മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 1



അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ:, ഹിമാലയോ നാമ നഗാധിരാജ:

 

നഗങ്ങളുടെ (പര്‍വതങ്ങളുടെ) രാജാവും, ഹിമാലയം എന്ന പേരോട് കൂടിയതുമായ ദേവതാത്മാവ് ഇതാ ഉത്തരദിശയില്‍ നില്‍ക്കുന്നു.... മഹാകവി കാളിദാസന്‍ അദ്ദേഹത്തിന്‍റെ കാവ്യരചനയായ  കുമാരസംഭവം തുടങ്ങിയത് ഹിമാലയത്തെ ഇപ്രകാരം വര്‍ണിച്ചു കൊണ്ടാണ്.

ആദ്ധ്യാത്മിക തലത്തില്‍ നോക്കിയാല്‍ ഭാരതത്തിലെ ജനങ്ങളില്‍ ഹിമാലയം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് വിവരിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഭൂമിക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ലോകങ്ങളിലെക്കുള്ള ചവിട്ടുപടിയായിട്ടാണ് ഹിമാലയത്തെ നമ്മള്‍ കാണുന്നത്. ജനങ്ങളുടെ കണ്ണില്‍ ദേവലോകം ഇക്കാണുന്ന ഹിമസാഗരം തന്നെ. ദേവങ്ങളുടെ ദേവനായ മഹാദേവന്‍, സാക്ഷാല്‍ പരമശിവന്‍, വാഴുന്ന ഹിമാലയം മറ്റൊരു രീതിയിലാവാന്‍ തരമില്ലല്ലോ. പലപ്പോഴും സംഭവിക്കുന്ന പ്രകൃതി ക്ഷോഭങ്ങളും തദ്വാരാ ഉണ്ടാകുന്ന നാശ നഷ്ടങ്ങളും ദേവതാത്മാവിന്‍റെ പ്രവൃത്തിയായാണ് ഇന്നാട്ടിലെ ജനം കാണുന്നത്. ആകാശത്തേക്ക് നോക്കി കണ്ണീര്‍ വാര്‍ത്ത് വീണ്ടും അവിടെ തന്നെ കഴിയുന്നതിന്‍റെ കാരണവും അടിയുറച്ചു പോയ ആ വിശ്വാസമാണ്, അല്ലെങ്കില്‍ ഇതിനെല്ലാം ഇടയിലും മഹാദേവന്‍റെ ഒരു സംരക്ഷണ കവചം അവര്‍ക്ക് മുകളില്‍ ഉണ്ടെന്ന ആശ്വാസമാണ്. ആ ഒരു ദൈവീക ഭാവം അറിഞ്ഞവരോന്നും വീണ്ടും ഹിമാലയത്തിലേക്ക് പോവാതെയോ അല്ലെങ്കില്‍ പോവാന്‍ മോഹിക്കാതെയോ ഇരുന്നിട്ടില്ല.

പലപ്പോഴായി അറിയാന്‍ കൊതിച്ച ആ ഭാവം അനുഭവിക്കാന്‍ ഇട വന്നത് 2024 സെപ്റ്റംബറിലാണ്. അതും മഹാദേവന്‍റെ വാസസ്ഥലം എന്ന് നമ്മള്‍ വിശ്വസിച്ചു പോരുന്ന പഞ്ചകൈലസങ്ങളില്‍ ഒന്നായ മണിമഹേഷ് കൈലാസം ദര്‍ശിച്ചു കൊണ്ട്..


 

മണിമഹേഷ് കൈലാസം സ്ഥിതി ചെയ്യുന്നത് ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനത്തെ ചമ്പ എന്ന ജില്ലയില്‍ ആണ്. 18000 അടിക്കു മുകളില്‍ ആണ് ഈ പ്രദേശം. ഹഡ്സര്‍ എന്ന സ്ഥലം വരെ വാഹന സൗകര്യം ഉണ്ട്. പിന്നീട് ഏകദേശം 13km നടന്നു കയറണം. ഈ വക കാരണങ്ങള്‍ കൊണ്ട് യാത്ര പോകുവാന്‍ ശാരീരികമായും മാനസികമായും നല്ല തയ്യാറെടുപ്പ് തന്നെ നടത്തേണ്ടതുണ്ട്.

അതിനായി ഹിമാചല്‍ സര്‍ക്കാര്‍ ഒരു മെഡിക്കല്‍ ഫോറം ഇറക്കിയിട്ടുണ്ട്. അതില്‍ നിഷ്കര്‍ഷിക്കുന്ന ചില ടെസ്റ്റുകള്‍ ചെയ്ത്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഒപ്പും സീലും വാങ്ങി, നിര്‍ദ്ദിഷ്ട വെബ്സൈറ്റില്‍ നമ്മുടെ മറ്റു വിവരങ്ങളോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. എനിക്ക് ചെയ്യേണ്ടി വന്നത് ചില രക്ത പരിശോധനകളും, ECG എടുക്കലും ആയിരുന്നു.

2013-ല്‍ കേദാരത്തില്‍ ഉണ്ടായ ദുരന്തത്തിന് ശേഷമാണ് ഇവിടെയും ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ തുടങ്ങിയത്. മലമുകളില്‍ വല്ല അത്യാഹിതവും സംഭവിച്ചാല്‍ അവിടെ പെട്ടുപോയവരുടെ കണക്കെടുക്കാന്‍ പാകത്തിന് ആണ് ഈ റെജിസ്ട്രേഷന്‍.

എന്‍റെ യാത്ര ആദ്യം പഞ്ചാബില്‍ കിടക്കുന്ന അമൃത്സര്‍ എന്ന  പട്ടണത്തിലേക്ക് ആയിരുന്നു. ഒരു രാത്രി അവിടെ തങ്ങി, പിറ്റേ ദിവസം രാവിലെ 6 മണിക്ക് അവിടുന്ന് യാത്ര തുടങ്ങി. 120km ദൂരെ കിടക്കുന്ന പത്താന്‍കോട്ട് ആയിരുന്നു ആദ്യത്തെ .ലക്‌ഷ്യം. തികച്ചും ഉത്തരേന്ത്യന്‍ പ്രദേശത്ത് കൂടെയുള്ള ആ ബസ്‌ യാത്ര ഒരു പുതിയ അനുഭവം ആയിരുന്നു. ഇരു വശവും പച്ചപ്പാടം, അതിനിടയില്‍ വീടുകള്‍. കേരളത്തിലെ പോലെ ചെരിച്ചു വാര്‍ത്ത വീടുകള്‍ അല്ല അവയൊന്നും..


 

 യാത്രയുടെ കൂടുതല്‍ സമയവും റോഡ്‌ വലവും തിരിവും ഇല്ലാതെ നേരെ ആയിരുന്നു. അതിനാല്‍ ഏകദേശം 2 മണിക്കൂര്‍ സമയം കൊണ്ട് പത്താന്‍കോട്ട് എത്തി. അവിടുന്ന് ഒരു ധാബയില്‍ കയറി ആലൂ പൊറാട്ടയും ചായയും കഴിച്ചു. കേരളത്തില്‍ നിന്ന് ആണെന്നും മണിമഹേഷ്‌ കൈലാസം ആണ് ലക്‌ഷ്യം എന്നും പറഞ്ഞപ്പോള്‍ കടക്കാരന്‍ എനിക്ക് പ്രത്യേക പരിഗണനയാണ് പിന്നീട് തന്നത്. അദ്ദേഹം തന്നെയാണ് എന്നെ അടുത്ത ബസ്‌ കയറ്റി വിട്ടതും. ഏകദേശം 70km ദൂരെ കിടക്കുന്ന ബനിഖേത് ആയിരുന്നു പിന്നത്തെ ലക്‌ഷ്യം.

ധാബയും മുതലാളിയും..


വണ്ടി എടുത്തു ഏകദേശം അര മണിക്കൂര്‍ സമയം കഴിഞ്ഞതും ബസ്‌ മല കയറി തുടങ്ങി. ‘ഞാന്‍ ഹിമാലയത്തില്‍ എത്തി എന്ന സന്തോഷത്തില്‍ ഞാനും കാഴ്ചകള്‍ കണ്ടിരുന്നു. ഒരു ചെറിയ കുട്ടി കാണിക്കുന്ന ആവേശത്തില്‍ ഡ്രൈവറുടെ തൊട്ടു ഇടതു വശത്ത് ഉള്ള ആദ്യത്തെ സീറ്റില്‍ ആണ് ഞാന്‍ ഇരുന്നത്. അമൃത്സറില്‍ നിന്ന് രാത്രിവണ്ടി ചമ്പയിലേക്ക് കിട്ടുമോ എന്ന് ആദ്യം അന്വേഷിച്ചത് മണ്ടത്തരം ആയിരുന്നു എന്ന് ഈ കാഴ്ചകള്‍ ആസ്വദിക്കുമ്പോള്‍ തോന്നി.



 

അധികം ഉയരം ഇല്ലാതെ താഴ്ന്നു കിടക്കുന്ന പച്ച വിരിച്ച മലമുകളിലൂടെ ബസ്‌ വളഞ്ഞു പുളഞ്ഞു പോയിക്കൊണ്ടിരുന്നു. ഓരോ വളവു തിരിയുമ്പോഴും കിട്ടിയിരുന്ന പുതിയ കാഴ്ചകള്‍ യാത്രയുടെ ആസ്വാദനം കൂട്ടി.  പലയിടത്തും ചെറിയതും വലിയതും ആയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. ഏകദേശം 11 മണി ആയപ്പോള്‍ ബസ്‌ ഒരു ധാബയുടെ മുന്നില്‍ നിര്‍ത്തി. രാവിലെ നല്ല പോലെ കഴിച്ചതിനാല്‍ എനിക്ക് തീരെ വിശപ്പ്‌ തോന്നിയില്ല. അതിനാല്‍ ഒരു കുപ്പി വെള്ളം വാങ്ങി കയ്യില്‍ വെച്ചു.

 അതിശയിപ്പിച്ച ഒരു കാര്യം എന്താണെന്നു വെച്ചാല്‍ മണിമഹേഷ്‌ കൈലാസത്തിന്‍റെയും ശിവ-പാര്‍വതിമാരുടെയും ഫോട്ടോ വെച്ച ലങ്കറുകള്‍ (അന്നദാന മണ്ഡപങ്ങള്‍) പത്താന്‍കോട്ട് നിന്ന് തന്നെ ആരംഭിക്കുന്നു എന്നതാണ്. അന്നദാനം ആണെന്നതിനാല്‍ കാശ് കൊടുക്കേണ്ടതില്ല. ജനം അതൊരു വലിയ കാര്യമായിട്ടാണ് നടത്തുന്നത്. ശിവനാമം ഉറക്കെ ചൊല്ലി, ബസ്സുകളെ കൈ കൊട്ടി വിളിച്ചു ‘ഇവിടെ നിര്‍ത്തൂ എന്ന് ലങ്കര്‍ നടത്തുന്നവര്‍ പറഞ്ഞിരുന്നത് തികച്ചും അത്ഭുതപ്പെടുത്തി. പ്രത്യാഭിവാദ്യം ചെയ്തു ഭക്ഷണം കഴിഞ്ഞെന്നു ചെറു പുഞ്ചിരിയോടെ ഡ്രൈവര്‍ അവരോടു തിരിച്ചു പറയുന്നുണ്ടായിരുന്നു.

റോഡിലെ വളവും തിരിവും കാരണം ഒരു മണിക്കൂറില്‍ ശരാശരി 30km മാത്രം ആയിരുന്നു യാത്ര. അങ്ങനെ പതുക്കെ ബസ്‌ ബനിഖേത് എത്തി. അവിടുന്ന് 45km ദൂരെ കിടക്കുന്ന ചമ്പ, ചംബയില്‍ നിന്ന് 60km ദൂരെയുള്ള ഭര്‍മോര്‍. ഭൂപ്രകൃതിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും കണ്ടില്ല എങ്കിലും ചമ്പ വിട്ടപ്പോള്‍ ദൂരെ കാണുന്ന മലകള്‍ക്ക് വലുപ്പം കൂടുവാന്‍ തുടങ്ങി. പക്ഷേ ചംബയ്ക്കും ഭര്‍മോറിനും ഇടയിലുള്ള  റോഡ്‌ മഹാ മോശം ആയതിനാല്‍ പൊടി പിടിച്ച അന്തരീക്ഷവും, ബ്ലോക്കും, മെല്ലെപ്പോക്കും, സര്‍വ്വോപരി പകല്‍ മുഴുവന്‍ ബസ്സില്‍ ഇരുന്ന ക്ഷീണവും യാത്രയുടെ രസം കെടുത്തി.



 

എങ്കിലും ഏകദേശം 7 മണിയോടെ ഞാന്‍ ഭര്‍മോര്‍ എത്തി.






 

ഫോണില്‍ വിളിച്ചു റൂം നേരത്തെ ബുക്ക്‌ ചെയ്തിരുന്നതിനാല്‍ നേരെ പോയി ബാഗ് താഴെയിറക്കി. റൂമില്‍ ഇരുന്നു കാഴ്ചകള്‍ കാണാനല്ല, മറിച്ച് നടന്നു ഹിമാലയ ഭംഗി ആസ്വദിക്കാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആ കണക്കിന് റൂം എനിക്ക് രാത്രി കിടക്കാന്‍ മാത്രമാണ് വേണ്ടത്. അതിനാല്‍ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ചയ്ക്ക് പ്രാധാന്യം ഇല്ലെന്നു മുന്നേ തന്നെ റൂമുടമ കുല്‍ദീപ് സിംഗ് എന്ന വ്യക്തിയോട് ഞാന്‍ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഒരു നിലവറ പോലുള്ള റൂം ആയിരുന്നു എനിക്ക് തന്നത്. ആകെ ഒരു ജനല്‍ ഉള്ളത് തുറക്കുന്നത് അകത്തെ വരാന്തയിലേക്ക്‌ തന്നെയായിരുന്നു. ഒറ്റയ്ക്കായിരുന്നതിനാല്‍ റൂമിന്‍റെ സൌകര്യത്തില്‍ ഞാന്‍ തൃപ്തനായിരുന്നു എങ്കിലും ഭംഗിവശം കൊണ്ട് നിലവാരത്തിനും താഴെയായിരുന്ന ആ റൂമിന് ഒരു രാത്രിക്ക് 800 രൂപ കൂടുതല്‍ അല്ലെ എന്നുള്ളത് തോന്നാതെ ഇരുന്നില്ല.

ക്ഷീണം തീര്‍ക്കാന്‍ അര മണിക്കൂര്‍ നേരം കിടന്നതിനു ശേഷം ഞാന്‍ റോഡരികില്‍ ഉള്ള ഒരു കടയില്‍ പോയി ചായ കുടിച്ച് ഭര്‍മോര്‍ പട്ടണം കാണാന്‍ ഇറങ്ങി. ഒരു ഉത്സവ പ്രതീതിയാണ് ഇവിടം മുഴുവന്‍. റോഡില്‍ മുഴുവന്‍ തിരക്കാണ്. ഒരു വശം മുഴുവന്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ലക്‌ഷ്യം ഒന്നു തന്നെ. മണിമഹേഷ് കൈലാസ ദര്‍ശനം. രണ്ടിടത്ത് ലങ്കറുകള്‍ കണ്ടു. അവിടെയൊക്കെ ശിവ-പാര്‍വതിമാരുടേയും കൈലാസത്തിന്‍റെയും ഫോട്ടോ വെച്ച് ഗന്ധ-പുഷ്പ-ദീപ-ധൂപാദികള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഉറക്കെ വെച്ച പാട്ടുകള്‍ ആണ് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടാതെ ഇരുന്നത്. എന്‍റെ കണ്ണില്‍ ഭക്തി വരുന്നത് തികച്ചും പ്രകൃതിദത്തമായ നിശബ്ദമായ അന്തരീക്ഷത്തില്‍ ആണ്. കേട്ടാല്‍ അറിയാതെ ചുവടു വെച്ച് പോകുന്ന പാട്ടുകളില്‍ എനിക്ക് ഒരു കാലത്തും ഭക്തി തോന്നിയിട്ടില്ല. പക്ഷേ എനിക്കങ്ങനെ അതൃപ്തി തോന്നുന്നതില്‍ അര്‍ത്ഥമില്ല. ഓരോ സ്ഥലത്തും ഓരോ രീതി ആണല്ലോ, ഒരു പക്ഷേ ശിവതാണ്ഡവത്തെ അനുസ്മരിപ്പിക്കുന്നത് ആവാം ഈ പാട്ടുകള്‍.. കാരണം ചിലയിടങ്ങളില്‍ ആളുകള്‍ ചെറു കൂട്ടങ്ങളായി നിന്ന് ഈ പാട്ടുകള്‍ക്ക് ചുവടു വെയ്ക്കുന്നുണ്ട്.  

യാത്രയില്‍ ഏറെ ലങ്കറുകള്‍ കണ്ടെങ്കിലും ഒന്നില്‍ കയറാന്‍ സാധിച്ചത് ഇപ്പോഴാണ്‌. അടുക്കി വെച്ചിരിക്കുന്ന പ്ലേറ്റുകളില്‍ ഒന്നെടുത്തു ഭക്ഷണം വിളമ്പുന്ന സ്ഥലത്ത് ചെന്നാല്‍ അവര്‍ വിളമ്പി തരും. ചോറ്, പരിപ്പ് കറി, തോരന്‍ എന്ന് വിളിക്കാവുന്ന ‘സൂഖാ സബ്ജി’, ചപ്പാത്തി, അതിനു പാകത്തില്‍ ഒരു മസാലക്കറി, അച്ചാര്‍, ഒരു മധുരവിഭവം. സൌജന്യമായി ആയിരങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണം തീരെ മോശമല്ല.

ലങ്കറിലെ ഭക്ഷണം



ഭക്ഷണത്തിനുള്ള ക്യൂ

 

പക്ഷേ പ്ലേറ്റുകള്‍ കഴുകുന്ന രീതി തീരെ തൃപ്തികരമല്ലായിരുന്നു. വെള്ളം നിറച്ച 3 വലിയ പാത്രങ്ങളില്‍ മുക്കിയെടുക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. വൃത്തി പോരെന്നു തോന്നിയാല്‍ നമുക്ക് കൂടുതല്‍ കഴുകാം എന്നൊരു സൗകര്യം ഉണ്ട്.

വിശദമായ പട്ടണ ദര്‍ശനം നാളെ പകല്‍ വെളിച്ചത്ത് ആകാമെന്ന് കരുതി വേഗം റൂമില്‍ പോയി കിടന്നു.

അടുത്ത  ഭാഗം വായിക്കുവാന്‍  ഇവിടെ അമര്‍ത്തുക... ഭാഗം 2 

Comments

  1. നന്നായി ഈ യാത്ര.. എനിക്കും മോഹമുണ്ട്.. ♥️♥️🙏🙏

    ReplyDelete
    Replies
    1. അടുത്ത കൊല്ലം തന്നെ നടക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ

      Delete

Post a Comment

Popular posts from this blog

To Lakshadweep- In Rough Seas

മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 3