൊടി വിതറിയാണ് നമുക്ക് തരുന്നത്.
ആപ്പിള്‍ വേണോ എന്ന അവരുടെ ചോദ്യത്തിന് വേണ്ടെന്നു
പറയാന്‍ തോന്നിയില്ല. ക്ഷീണവും ഉണ്ടെന്നത് വേറൊരു വശം. 2 എണ്ണം കഴിച്ചു ബാക്കി
പൊതിഞ്ഞു കയ്യില്‍ പിടിച്ചു. എന്തായാലും അതോടെ ഉന്മേഷം തിരിച്ചു കിട്ടി. ചെറിയ 3 ചെണ്ടുമല്ലി
പൂക്കള്‍ അവര്‍ 10 രൂപയ്ക്ക് എടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ അതും മേടിച്ചു.
കുറച്ചു നേരം അവരുടെ ഒപ്പം ഇരുന്നു, ഫോട്ടോ എടുത്തു വീണ്ടും നടത്തം തുടങ്ങി.
കുറച്ചു കൂടി
നടന്നപ്പോള്‍ വണ്ടികള്‍ പോകുന്ന വഴിയെ ഞാന്‍ മുറിച്ചു കടന്നു. അവിടെ കണ്ട കടയില്‍
കയറി ഒരു നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്തു. 70 കഴിഞ്ഞ ഒരു വൃദ്ധന്‍ ആയിരുന്നു അവിടെ.
ഞങ്ങള്‍ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. ഞാന്‍ കേരളത്തില്‍ നിന്നും
ആണെന്നും, ഒറ്റയ്ക്ക് ആണ് വന്നതെന്നും പറഞ്ഞപ്പോള്‍
അദ്ദേഹത്തിന് വലിയ അത്ഭുതം ആയി. വെസ്റ്റ് ബംഗാള്‍, ആന്ധ്ര വരെ ദൂരത്തു നിന്ന് ആളുകള്‍ വന്നിട്ടുണ്ടെന്നും
കേരളത്തിലെ വ്യക്തിയെ അടുത്തൊന്നും കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
സ്നേഹത്തോടെ അദ്ദേഹം ഉണ്ടാക്കി തന്ന നാരങ്ങാവെള്ളത്തിന് നല്ല രുചി തോന്നി.
അവിടേക്ക് അപ്പോള്‍ വന്ന ഒരു വ്യക്തിയുടെ
സംഭാഷണത്തില്‍ അവര്‍ എന്തോ വിഷമം പറയുകയാണ് എന്ന് തോന്നി. ടൂറിസ്റ്റുകള്‍ ആപ്പിള്‍
തോട്ടത്തിലേക്ക് കയറി ആപ്പിള്‍ പറിക്കുന്നു എന്നാണ് എന്നോട് പറഞ്ഞത്. അവിടുത്തെ
ജനങ്ങളുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നിലാണ് വിരുന്നു വരുന്നവര്‍ കൈ കടത്തുന്നത്.
നടന്നു നടന്ന്
ഞാനൊരു തുറന്ന പ്രദേശത്ത് എത്തി. നിറയെ പുല്ല് ഉള്ള ഒരു പ്രദേശം. വഴി ഉണ്ടാക്കി
വെച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തനിക്കു ഇഷ്ടപ്പെട്ട വഴിയിലൂടെ ആണ് നടക്കുന്നത്.
കുറച്ചു കൂടി കയറിയപ്പോള്‍ കുറെ മുകളില്‍ ആയി ഒരു കമാനം കണ്ടു. അത് അമ്പലത്തിന്‍റെ
ആദ്യ കവാടം ആയിരുന്നു. കവാടത്തിന്‍റെ അതേ ഉയരത്തില്‍ കുറേ വലതു വശത്തായിട്ട്
വേറൊന്നു കൂടി കണ്ടു. ടാക്സിയില്‍ വരുന്നവരുടെ വഴി ആയിരുന്നു അത്. അവിടെ കുറെ
വണ്ടികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നതും കണ്ടു. ഭാര്‍മൌര്‍ പട്ടണത്തില്‍ നിന്ന്
വണ്ടിയില്‍ വരുമ്പോള്‍ ഏകദേശം 6km ദൂരം ഉണ്ട്.
പോയി വരുവാന്‍ ടാക്സിക്കാര്‍ ഈടാക്കുന്നത് ഒരാള്‍ക്ക് 200 രൂപയാണ്.
പതുക്കെ നടന്നു
കവാടത്തിന്‍റെ അടുത്തെത്തി. “പ്രഥമ ദര്‍ശനം” എന്ന് അവിടെ എഴുതി വെച്ചിരിക്കുന്നത്
കണ്ടു. ഇനി ഏകദേശം ഒരു 200 മീറ്റര്‍ കൂടി ഉണ്ടെങ്കിലും വഴിയില്‍ കയറ്റം ഇല്ല.
വഴിയുടെ അറ്റത്ത് ഏകദേശം 10-15 പടികള്‍ കൂടി കയറിയാല്‍ ഒരു കവാടം കൂടിയുണ്ട്. അതു
അമ്പലത്തിന്‍റെ ഭൂമിയിലേക്ക് ഉള്ളതാണ്.
വളരെ
ക്ഷീണിച്ചുവെങ്കിലും ലക്‌ഷ്യം കണ്ടതിന്‍റെ സന്തോഷത്തില്‍ ഞാന്‍ വേഗം നടന്നു.
അപ്പോഴാണ് 3 കുസൃതികളെ കണ്ടത്. അവരില്‍ രണ്ടു പേര്‍ ശിവരൂപം ധരിച്ചിട്ടുണ്ട്.
വഴിയിലൂടെ വരുന്നവരുടെ തലയില്‍ ചന്ദനം തൊട്ടു കൊടുത്ത് 10 രൂപ മേടിക്കുന്നതാണ്
അവരുടെ തൊഴില്‍. പലരും കുട്ടികള്‍ അല്ലെ,
എപ്പോഴെങ്കിലും അല്ലെ ഉള്ളൂ എന്ന മനസ്സ് വെച്ച് അവര്‍ക്ക് പണം കൊടുക്കുന്നുണ്ട്. ഞാനും
അവരുടെ വലയില്‍ വീണു പോയി. ക്യാമറ എടുത്തപ്പോള്‍ അതില്‍ ഒരുവന്‍ മറ്റേയാളെ തട്ടി
മാറ്റി ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്തു തന്നു. അങ്ങനെ ചുളുവില്‍ ഒരു ശിവ ദര്‍ശനവും
കഴിഞ്ഞു ഞാന്‍ അമ്പലത്തിന്‍റെ പ്രധാന വാതിലിന്‍റെ താഴെയെത്തി, മണിയടിച്ചു
അകത്തേക്ക് കയറി.
അമ്പലവും
അവിടുത്തെ ഭൂമിശാസ്ത്രവും നമ്മുടെ മനസ്സിന് വളരെ സന്തോഷം നല്‍കുന്ന ഒരു കാഴ്ചയാണ്.
ഒരു മലയുടെ ചെരിവില്‍ ആണ് ഈ ചെറിയ അമ്പലം സ്ഥിതി ചെയ്യുന്നത്. മരങ്ങള്‍ ധാരാളം
ഉള്ള മലഞ്ചെരിവ് ആണെങ്കിലും അമ്പലത്തിന്‍റെ ഭാഗത്ത് മരങ്ങള്‍ ഇല്ല. പ്രകൃതി കുറച്ചു ഭാഗം മരങ്ങള്‍ ഇല്ലാതെ
ഒഴിച്ചിട്ടിട്ടുണ്ട്. ഒരു ചെറിയ ചോല അടുത്ത് കൂടി ഒഴുകുന്നുണ്ട്. താഴ്വരയ്ക്ക്
അപ്പുറത്തുള്ള വലിയ മലകളുടെ കാഴ്ച തികച്ചും പ്രൌഠഗംഭീരം തന്നെ.
ചൌരാസി
അമ്പലമുറ്റം പോലെ ഇവിടെയും നിറയെ കടകള്‍ ആണ്. അമ്പലമുറ്റത്ത് ചെറിയൊരു കുളം
ഉണ്ട്. അവിടെ കെട്ടി വൃത്തിയാക്കി ഏകദേശം സ്വിമ്മിംഗ് പൂള്‍ പോലെ ആക്കിയിട്ടുണ്ട്.
തൊട്ടടുത്ത് തന്നെ ഒരു മറ കെട്ടി തിരിച്ചു സ്ത്രീകള്‍ക്കും കുളിക്കാന്‍ സംവിധാനം
ചെയ്തിട്ടുണ്ട്. കുളത്തിന് ചുറ്റും താല്‍കാലിക കടകള്‍ ആണ്. അവയില്‍ ഒരാള്‍ കടയില്‍
ഇരുന്നു ക്ഷീണം മാറ്റിക്കോളാന്‍ എന്നോട് വിനയപൂര്‍വ്വം പറഞ്ഞു. ഏകദേശം 10 മിനിറ്റ്
അയാളുടെ കടയില്‍, ആളുകള്‍ കുളിക്കുന്നതും നോക്കി ഇരുന്നു. വെള്ളം ഐസ് പോലെ
തണുത്തത് ആയതിനാല്‍ ഓരോരുത്തരുടെയും ചേഷ്ടകള്‍ കാണുവാന്‍ നല്ല രസം തോന്നി.
എന്‍റെ
മുന്നില്‍ കിടക്കുന്ന ഇനിയുള്ള വലിയ ദൌത്യവും അതു തന്നെ ആയിരുന്നു. കുളത്തില്‍
കുളിച്ചു അമ്പലത്തില്‍ തൊഴണം. ചിലര്‍ ധൈര്യം കിട്ടാന്‍ ഉറക്കെ നാമം ജപിച്ചു
വെള്ളത്തിലേക്ക് ചാടുന്നുണ്ട്. ചിലര്‍ ഭക്തിപൂര്‍വ്വം മന്ത്രങ്ങള്‍ ഉരുവിട്ട്
കുളത്തില്‍ മുങ്ങി കയറുന്നുണ്ട്. വേറൊരു വിഭാഗം ആളുകള്‍ക്ക് ഭക്തിയില്‍ കൂടുതല്‍
ഇതൊരു വിനോദം പോലെയാണ് തോന്നിയത്. എല്ലാം ഒരു തമാശ. ബഹുജനം പലവിധം..
കുറച്ചു
കഴിഞ്ഞു ഇട്ടിരുന്ന ഡ്രസ്സ് ഊരി മാറ്റി ഒരു തോര്‍ത്ത് ഉടുത്തു ഞാനും
കുളക്കടവിലേക്ക് ചെന്നു. നനഞ്ഞ ആളുകളെ തൊട്ടപ്പോള്‍ തന്നെ വെള്ളത്തിന്‍റെ തണുപ്പ്
ഏകദേശം മനസ്സിലായി. ആദ്യം കുളത്തിനെ ഒരു പ്രദക്ഷിണം വെച്ചു. വെള്ളത്തില്‍ കാല്‍
മുക്കി തണുപ്പിനെ മയപ്പെടുത്തുമ്പോള്‍ കുറച്ചു നേരം കുളക്കടവില്‍ ഇരുന്നു.
അപ്പോഴാണ് ഒരാള്‍ ഓടി വന്നു വെള്ളത്തില്‍ ചാടിയതും കുറെ വെള്ളം എന്‍റെ ദേഹത്തേക്ക്
തെറിച്ചു വീണതും. തീരെ പ്രതീക്ഷിക്കാതെ ഇങ്ങനൊന്ന് നടന്നപ്പോള്‍ ശരീരം ആകെ ഒന്ന്
വിറച്ചു.
കൂടുതല്‍ കാത്തു
നില്‍ക്കുന്നതില്‍ അര്‍ത്ഥം ഇല്ലെന്നു മനസ്സിലാക്കി ഞാന്‍ വെള്ളത്തിലേക്ക് ഇറങ്ങാന്‍
തീരുമാനിച്ചു. ഈ കുളത്തില്‍ സ്റ്റെപ്പുകള്‍
ഇല്ലായിരുന്നു. അതിനാല്‍ വെള്ളത്തിലേക്ക് ഇറങ്ങിയപ്പോള്‍ കഴുത്തോളം ഒറ്റയടിക്ക്
നനഞ്ഞു. ഏകദേശം ഒന്നു രണ്ടു സെക്കന്‍റ് നേരത്തേക്ക് തണുപ്പ് കാരണം എല്ലാ
പ്രജ്ഞകളും പോയി. 3 മുങ്ങു മുങ്ങി വേഗം തന്നെ കരയ്ക്ക് കയറി വേഷം മാറ്റി. പക്ഷേ
അതോടെ തണുപ്പ് എന്ന വികാരം തന്നെ പോയി.
കടകള്‍
തീരെയില്ലാത്ത അമ്പലത്തിന്‍റെ മറ്റൊരു ഭാഗത്ത് സ്റ്റെപ്പുകളില്‍ ആളുകള്‍ നനഞ്ഞ
തുണി ഉണക്കാന്‍ വിരിച്ചു ഇട്ടിരിക്കുന്നത് കണ്ടു. ഞാനും അവിടെ കൊണ്ട് പോയി വസ്ത്രം
ഇട്ടിട്ടു ദേവിയെ തൊഴാന്‍ ഉള്ള ക്യൂവില്‍ നിന്നു.
ക്യൂ കുറച്ചു
നീണ്ടത് ആയിരുന്നെങ്കിലും ഏകദേശം അര മണിക്കൂര്‍ നിന്നപ്പോള്‍ ‘സ്വയംഭൂ’
അമ്പലത്തില്‍ മണിയടിച്ചു തൊഴാന്‍ സാധിച്ചു. പിന്നെയും ഒരു 10 അടി നീങ്ങി, 2 സ്റ്റെപ്പ് കയറിയാല്‍ ആണ് അമ്പലം. വെണ്ണക്കല്ലില്‍
കൊത്തിയ ദേവിയുടെ ശില്പത്തിന് വല്ലാത്ത സൌന്ദര്യം ആണ്. നാളത്തെ യാത്ര നല്ല
രീതിയില്‍ നടത്തി തരണേ എന്ന് പ്രാര്‍ത്ഥിച്ചു. ചെറിയ കുട്ടികള്‍ തന്ന പൂ അവരുടെ
ഭാവി ശോഭാനമാക്കണേ എന്ന് പ്രാര്‍ത്ഥിച്ചു ദേവിയുടെ നടക്കല്‍ വെച്ച് നടയ്ക്കല്‍ നിന്ന് നീങ്ങി.
ടാക്സിയില്‍
വരുന്ന ആളുകള്‍ നടന്നു കയറുന്ന കമാനത്തിന്‍റെ അടുത്താണ് ലങ്കര്‍. അവിടെ പോയി
ഭക്ഷണം കഴിച്ചു കുറച്ചു നേരം ഒരു കടയുടെ തണലില്‍ ശാന്തമായി ഇരുന്നു. സമയം അപ്പോള്‍
2 മണി കഴിഞ്ഞിരുന്നു.
സീസണ്‍
അല്ലാത്ത സമയത്ത്, ഒരു കട പോലും ഇല്ലാത്ത ഈ അമ്പലമുറ്റവും കുളവും എല്ലാം ഞാന്‍
ഭാവനയില്‍ കാണാന്‍ ശ്രമിച്ചു. തികച്ചും ശാന്തമായ ആ അന്തരീക്ഷത്തില്‍ വല്ലാത്തൊരു
നിര്‍വൃതി ആയിരിക്കും ചിലപ്പോള്‍ നമുക്ക് ലഭിക്കുക.
അമ്പലം എന്ന
വാക്കിന്‍റെ അര്‍ത്ഥം അന്‍പ്-ഇല്ലം, അഥവാ
സ്നേഹം ലഭിക്കുന്ന സ്ഥലം എന്നാണ്. മൂര്‍ത്തിയെ
മനസ്സറിഞ്ഞു ഭജിക്കുമ്പോള്‍ അവരുടെ ഒരു കടാക്ഷം, അല്ലെങ്കില്‍ സ്നേഹം നമുക്ക് കിട്ടുമെന്ന
വിശ്വാസം നമുക്കുള്ളില്‍ നിറയുന്നു, അതോടെ നമ്മുടെ
മനസ്സും ശാന്തമാകുന്നു. അമ്പലങ്ങളില്‍ തൊഴുമ്പോള്‍ ഒരു ആശ്വാസം പലപ്പോഴും
തോന്നുന്നതിന്‍റെ പിന്നിലുള്ള ശാസ്ത്രം ചിലപ്പോള്‍ ആ വിശ്വാസം തന്നെയായിരിക്കാം.
കുറച്ചു
കഴിഞ്ഞപ്പോള്‍ ഞാന്‍ താഴേക്ക് ഇറങ്ങി. പോകുന്ന വഴി നാരങ്ങാവെള്ളം കുടിക്കാന്‍
വീണ്ടും അതേ കടയില്‍ കയറിയപ്പോള്‍ വൃദ്ധന്‍ 2 ആപ്പിള്‍ വെറുതെ തന്നു. മുകളിലേക്ക് കയറാന്‍
എടുത്തതിന്‍റെ പകുതിയില്‍ താഴെ സമയം കൊണ്ട് താഴെയെത്തി. മലഞ്ചെരുവില്‍ പടര്‍ന്നു
കിടക്കുന്ന ഗ്രാമം കാണാന്‍ പോകണം എന്ന് ഇന്നലെ കരുതിയിരുന്നുവെങ്കിലും ക്ഷീണം
കാരണം അത് വേണ്ടെന്നു വെച്ചു. റൂമില്‍ എത്തി കുറച്ചു നേരം വിശ്രമിച്ചു, രാത്രി വീണ്ടും ലങ്കറില്‍ പോയി ഭക്ഷണം കഴിച്ചു വേഗം വന്നു കിടന്നു.
നാളെ രാവിലെ അന്തരീക്ഷം നന്നായി ഇരിക്കണേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന..
അടുത്ത ഭാഗം വായിക്കുവാന്‍ ഇവിടെ അമര്‍ത്തുക... ഭാഗം 3



















Comments
Post a Comment