മണിമഹേഷ് കൈലാസത്തിലേക്ക് - ഭാഗം 4
രാത്രി
ഇടയ്ക്ക് 2 തവണ ഉണര്‍ന്നിരുന്നു. അപ്പോഴൊക്കെ ചെറിയ ചാറ്റല്‍ മഴയുടെ ശബ്ദം
കേട്ടിരുന്നു. പിന്നെ ഉണര്‍ന്നത് കൂട്ടമണിയടി കേട്ടിട്ടാണ്. സമയം നോക്കിയപ്പോള്‍
ഏകദേശം 6 മണിയാകുന്നു. മാത്രമല്ല, ആളുകളുടെ ശിവ
സ്തുതികളും ഉറക്കെ കേള്‍ക്കാനുണ്ട്. പുറത്തു തെളിഞ്ഞ പ്രകൃതിയാണോ, കൈലാസ പര്‍വതം മുഴുവനായി കാണാന്‍ പറ്റുമോ ഇത്യാദി
ചോദ്യങ്ങള്‍ മനസ്സില്‍ വന്നപ്പോള്‍ വേഗം എഴുന്നേറ്റു പുറത്തു വന്നു, ജിജ്ഞാസയോടെ
പര്‍വതത്തിന്‍റെ ദിശയിലേക്കു നോക്കി.
മുകളിലെ പകുതി
ഭാഗം ഇപ്പോഴും കോടമഞ്ഞിന്‍റെ ഉള്ളിലാണ്
എങ്കിലും കൈലാസ പര്‍വതം ഇതാ എന്‍റെ മുന്നില്‍... ആദ്യമായി പര്‍വതം കണ്ട
സന്തോഷത്തില്‍... ആ നിര്‍വൃതിയില്‍.. കുറച്ചു നേരം പര്‍വതത്തെ നോക്കി നിന്നു.
![]() |
| ആദ്യ ദര്‍ശനം |
കുറച്ചു
കഴിഞ്ഞപ്പോള്‍ തിരിച്ചു ടെന്‍റിന്‍റെ അകത്തേക്ക് വന്നു. പ്രഭാത കൃത്യങ്ങള്‍
നടത്തണം. അതൊരു വലിയ വെല്ലുവിളിയാണ്. ബ്രഷും പേസ്റ്റും പോക്കറ്റില്‍ ഇട്ടു
ശിവ്കുണ്ഡിന്‍റെ അടുത്ത് കൂടി അതിനു പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു. അപ്പോഴാണ്
തടാകത്തിന്‍റെ നിന്ന് വെള്ളം പുറത്തേക്കു
ഒഴുകുന്ന ഒരു ചോല കണ്ടത്. വേഗം പല്ലുതേപ്പ് നടത്തി. മരം കോച്ചുന്ന വെള്ളം വായില്‍
ഒഴിച്ചപ്പോള്‍ സൂചി കുത്തുന്ന പോലെ തോന്നി.
മണിമഹേഷ്
കൈലാസം കാണാന്‍ വരുന്നവര്‍ സ്ഥിരം എടുക്കുന്ന ഒരു ഫോട്ടോ ഉണ്ട്. ചെറിയൊരു കുന്നിന്‍
മുകളില്‍ കയറിയാല്‍ താഴെ ശിവ്കുണ്ഡും മുകളില്‍
കൈലാസവും ചേര്‍ന്നൊരു ഫോട്ടോ കിട്ടും. ഏതാണ് ആ കുന്ന് എന്നത് കണ്ടുപിടിക്കാന്‍
വലിയ വിഷമം ഒന്നും ഉണ്ടായിരുന്നില്ല. പതുക്കെ അതിനു മുകളില്‍ കയറി ഞാനും ആ കാഴ്ച
ആസ്വദിച്ചു.
![]() |
| ശിവ് കുണ്ഡും കൈലാസവും |
ഈ കുന്നിന്‍റെ
ചെരിഞ്ഞ ഭാഗത്താണ് കൂടുതല്‍ ടെന്‍റുകള്‍. മുകളില്‍ ആകെ 3-4 എണ്ണം മാത്രമാണ്
ഉള്ളത്. അതിനാല്‍ ആയിരിക്കണം, മനുഷ്യ വിസര്‍ജ്യങ്ങള്‍
അവിടെയും ഇവിടെയും ആയി കണ്ടു. ഏകദേശം അയ്യായിരം പേര്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക്
വേണ്ട ശൌചാലയങ്ങള്‍ പണിയുക, അവയിലേക്കു വേണ്ട വെള്ളം എത്തിക്കുക, അവയെ വൃത്തിയായി
പരിപാലിക്കുക എന്നത് ഈ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടായ കാര്യമാണ്. അതിനാല്‍
ആളുകള്‍ ചിലപ്പോള്‍ ഇങ്ങനെ പുറത്തിരിക്കാന്‍ നിര്‍ബന്ധിതരാകാം. ചുറ്റുപാടും
കണ്ണോടിച്ചപ്പോള്‍ വലിയ പാറക്കൂട്ടങ്ങള്‍ കാണാനുണ്ട്. ചിലപ്പോള്‍ അവയ്ക്ക്
പുറകിലൊക്കെ ആളുകള്‍ ഇരുന്നിട്ടുണ്ടാകാം,
ഇരിക്കുന്നുമുണ്ടാകാം. പരിപാവനമായി കരുതുന്ന സ്ഥലം ഇങ്ങനെ മലിനമാകുന്നതില്‍ സങ്കടം
തോന്നി.
നാട്ടില്‍
നിന്ന് പുറപ്പെടുമ്പോള്‍ അച്ഛനും അമ്മയും പറഞ്ഞത് ഇത് മാത്രമാണ്, “കഴിയുന്നതും നടന്നു കയറണം, ഒരു രാത്രി അവിടെ തങ്ങണം, കുളത്തില്‍ കുളിച്ചു മഹാദേവനെ തൊഴണം”. ആദ്യത്തെ രണ്ടും
നടത്തിയെന്നിരിക്കെ, അവസാനത്തെ കൂടി ചെയ്യാതെ
തിരിച്ചു വരവ് ആലോചിക്കാന്‍ വയ്യായിരുന്നു. അതിനാല്‍ കുളിക്കാന്‍ മാനസികമായി
തയ്യാറെടുക്കുക എന്നതായി അടുത്ത ലക്‌ഷ്യം.
അത് കൊണ്ട് അവിടെയാകെ ആദ്യം ഒന്നു നടന്നു കാണുവാന്‍ തീരിമാനിച്ചു. തടാകത്തെ പ്രദക്ഷിണം വെച്ച് കൊണ്ട് ആളുകള്‍ കുളിക്കുന്ന രീതി നോക്കി കണ്ടു. കുറച്ചു ദൂരം മാത്രമേ ഇറങ്ങാന്‍ പാടുകയുള്ളൂ, അവിടെ ആണെങ്കില്‍ മുട്ട് വരെ മാത്രമാണ് വെള്ളം. മുങ്ങിക്കുളിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കൂടുതല്‍ ആളുകളും ബക്കറ്റ് വെച്ച് തല വഴി വെള്ളം ഒഴിക്കുന്നതാണ് കണ്ടത്. കരയില്‍ സ്ത്രീകള്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും വെള്ളത്തില്‍ ആരെയും കണ്ടില്ല. അവരൊക്കെ താഴെ ഗൌരീകുണ്ഡില്‍ ആവും കുളി. ആണുങ്ങള്‍ ആണെങ്കില്‍ അടിവസ്ത്രം മാത്രം ധരിച്ചാണ് കുളിക്കുന്നത്. ഇത്രയും അധികം ആളുകള്‍ ഉണ്ടെങ്കിലും അതൊന്നും ഇവിടെ വിഷയമല്ല. ആരും കുളിയൊന്നും ശ്രദ്ധിക്കുന്നില്ല.
കുളിയുടെ ഒരു
ഏകദേശ രൂപം കിട്ടിയപ്പോള്‍ തിരിച്ചു ടെന്‍റില്‍ വന്നു ഡ്രസ്സ് മാറ്റി ഒരു തോര്‍ത്ത്
മുണ്ട് മാത്രം ഉടുത്തു തടാകക്കരയിലേക്ക് ചെന്നു. കുളിച്ചു കഴിഞ്ഞു ഇടുവാന്‍ ഉള്ള
ഡ്രസ്സ് കരയില്‍ വെച്ച് ഞാനും കുളത്തിലേക്ക് ചെന്നു. മുട്ടറ്റം വെള്ളത്തില്‍
ഏകദേശം 5 മിനിറ്റ് നിന്ന് തണുപ്പ് ശീലമാക്കി. ഏതോ ഒരാള്‍ കുളി കഴിഞ്ഞു ബക്കറ്റ്
നീട്ടിയപ്പോള്‍ ഇനി കാത്തു നില്‍ക്കേണ്ടെന്നു തോന്നി. ബക്കറ്റ് മേടിച്ചു, ഉറക്കെ ശിവസ്തുതി ചൊല്ലി തല വഴി 3 തവണ വെള്ളം കോരിയൊഴിച്ചു,
തിടുക്കത്തില്‍ തിരിച്ചു കയറി, തോര്‍ത്തി, പുതിയ ഡ്രസ്സ് എടുത്തിട്ടു.
മൂന്നാമത്തെ
ആഗ്രഹവും സാധിച്ച സന്തോഷത്തില്‍ തിരിച്ചു ടെന്‍റില്‍ വന്നു. അയാളുടെ തന്നെ കടയില്‍
നിന്ന് പൂജാസാധനങ്ങള്‍ വാങ്ങി അമ്പലത്തിലേക്ക് നടന്നു.
അമ്പലം എന്ന്
പറയുമ്പോള്‍ തടാകക്കരയില്‍ ഒരു ചെറിയ സ്ഥലത്ത് ഉണ്ടാക്കിയ ഒരു ശിവ-പാര്‍വതി, നന്ദി
പ്രതിമകള്‍ മാത്രമാണ്. നമ്മള്‍ക്ക് യുക്തിക്ക്
തോന്നുന്ന എന്തും അവിടെ പോയി ചെയ്യാം. കയ്യിലെ പൂജാദ്രവ്യങ്ങളില്‍ ഉള്ള ധൂപം
കത്തിച്ചു വിഗ്രഹത്തിലോ, അവിടെ നാട്ടിയ അസംഘ്യം
ത്രിശൂലങ്ങളിലോ, പര്‍വതത്തിനു നേരെയോ ഉഴിയാം, മലര്‍ പോലുള്ള കഴിക്കാന്‍ പറ്റുന്ന പദാര്‍ഥങ്ങള്‍
വിഗ്രഹത്തിനു മുന്നില്‍ സമര്‍പ്പിച്ചു വീണ്ടും തിരിച്ചെടുക്കാം, കുളത്തിലെ വെള്ളം കൊണ്ട് വന്നു അഭിഷേകം ചെയ്യാം.. ചിലര്‍
നന്ദിയുടെ ചെവിയില്‍ പോയി ശിവനുള്ള നിവേദനം പറയുന്നുണ്ട്.
സമയം ഏകദേശം 7
മണി ആവുന്നു. തെളിഞ്ഞ സൂര്യ കിരണങ്ങള്‍ വന്നു തുടങ്ങി. ആകാശം നീല നിറത്തില്‍
കാണപ്പെട്ടു. പര്‍വതത്തിന്‍റെ മുകള്‍ ഭാഗം മറ നീക്കി പുറത്തു വരാന്‍ തുടങ്ങി. ആ
മാറ്റം താഴെ ഭക്ത ജനങ്ങള്‍ ആര്‍പ്പു വിളികളോടെ ആണ് എതിരേറ്റത്. ‘ഭം ഭം ഭോലെ’, ‘ജയ് ഭോലെനാഥ്’ മുതലായ വിളികളാല്‍ താഴ്വര ആകെ നിറഞ്ഞു. ആയിരങ്ങള്‍
ചേര്‍ന്ന് മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ ഒരു പ്രത്യേക വികാരമാണ് ഉള്ളില്‍ തോന്നിയത്.
ചുറ്റും നോക്കിയപ്പോള്‍ എല്ലാവരും ഒരേ ദിശയിലേക്കു നോക്കി നില്‍ക്കുന്നു. ചിലര്‍
ഭക്തിയില്‍ കണ്ണടച്ച് തൊഴുമ്പോള്‍, ചിലര്‍ കണ്ണിമ
ചിമ്മാതെ കൈലാസത്തിന്‍റെ പൂര്‍ണ്ണ രൂപം കണ്ടാസ്വദിക്കുന്നു. ചിലരുടെ കണ്ണില്‍
നിന്ന് കണ്ണീര്‍ ധാരയായി പുറത്തേക്കൊഴുകുന്നു. ചിലര്‍ പതുക്കെ ഭക്തിയോടെ മന്ത്രങ്ങള്‍
ഉരുവിടുമ്പോള്‍, മറ്റു ചിലര്‍ തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ ആര്‍പ്പു
വിളിക്കുന്നു. ഞാനും കുറെ നേരം ആ രൂപം കണ്ടു നിന്നു.
ഇപ്പോള്‍ ഇവിടെ
കൂടിയവരെല്ലാം ചെയ്യുന്നത് ‘മണിമഹേഷ് ദര്‍ശനം’ മാത്രമാണ്. ഇതല്ലാതെ ‘മണിമഹേഷ്
പരിക്രമണം’ എന്നൊരു യാത്ര
കൂടിയുണ്ട്. ആ യാത്ര തുടങ്ങുന്നത് ഹഡ്സറില്‍ നിന്നും ഏകദേശം 15km അകലെ കിടക്കുന്ന കുഗ്ത്തി എന്ന ഗ്രാമത്തില്‍ നിന്നാണ്. ഒട്ടും
തന്നെ ആള്‍താമസം ഇല്ലാത്ത, ഇതിലും ഉയരമുള്ള, ബുദ്ധിമുട്ടുള്ള വഴികളിലൂടെ വന്നു, കൈലാസത്തെ ചുറ്റി ശിവ്കുണ്ഡില്‍ എത്തുന്നു. എന്നിട്ട് ഞങ്ങളിപ്പോള്‍
കയറി വന്ന അതേ വഴിയില്‍ കൂടി താഴെ ഇറങ്ങുന്നു. ആ വഴി വരുന്നത് കൈലാസത്തെ തൊട്ടു
കൊണ്ടാണ് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഈ യാത്രയെ പറ്റി സാധാരണ ആളുകളൊന്നും
ആലോചിക്കാറില്ല എന്ന് തോന്നുന്നു. ആ വഴിയിലൂടെ ആരും വന്നു കണ്ടില്ല.
ഇനിയിവിടെ
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അവിടമാകെ ഒന്നു നടന്നു കാണുവാന്‍ വീണ്ടും
തീരുമാനിച്ചു. ചുറ്റുമുള്ള മലകളിലെ ഒന്നിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു
ചെറിയ വഴിയും അതിലൂടെ വളരെ ചുരുക്കം ആളുകള്‍ കയറുന്നതും കണ്ടു. അതേ കുറിച്ച് ഒരു
കടക്കാരനോട് ചോദിച്ചപ്പോള്‍, ആ മലയ്ക്കും
അപ്പുറം ഒരു ഗ്രാമമുണ്ടെന്നാണ് അയാള്‍ പറഞ്ഞത്. കേട്ടപ്പോള്‍ അത്ഭുതം തോന്നി. 8
മാസത്തോളം കൊടും മഞ്ഞില്‍ മൂടി കിടക്കുന്ന പ്രദേശത്ത് ഏകദേശം 14000 അടി ഉയരമുള്ള
മല കയറിയിറങ്ങി ഒരു ഗ്രാമം. അവിടേക്ക് ഒരു വഴി ഉണ്ടാകുമോ, അതിലൂടെ 4 മാസമെങ്കിലും വണ്ടികള്‍ക്ക് വന്നു അവര്‍ക്ക്
വേണ്ട സാമഗ്രികള്‍ എത്തിക്കാന്‍ സാധിക്കുമോ? അവര്‍ക്ക്
വേണ്ട കുടിവെള്ളം, വൈദ്യുതി, വൈദ്യ സഹായം, ചോദ്യങ്ങള്‍ നിരവധി..
![]() |
| ശ്രദ്ധിച്ചു നോക്കിയാല്‍ മുകളിലേക്കുള്ള വഴി കാണാം.. |
സമയം ഏകദേശം 10
ആയപ്പോള്‍ താഴെ ഗൌരികുണ്ഡിന്‍റെ ഭാഗത്ത് നിന്ന് മുകളിലേക്ക് കോടമഞ്ഞ് കയറാന്‍
തുടങ്ങി. ഇന്‍റര്‍നെറ്റില്‍ ആദ്യമേ കണ്ടിരുന്നു, ഉച്ചയോടെ കാലാവസ്ഥ വീണ്ടും മോശമാകുമെന്ന്. കുറെ കാലമായുള്ള
മോഹം ഭഗവാന്‍ സാധിപ്പിച്ചു തന്നു, ഇവിടെ തോഴേണ്ട
രീതിയിലൊക്കെ തൊഴുകയും ചെയ്തു. മനസ്സ് തൃപ്തിയായി. കൂടുതല്‍ ഇനി ഇവിടെ നില്‍ക്കുന്നതില്‍
അര്‍ത്ഥമില്ലെന്ന് തോന്നി. പത്തരയോടെ ടെന്‍റില്‍ നിന്നിറങ്ങി. ഇടയ്ക്കിടെ നിന്ന്
‘അദ്ദേഹത്തെ’ തിരിഞ്ഞു നോക്കി താഴേയ്ക്ക് നടന്നു.
ഒരു വളവ്
എത്തിയപ്പോള്‍ ഇനിയൊരു കാഴ്ച സാധ്യമാവില്ല എന്ന് മനസ്സിലാക്കി, തിരിഞ്ഞു നിന്ന് നല്ലവണ്ണം തൊഴുതു, നമസ്കരിച്ചു, മഹാദേവനോട് യാത്ര പറഞ്ഞു..
മനസ്സപ്പോള്‍
എന്നോട് തന്നെ മന്ത്രിച്ചു, “സഫലമീ യാത്ര”..
മറിച്ച്
ആകുവാന്‍ തരമില്ല, കാരണം അദ്ദേഹം എനിക്ക്
അപൂര്‍വ്വമായ ഒരു കാഴ്ച ഒരുക്കി തന്നിരുന്നു എന്നത് വളരെ വൈകിയാണ് ഞാന്‍
മനസ്സിലാക്കിയത്: കൈലാസ പര്‍വതത്തിനു മുകളില്‍ പ്രകൃത്യാ രൂപപ്പെട്ട നിലയില്‍ ഒരു
ശിവലിംഗം. അങ്ങനെയൊരു കാഴ്ച ലഭിച്ചത് പൂര്‍വ്വീകരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹമായിരിക്കാം,
അല്ലെങ്കില്‍ ഇത്ര കാലം കാത്തിരുന്നതിന് അദ്ദേഹം എനിക്ക് മാത്രമായി തന്ന ഒരു
സമ്മാനമായിരിക്കാം..
![]() |
| ശംഭോ.. മഹാദേവാ.. |












Really blessed.. Rishi 🙏🙏
ReplyDeleteSo informative.. 👌👌
Thank you so much Sudheer Etta
DeleteGreat work, rishee
ReplyDeleteThank you Prasad Etta
DeleteBeautiful..., I really realized the spiritual journey through your nice words.. Thankyou! Really Blissful..Har har Mahadev
ReplyDeleteThank you so much Vinod Ji for your words..
DeleteHar Har Mahadev