മണിമഹേഷ് കൈലാസത്തിലേക്ക് - ഭാഗം 2
നിലവറ പോലുള്ള റൂമില്‍ കിടക്കുമ്പോള്‍ പുറത്തെ അന്തരീക്ഷം എന്താണെന്ന് ഉള്ളതിന്‍റെ ചെറിയ ഒരു ലാഞ്ചന പോലും കിട്ടിയിരുന്നില്ല. ആകാംക്ഷയോടെ പുറത്തു വന്നു നോക്കിയപ്പോള്‍ നല്ല നീല ആകാശവും തെളിമയുള്ള കാഴ്ചകളും ആണ് കണ്ടത്. മനസ്സിന് വളരെ സന്തോഷം തോന്നി. ഇന്നലെ കഴുകിയിട്ട ഡ്രസ്സുകള്‍ താമസിച്ച ഹോട്ടലിന്‍റെ ടെറസില്‍ കൊണ്ട് ഇട്ടപ്പോള്‍ കുറച്ചു നേരം മുന്നിലെ മലകളെ നോക്കി നിന്ന് പോയി. അവയ്ക്ക് വല്ലാത്ത ഒരു ഗംഭീര ഭാവം ആണ്. മലകളില്‍ അങ്ങിങ്ങായി കാണുന്ന വീടുകള്‍ മനസ്സില്‍ ഒരു അത്ഭുതം ആണ് ഉണ്ടാക്കിയത്. ടാറിട്ട റോഡില്‍ നിന്ന് ഒറ്റയടി പാതയില്‍ കൂടി കുറച്ചു ഉയരം നടന്നു കയറിയാല്‍ മാത്രമാണ് അതില്‍ പല വീടുകളിലേക്കും എത്തുക. അവരുടെ ജീവിതം എങ്ങനെയായിരിക്കും എന്നത് ആലോചിച്ചാല്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ്. ഹോട്ടലുകാരന്‍ പറഞ്ഞത് അനുസരിച്ച് ആ ഉയരങ്ങളില്‍ മഞ്ഞു കാലത്ത് നല്ല രീതിയില്‍ മഞ്ഞു വീഴ്ച ഉണ്ട് എന്നാണ്. നടവഴി ഒന്നും ഉപയോഗിക്കാന്‍ പറ്റാത്ത ആ കാലത്തും അവര്‍ വീട്ടില്‍ ഏകാന്ത വാസം നയിക്കുമോ അതോ മറ്റെവിടെയെങ്കിലും പോകുമോ എന്നൊരു ചിന്ത ഉള്ളില്‍ തോന്നി. എന്തായാലും കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഇന്നത്തെ പ...